1 GBP = 104.01
breaking news

നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വിഎസ്; ഖേദകരമായ സംഭവമെന്ന് കാനം – ഇടത് ഇടപെടൽ വേണമെന്ന് ബല്‍‌റാം

നടിമാരുടെ രാജി ധീരമായ നടപടിയെന്ന് വിഎസ്; ഖേദകരമായ സംഭവമെന്ന് കാനം – ഇടത് ഇടപെടൽ വേണമെന്ന് ബല്‍‌റാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് രാജിവച്ച നടിമാരെ പിന്തുണച്ച് ഭരണപരിഷ്‌കാ‍ര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.

നാലു നടിമാരുടെയും രാജി ധീരമായ നടപടിയാണെന്നു വിഎസ് പറഞ്ഞു. സ്വന്തം അംഗങ്ങളുടെ അവകാശങ്ങൾക്ക് ‘അമ്മ’ സ്വാതന്ത്യമോ പരിഗണനയോ നൽകുന്നില്ല. സിനിമാവ്യവസായത്തിനു സംഘടന ഗുണം ചെയ്യില്ല. രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായും അദേഹം പറഞ്ഞു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. താരസംഘടനയില്‍ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ സംഘടനയുടെ ആഭ്യന്തര പ്രശ്നമാണ്. രാജിവയ്ക്കണോ എന്നത് ജനപ്രതിനിധികളായ നടന്മാരുടെ സ്വാതന്ത്ര്യമാണെന്നും കാനം പറഞ്ഞു.

അമ്മയുടെ നിലപാടുകൾക്കെതിരെ പത്തു വർഷം മുമ്പ് പ്രതിഷേധിച്ച വ്യക്തിയാണ് താൻ. തിലകന് വിലക്ക് വന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്നു പോരാടി നഷ്ടപരിഹാരം വാങ്ങിക്കൊടുത്തു. അന്നാരും തന്റെ കൂടെ നിന്നിട്ടില്ലെന്നും കാനം ചൂണ്ടിക്കാട്ടി. ഈ സംഭവത്തിന്റെ പേരിൽ ഇടത് എംഎൽഎമാർ രാജി വച്ച് പോകേണ്ട കാര്യമില്ല. മുന്നണി തീരുമാനങ്ങളൊന്നും അവർ ലംഘിച്ചിട്ടില്ല. ഇത് അവരുടെ സംഘടനയുടെ ആഭ്യന്തരപ്രശ്നം മാത്രമാണെന്നും കാനം പറഞ്ഞു.

നടിമാർ ഉന്നയിച്ച വിഷയങ്ങളിൽ ഇടതുമുന്നണി രാഷ്ട്രീയമായിത്തന്നെ ഇടപെടണമെന്ന് വിടി ബൽറാം എംഎഎൽഎ ആവശ്യപ്പെട്ടു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാലുനടിമാര്‍ രാജിവച്ചത്. ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more