1 GBP = 104.21
breaking news

പുത്തന്‍ ആവേശവുമായി യുക്മ വെയ്ല്‍സ് റീജിയണ്‍; റീജിയണല്‍ കായികമേള സംഘടിപ്പിച്ച് പുതു നേതൃത്വം മാതൃകയാകുന്നു; എസ് എം എ ചാമ്പ്യന്മാര്‍; സി എം എ റണ്ണേഴ്‌സ് അപ്‌

പുത്തന്‍ ആവേശവുമായി യുക്മ വെയ്ല്‍സ് റീജിയണ്‍; റീജിയണല്‍ കായികമേള സംഘടിപ്പിച്ച് പുതു നേതൃത്വം മാതൃകയാകുന്നു; എസ് എം എ ചാമ്പ്യന്മാര്‍; സി എം എ റണ്ണേഴ്‌സ് അപ്‌

യുക്മ വെയ്ല്‍സ് റീജിയണ്‍ പുതു നേതൃത്വം മാതൃകയാകുന്നു. വെയ്ല്‍സ് റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നവജീവന്‍ നല്കിക്കൊണ്ട് റീജിയണല്‍ കായികമേള സംഘടിപ്പിച്ചത് ഏറെ ആവേശത്തോടെയാണ് അംഗ അസോസിയേഷനുകള്‍ സ്വീകരിച്ചത്. റീജിയണിലെ ശക്തരായ അസോസിയേഷനായ സ്വാന്‍സി മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ച കായികമേളയില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്തതും ഏറെ ശ്രദ്ധേയമാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്‌ട്രേഷനോട് കൂടിയായിരുന്നു കായികമേളയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കായികമേളയുടെ ഉദ്ഘാടനം നടന്നു. യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു ആണ് കായികമേള ഫ്‌ലാഗ് ഓഫ് ചെയ്തത്. റീജിയണല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യുക്മ മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ ആശംസകള്‍ അര്‍പ്പിച്ചു. റീജിയണല്‍ ഭാരവാഹികളായ സിബി ജോസഫ് പറപ്പള്ളി, ജയകുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മത്സര സജ്ജരായി ഒരുങ്ങി വന്ന കായിക താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ തീരുമാനിച്ച് അണിനിരന്നപ്പോള്‍ ഓരോ മത്സരവും അത്യന്തം വീറും വാശിയും നിറഞ്ഞതായി. കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനം കൂടിയായപ്പോള്‍ മത്സരങ്ങള്‍ ആവേശഭരിതമായി. ട്രാക്ക് ഇനങ്ങളിലെ മത്സരങ്ങളുടെ ശേഷം നടന്ന വടംവലി മത്സരം റീജിയണിലെ കരുത്തന്മാരുടെ പ്രകടനത്തിന്റെ നേര്‍ക്കാഴ്ചയായി മാറി. വടംവലിയില്‍ ആതിഥേയ അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ട്രോഫി കരസ്ഥമാക്കിയത് കാര്‍ഡിഫ് മലയാളി അസോസിയേഷനാണ്.

സ്വാന്‍സി മലയാളി അസോസിയേഷന്‍ നല്‍കിയ മികച്ച ആതിഥ്യം കായികമേളയുടെ മറ്റൊരു സവിശേഷതയായി മാറി. ചരിത്രത്തിലാദ്യമായി ഒരു റീജിയണല്‍ കായികമേളയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കുക വഴി ആതിഥ്യമര്യാദയുടെ അവസാന വാക്കായി സ്വാന്‍സി മലയാളി അസോസിയേഷന്‍ മാറുകയുണ്ടായി.

മത്സരത്തില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ ശക്തമായ മത്സരം കാഴ്ച വച്ച കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ കേവലം മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ ആണ് റണ്ണേഴ്‌സ് അപ്പ് ആയി മാറിയത്. വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. മെല്‍വിന്‍ ജോണ്‍ (എസ്എംഎ), ഫിയ പോള്‍ (സി എം എ), ജോഷ്വ ബോബി (സിഎംഎ), മരിയ ടോമി (എസ്എംഎ), ജിയോ റെജി (എസ്എംഎ), ലൗബി ബിനോജി (എസ്എംഎ), ജസ്റ്റിന്‍ (സിഎംഎ), ബിജു പോള്‍ (സിഎംഎ), സിസി വിന്‍സെന്റ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി.

റീജിയണല്‍ മത്സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ 24ന് മിഡ്‌ലാന്‍ഡ്‌സില്‍ നടക്കുന്ന നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എല്ലാ വിജയികള്‍ക്കും ട്രോഫിയും മെഡലുകളും വിതരണം ചെയ്തതോടെ അത്യന്തം മനോഹരമായ ഒരു കായികമേളയ്ക്ക് സമാപനം കുറിച്ചു. ബിജു മാത്യു, ജേക്കബ് ജോണ്‍, ജിജി ജോര്‍ജ്ജ്, ലിസി റെജി, സിബി ജോസഫ്, ജയന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കായികമേളയെ ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more