1 GBP = 104.01
breaking news

ബന്ധു നിയമന വിവാദം; കെ ടി അദീപ് രാജി വച്ചു

ബന്ധു നിയമന വിവാദം; കെ ടി അദീപ് രാജി വച്ചു

തിരുവനന്തപുരം:മന്ത്രി കെ.ടി. ജലീലിനെയും സർക്കാരിനെയും ചുഴറ്റിയടിച്ച ബന്ധുനിയമന വിവാദത്തിന് തൽക്കാല വിരാമമിട്ട് ജലീലിന്റെ ബന്ധു കെ.ടി. അദീബ‌് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്ത് നിന്ന് രാജിവച്ചു.

ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിന് നിയമവിരുദ്ധമായി നിയമനം നൽകിയെന്ന ആരോപണവുമായി യൂത്ത് ലീഗ് രംഗത്തു വന്നതോടെയാണ് വിവാദമായത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം മന്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു.

ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർക്ക‌ാണ് ഇ മെയിലിലൂടെ അദീബ് രാജികത്ത‌് നൽകിയത്. ഇന്ന് ചേരുന്ന കോർപറേഷൻ ഡയറക്ടർ ബോർഡ് യോഗം രാജിക്കത്ത് ചർച്ചയ്ക്കെടുക്കും.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോഴിക്കോട് റീജിയണൽ ഓഫീസിൽ സീനിയർ മാനേജർ തസ്തികയിലിരിക്കേയാണ് അദീബ് വിവാദ തസ്തികയിലേക്ക് വന്നത്.

പരസ്യം നൽകി അപേക്ഷ ക്ഷണിക്കാതെ പത്രക്കുറിപ്പ് ഇറക്കി ഉദ്യോഗാർത്ഥികളെ ക്ഷണിക്കുകയും അഭിമുഖത്തിനു പോലും വരാത്ത അദീബിനെ ക്ഷണിച്ചു കൊണ്ടുവന്ന് നിയമനം നൽകുകയും ചെയ്തതാണ് വൻ വിവാദമായത്. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഡെപ്യൂട്ടേഷൻ നൽകുന്നതിനു പകരം സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ബാങ്കിൽ നിന്നാണ് ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതെങ്കിലും അതിന് നിയമസാധുത ഉണ്ടെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സർക്കാരിന് അതിന് അധികാരം ഉണ്ടെന്നായിരുന്നു മന്ത്രി ജലീൽ വാദിച്ചത്.

നിയമന യോഗ്യതയിൽ ബി. ടെക് ഉൾപ്പെടുത്തിയതു പോലും അദീബിനുവേണ്ടിയാണെന്നും ആരോപണം ഉയർന്നിരുന്നു. അബീദ് ഹാജരാക്കിയ അണ്ണാമല യൂണിവേഴ്സിറ്റിയുടെ പോസ്റ്റുഗ്രാജ്വേറ്റ് ഡിപ്ളോമയ്ക്ക് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയുടെയും അംഗീകാരമില്ലെന്ന ആക്ഷേപമാണ് ഏറ്റവും ഒടുവിൽ ഉയർന്നത്.

ന്യൂനപക്ഷ വിഭാഗത്തിലെ പിന്നാക്കക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് കുറഞ്ഞ വേതനമായിട്ടുപോലും ന്യൂനപക്ഷധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനം ഏറ്റെടുത്തത‌െന്നും എന്നാൽ, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഡെപ്യൂട്ടേഷൻ നിയമനം വിവാദമാക്കിയ സാഹചര്യത്തിൽ തുടരാൻ താത്പര്യമില്ലെന്ന‌ുമാണ് രാജിക്കത്തിൽ അദീബ‌് വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more