1 GBP = 104.17
breaking news

മലേഷ്യയിൽ മരിച്ചത് കൊലയാളി ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെർലിൻ

മലേഷ്യയിൽ മരിച്ചത് കൊലയാളി ഓമനയല്ല, തിരുവനന്തപുരം സ്വദേശി മെർലിൻ

തിരുവനന്തപുരം: മലേഷ്യയിൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചത് രണ്ട് പതിറ്റാണ്ട് മുൻപ് കാമുകനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ കേസിൽ ജീവപര്യന്തം ശിക്ഷയ്‌ക്കിടെ പരോളിൽ ഇറങ്ങി മുങ്ങിയ പയ്യന്നൂരിലെ ഡോ. ഓമനയല്ലെന്ന് പൊലീസ് ഉറപ്പിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി മെർലിൻ റൂബിയാണ് (37) മരിച്ചതെന്ന് ഇന്റലിജൻസ് കണ്ടെത്തി.

ഒരുമാസത്തോളം മൃതശരീരം തിരിച്ചറിയാനാവാതെ മോർച്ചറിയിൽ കിടന്നു. ആളെ തിരിച്ചറിയാനായി മലേഷ്യൻ എംബസി കഴിഞ്ഞ 25ന് മലയാള പത്രത്തിൽ പരസ്യം നൽകി. പതിനാറ് വർഷമായി പൊലീസിനെ വെട്ടിച്ചു നടക്കുന്ന ഡോ.ഓമനയുമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടതിനെത്തുടർന്ന് പയ്യന്നൂർ പൊലീസ് ഓമനയുടെ ബന്ധുക്കളെ കണ്ട് വിവരം തിരക്കി. ചിത്രത്തിന് ഓമനയുമായി സാദൃശ്യമുണ്ടെന്ന് സഹോദരൻ പറഞ്ഞു. ഓമനയുടെ തിരുവനന്തപുരത്തുള്ള മകളെ പൊലീസ് ബന്ധപ്പെട്ടു. ചിത്രം വാട്സ് ആപിൽ നൽകി. സാദൃശ്യമുണ്ടെന്നായിരുന്നു മകളുടെയും മൊഴി. തന്നെ അവസാനം വിളിച്ചത് 2009ൽ മലേഷ്യയിൽ നിന്നാണെന്നും മകൾ വിവരം നൽകി. ഇതേത്തുടർന്നാണ് മരിച്ചത് ഓമനയാണോയെന്ന് പൊലീസ് അന്വേഷണം തുടങ്ങിയത്.

മാസങ്ങൾക്ക് മുൻപ് മരിച്ച മെർലിന്റെ മൃതദേഹം ഏറെ വൈകിയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. പാസ്‌പോർട്ടുമായെത്തി മൃതദേഹം ഏറ്റുവാങ്ങി ഒക്ടോബർ 18ന് തിരുവനന്തപുരത്ത് എത്തിച്ച് സംസ്കാരവും നടത്തി. ഇക്കാര്യങ്ങൾ സംസ്ഥാന ഇന്റലിജൻസാണ് കണ്ടെത്തിയത്. മലേഷ്യൻ ഹൈകമ്മിഷൻ പരസ്യം നൽകാൻ വൈകിയതാണ് ആശയക്കുഴപ്പമുണ്ടായത്. മെർലിന്റെ മൃതശരീരം സംസ്‌കരിച്ച ശേഷമാണ് പരസ്യം വന്നത്. മരിച്ചത് ഓമനയല്ലെന്ന് ഉറപ്പിച്ചതായും ഇക്കാര്യം ഊട്ടി ക്രൈംബ്രാഞ്ചിനെ അറിയിച്ചതായും കണ്ണൂർ എസ്.പി ജി.ശിവവിക്രം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more