1 GBP = 104.38
breaking news

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ സാജന്‍ സത്യന്‍

‘അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും’ പാര്‍ലമെന്റ് ഇലക്ഷനെക്കുറിച്ച് യുകെ മലയാളികള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് യുക്മ ന്യൂസില്‍ സാജന്‍ സത്യന്‍

ചിന്തിക്കൂ വോട്ടു അത് അവകാശമാണ്, അത് ക്രിയാത്മകമായി ഉപയോഗിക്കൂ.. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാകൂ.

സാജന്‍ സത്യന്‍

1991 ലെ കേരളരാഷ്ട്രീയമാണ് തെരേസ മെയ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. ജില്ലാ കൗണ്‍സിലുകളില്‍ നേടിയ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെ സ.ഇ കെ നായനാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസാനിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ആ തിരഞ്ഞെടുപ്പില്‍ കെ കരുണാകരന്‍ കിംഗ് മേക്കര്‍ ആയ കഥ കേരള ജനത മറന്നു കാണാന്‍ ഇടയില്ല. അതെ ആത്മവിശ്വാസത്തോടെയാണു ബ്രക്‌സിറ്റിന്റെ ബലത്തില്‍, കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ കോട്ടകളില്‍ പോലും വന്‍ ഭൂരിപക്ഷത്തില്‍ കിട്ടിയ വിജയം ഉപയോഗപ്പെടുത്തുവാന്‍ വേണ്ടിയും ജെറിമി കോര്‍ബിന്‍ എന്ന നേതാവിനെതിരെ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ നടന്ന പടയൊരുക്കം മുതലാക്കുവാന്‍ വേണ്ടിയും ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയും ശ്രമിക്കുന്നത്. പഴയ കേരള രാഷ്ട്രീയം ബ്രിട്ടനില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നാണു ഇലക്ഷന്‍ പ്രചാരണങ്ങളില്‍ ജെറിമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടി നേടിയ മുന്‍തൂക്കം വ്യക്തമാക്കുന്നത്.

അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചിലത് കൂട്ടി വായിക്കുമ്പോള്‍ സാധാരണക്കാരനു നല്ലതു ലേബര്‍ പാര്‍ട്ടി ഭരണചക്രം തിരിക്കുന്നതുതന്നെയാണു എന്നാണു ‘വര്‍ക്കിംഗ് ക്ലാസ്’ എന്ന ഭൂരിപക്ഷവിഭാഗത്തില്‍പെട്ട ഒരു വ്യക്തി എന്ന നിലയില്‍ എന്റെ അഭിപ്രായം. ചിലകാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടു എന്റെ കാഴ്ചപ്പാട് വിശദമാക്കാം.

റ്റിയൂഷന്‍ ഫീസ് കുറക്കും എന്ന് വാഗ്ദാനവുമായി ജനങ്ങളെ സമീപിച്ചു വോട്ടുനേടിയ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ടോറികളുമായി ചേര്‍ന്ന് ഗവണ്‍മന്റ് ഉണ്ടാക്കിയപ്പോള്‍ വീണുകിട്ടിയ അപ്പകഷണത്തിനുവേണ്ടി വാഗ്ദാനങ്ങളെ പാടെ അവഗണിച്ചുകൊണ്ട് ജനവഞ്ചനകാട്ടുകയും സമൂഹത്തെ അപ്പര്‍ ക്ലാസ്സും ലോവര്‍ ക്ലാസ്സുമായി തരംതിരിക്കുക എന്ന ടോറികളുടെ അപ്രഖ്യാപിതമായ നയത്തിനു കുടപിടിക്കുകയും ചെയ്തത് ബ്രിട്ടീഷ് ജനത മറന്നിട്ടുണ്ടാവില്ല. അതിനു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് വില നല്‍കേണ്ടിവന്നത് നാം കണ്ടു. ഇപ്പോള്‍ കോര്‍ബിയന്‍ ഇതേവാഗ്ദാനം ആവര്‍ത്തിക്കുമ്പോള്‍ ലിബറല്‍ ഡെമോക്രാറ്റിക്കിന്റെ അനുഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ എടുക്കും എന്നാണു ഞാന്‍ കരുതുന്നത്.

പൊതുജനാരോഗ്യ മേഖലയില്‍ ലോകത്തിനു തന്നെ അസൂയയുളവാക്കുന്ന സംവിധാനമാണ് എന്‍ എച്ച് എസ് എന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. കഴിഞ്ഞ ടോറി ഭരണകാലം പരിശോധിച്ചാല്‍ മനസ്സിലാകും എന്‍ എച്ച് എസ് സ്വകാര്യവല്‍ക്കരണത്തിലേക്കു പതിയെ നടന്നടുക്കുന്നതായി. ഇനിയും ഒരു ടോറി ഭരണകാലം വന്നാല്‍ സംശയിക്കേണ്ട, എന്‍ എച്ച് എസ് എന്ന 1948 ല്‍ നിലവില്‍ വന്ന ഈ സംവിധാനം ഒരു ഓര്‍മ്മ മാത്രം ആയി മാറും. വര്‍ഷാവര്‍ഷം നല്ലൊരുതുക എന്‍ എച്ച് എസ് നു വേണ്ടി മാറ്റിവയ്ക്കുന്നു എന്ന് പറയുന്നു എങ്കിലും മറ്റൊരുവശത്തുകൂടി എങ്ങനെ തകര്‍ക്കാം എന്നതാണ് ടോറി അജണ്ട. “Sustainability and transformation partnerships” (STPs) എന്ന ഓമനപ്പേരില്‍ നിലവിലുള്ള സംവിധാനത്തെ എങ്ങനെ തകര്‍ക്കാം എങ്ങനെ സ്വകാര്യവത്ക്കരിക്കാം എന്ന നിര്‍ദ്ദേശങ്ങള്‍ വന്നിട്ട് അധിക കാലമായിട്ടില്ല. അത് പരിശോധിച്ചാല്‍ മനസ്സിലാകും ആരോഗ്യമേഖലയോടുള്ള ടോറി നിലപാട്. ഇപ്പോള്‍ തന്നെ പല സേവനങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കൊടുത്തുകഴിഞ്ഞു എന്‍ എച്ച് എസ് മുഖം മൂടി ഉള്ളതിനാല്‍ പൊതുജനം അറിയുന്നില്ല എന്നേ ഉള്ളൂ . ‘ഫ്രീ അറ്റ് ദി പോയിന്റ് ഓഫ് കെയര്‍ ‘ എന്ന എന്‍ എച്ച് എസ് ആപ്തവാക്യം നിലനില്‍ക്കണമെങ്കില്‍, തകരാതിരിക്കണമെങ്കില്‍, സ്വകാര്യവല്‍ക്കരിക്കപ്പെടാതിരിക്കണമെങ്കില്‍ , അതിനു ജെറെമി കോര്‍ബിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് മാത്രമേ കഴിയൂ എന്ന് നിസ്സംശയം പറയാം.

ഇനി കുടിയേറ്റ വിഭാഗത്തോടുള്ള ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍. കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കുടിയേറ്റ മേഖലയോടുള്ള ചിറ്റമ്മ നയങ്ങളും കഴിഞ്ഞ ഏഴു വര്‍ഷം നാം കണ്ടതാണല്ലോ. ആ അവജ്ഞയും രണ്ടാംതരം പൗരന്മാരാണെന്നുള്ള ടോറി നിലപാടുകളും ഇലക്ഷന്‍ സമയത്തു സാരി ഉടുത്തതുകൊണ്ടോ ഹിന്ദി പാട്ടുകള്‍ പാടിയതുകൊണ്ടേ മാറുന്ന ഒന്നാണെന്ന് തോന്നുന്നില്ല. ഈ വിഷയത്തിലും ജെറിമി കോര്‍ബിന്റെ നിലപാടുകളോട് യോജിക്കേണ്ടി വരുന്നു. ആരെയും തഴയാത്ത ഒരു സുതാര്യ ബ്രിട്ടണ്‍ അതാകട്ടെ ഭാവി.

ഇനി ബ്രെക്‌സിറ്റിനോടുള്ള നിലപാട് വളരെ ശക്തമായ ഭാഷയിലാണ് ബ്രെക്‌സിട് എങ്ങനെയായിരിക്കണം എന്ന് ലേബര്‍ മാനിഫെസ്‌റ്റോ പറയുന്നത്. അതില്‍ പ്രധാനമായി പറയേണ്ട ഒന്നാണ് ജോലിസ്ഥലത്തും ഉപഭോക്തൃ അവകാശങ്ങളും,പാരിസ്ഥിതിക സംരക്ഷണവുമായി ബന്ധപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ നിലനിര്‍ത്തും എന്നത്. തൊഴിലാളി ക്ഷേമത്തിന്നാണ് ലേബര്‍ എന്നും മുന്‍ഗണന നല്‍കുന്നത് എന്നല്ലേ ഈ നിലപാട് വ്യക്തമാക്കുന്നത്.

ടോറി നയങ്ങളുടെ തിക്തഫലം കഴിഞ്ഞ കുറെ വര്ഷങ്ങളായി നാം അനുഭവിക്കുന്നു നേഴ്‌സ്മാര്‍ ഉള്‍പ്പെടയുള്ള എന്‍ എച്ച് എസ് തൊഴിലാളികളുടെ വേതനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ജോലിഭാരം പതിന്മടങ്ങു വര്‍ധിക്കുകയും ഉണ്ടായി. ഇത് ചോദ്യം ചെയ്ത ഒരു നഴ്‌സിനോട് തെരേസ മെയ് കഴിഞ ദിവസം തട്ടിക്കയറിയ വാര്‍ത്ത നാം കണ്ടുവല്ലോ.
ലേബര്‍ മാനിഫെസ്‌റ്റോ പരിശോധിച്ചാല്‍ മനസ്സിലാകും, എന്നും എപ്പോഴും സാധാരണകാരനോടൊപ്പം നിലനില്‍ക്കുന്ന, സാധാരണക്കാരനുവേണ്ടി നയങ്ങള്‍ രൂപീകരിക്കുന്ന, തൊഴിലാളിവര്‍ഗ്ഗത്തിനൊപ്പം എന്നും നിലകൊള്ളുന്ന ലേബര്‍ പാര്‍ട്ടിക്കും ജെറിമി കോര്‍ബിനും മാത്രമേ സുസ്ഥിരമായ ഒരു ഭരണം കാഴ്ചവെക്കാനും ഒപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും കഴിയൂ എന്നത്. അത് തന്നെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും ജൂണ്‍ 8 അടുക്കുന്തോറും ജെറിമി നമ്പര്‍ 10 ലേക്കും നടന്നടുത്തുകൊണ്ടിരിക്കുന്നു. ചിന്തിക്കൂ വോട്ടു അത് അവകാശമാണ്, അത് ക്രിയാത്മകമായി ഉപയോഗിക്കൂ.. രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളിയാകൂ.

സാമൂഹ്യ പ്രവര്‍ത്തകനായ ലേഖകന്‍ മുന്‍ യുക്മ യോര്‍ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more