1 GBP = 104.15
breaking news

‘പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവര്‍ നമ്മള്‍….. കൈകോര്‍ക്കാം ഒന്നാകാം… അഭിമാനിക്കാം’- നഴ്‌സസ് ദിനത്തില്‍ യു എന്‍ എഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയുടെ സന്ദേശം

‘പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവര്‍ നമ്മള്‍….. കൈകോര്‍ക്കാം ഒന്നാകാം… അഭിമാനിക്കാം’- നഴ്‌സസ് ദിനത്തില്‍ യു എന്‍ എഫ് കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയുടെ സന്ദേശം

യുക്മ നഴ്‌സസ് ഫോറത്തിന്റെ പേരില്‍ എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനാശംസകള്‍…
ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗെയ്‌ലിന്റെ ജന്മദിനമായ മെയ് 12 ലോകം നഴ്‌സസ് ദിനമായി ആചരിക്കുന്നു . ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് എന്ന ജോലി ചെയ്യുന്നതില്‍ നാം ഓരോരുത്തര്‍ക്കും അഭിമാനിക്കാം.

ആതുരസേവ മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്‌സുമാര്‍. രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരുമായ നാം ഓരോരുത്തരും നമ്മള്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.

മൂന്നും നാലും അതിലധികവും വര്‍ഷങ്ങളിലെ പഠനകാലങ്ങളില്‍ നാം നേടുന്ന വിലമതിക്കാനാവാത്ത വിജ്ഞാനം, പരിശീലനകാലങ്ങളില്‍ നാം നേടുന്ന അമൂല്യമായ അറിവുകള്‍ എന്നിവ മൂലം ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ നമുക്ക് സാധിക്കുന്നു. അത് കുലീനമായ ഈ ജോലിയുടെ മാത്രം പ്രത്യേകതയാണ്.

നിലവിലെ രാഷ്ട്രീയ തീരുമാനങ്ങള്‍ നഴ്‌സുമാരുടെ ജോലിക്കു പ്രതികൂലമായ സാഹചര്യങ്ങള്‍ ആണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ. തൊഴിലിന്റെ ഭാഗമായുണ്ടാകുന്ന സമ്മര്‍ദ്ദത്തിന്റെ പുറമെയാണിത്. ജീവനക്കാരുടെ കുറവ് മൂലം കൂടുതല്‍ സമയം ജോലിചെയ്യേണ്ടിവരുന്ന നഴ്‌സുമാരുടെ സമ്മര്‍ദ്ദം അനുദിനം കൂടി വരുന്നു. എന്നിരുന്നാലും രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍, മറ്റുള്ളവര്‍ക്കായി നാം ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍.. നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. ഈ നല്ല ദിവസത്തില്‍, മഹത്തായ ഈ ജോലി ചെയ്യുന്നതില്‍ നമുക്ക് സന്തോഷിക്കാം, അഭിമാനിക്കാം.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് ഈ വര്‍ഷം തിരഞ്ഞെടുത്ത പ്രമേയം ‘നഴ്‌സസ്: സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്ന നേതൃത്വത്തിന്റെ ശബ്ദം’ എന്നാണ് ഈ അന്തര്‍ദേശീയ നഴ്‌സുമാരുടെ ദിവസത്തില്‍ നമ്മളുടെ ശബ്ദത്തിനു ചെവികൊടുക്കാനും നമ്മളെ അംഗീകരിക്കുവാനും ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് പ്രത്യേകം പ്രാധാന്യം നല്കിയിട്ടുണ്ട്. നമുക്ക് കൈകോര്‍ക്കാം, നാം ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കാം. അതോടൊപ്പംതന്നെ രാവും പകലും നമ്മള്‍ നമ്മുടെ കഴിവുകള്‍ ഉപയോഗിച്ചുകൊണ്ട് നമ്മുടെ പരിചരണം ആവശ്യമുള്ളവര്‍ക്ക് സുരക്ഷിതത്വവും രോഗനിര്‍മ്മാര്‍ജ്ജനവും ഉറപ്പാക്കാം. അതോടൊപ്പം വരും തലമുറയ്ക്ക് പ്രചോദനമേകുവാന്‍ അവരുമായി നമ്മുടെ നല്ല അനുഭവങ്ങള്‍ പങ്കുവെക്കാം.

എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ അവരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും യു.എന്‍.എഫ് ലക്ഷ്യമിടുന്നു. എല്ലാ മലയാളി നഴ്‌സുമാരോടും എനിക്കുള്ള എളിയ അഭ്യര്‍ത്ഥന. പ്രൊഫഷണല്‍ കാര്യങ്ങളില്‍ നമ്മുടെ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കാനും യു.എന്‍.എഫുമായി ബന്ധപ്പെട്ടുകൊണ്ടു ഈ പ്ലാറ്റ്‌ഫോമിനെ പരമാവധി ഉപയോഗിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നാണ്.

ഈ സമൂഹത്തില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്തുകൊണ്ടിരിക്കുന്ന അമൂല്ല്യമായ ഈ തൊഴിലിന്റെ പേരില്‍ എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി ഒരിക്കല്‍ കൂടി അറിയിക്കുന്നു.

സ്‌നേഹപൂര്‍വ്വം

സിന്ധു ഉണ്ണി,
നാഷണല്‍ കോര്‍ഡിനേറ്റര്‍
യു എന്‍ എഫ്.’

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more