1 GBP = 104.15
breaking news

“ഒരു കുടിയേറ്റ ജനതയുടെ ചിരകാല അഭിലാഷം പൂവണിയുന്നൂ”….

“ഒരു  കുടിയേറ്റ ജനതയുടെ  ചിരകാല അഭിലാഷം പൂവണിയുന്നൂ”….

തോമസുകുട്ടി ഫ്രാൻസിസ്

ലിവർപൂൾ: പഴമയും പാരമ്പര്യവും കൊണ്ട് ക്രൈസ്തവികതയെ പാലൂട്ടി വളർത്തിയ ഇംഗ്ലണ്ടിലെ ഒരു പഴയ തുറമുഖ പട്ടണമാണ് ലിവർപൂൾ… ആ ലിവർപൂൾ മണ്ണിലിതാ ഒരു കുടിയേറ്റ ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. കാല ദേശഭേദമന്യേ ക്രൈസ്തവ മക്കളുടെ തനതായ വിശ്വാസ അനുഷ്ഠാനങ്ങളെ തങ്ങളുടെ ഭാഗവാക്കുകളാക്കുന്ന ഈ പവിത്ര ഭൂമിയിൽ ഇതാ ലിവർപൂളിലെ സീറോ മലബാർ സഭാമക്കൾക്ക് സ്വന്തമായി ഒരു ദേവാലയം ലഭ്യമായിരിക്കുന്നു… അതെ,Liverpool Litherland ലുള്ള “OUR LADY QUEEN OF PEACE” എന്ന ദേവാലയം ലിവർപൂളിലും പരിസരപ്രദേശങ്ങളിലുമുള്ള സീറോ മലബാർ സഭാ മക്കൾക്ക് ഇനി സ്വന്തം.

ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന ഈ വലിയ ആധുനിക ദേവാലയം കേരളീയരായ സഭാമക്കൾക്ക് ഇവിടുത്തെ ലത്തീൻ കത്തോലിക്കാ സഭ വെറും ഒരു പൗണ്ടിനാണ് നൽകിയിരിക്കുന്നുവെന്നുള്ളത് തികച്ചും പ്രസ്താവ യോഗ്യമാണ്. ഏകദേശം ഒരു ഏക്കറിൽ ഏറെ വിസ്തൃതിയുള്ള ഒരു വലിയ കോമ്പൗണ്ടിനു നടുവിലായിട്ടാണ് “സമാധാനത്തിന്റെ രാജ്ഞി ” എന്ന നാമധേയത്തിലുള്ള മനോഹരമായ ഈ ദേവാലയം വിളങി നിൽക്കുന്നത്. അഞ്ഞൂറിൽ പരം വിശ്വാസികൾക്ക് ഒന്നിച്ച് തിരുക്കർമങ്ങളിൽ പങ്കുകൊള്ളാൻ വേണ്ട സ്ഥല സൗകര്യവും ഇതിനുള്ളിലുണ്ട്. ദേവാലയത്തിന് ചുറ്റും കാർപാർക്കിങ് സൗകര്യം. ദേവാലയത്തോടു ചേർന്നു തന്നെയാണ്. വൈദികർക്കള്ള താമസ സൗകര്യവും . കൂടാതെ അഞ്ഞൂറോളം പേർക്ക് പങ്കെടുക്കാൻ പറ്റുന്ന വലിയ ഹാൾ, അതിനനുസൃതമായ സ്റ്റേജുമൊക്കെ ഈ ദേവാലയത്തോട് ചേർന്നുണ്ട്. നാളെ,മാർച്ച് 25 ഞായർ ;ആഗോള ക്രൈസ്തവ സമൂഹം യേശു നാഥന്റെ ജെറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ മഹനീയമായ ഓർമ്മ പുതുക്കുന്ന “ഓശാനതിരുനാൾ”ആചരിക്കുകയാണ് . നാളെ നടത്തപ്പെടുന്ന ആഘോഷപൂർണ്ണവും, ഭക്തിസാന്ദ്രവുമായ ഓശാന തിരുനാൾ തിരുക്കർമങ്ങളിലൂടെയാണ് ലിവർപൂളിലെ സീറോ മലബാർ സഭാമക്കൾ തങളുടെ ഈ ദേവാലയത്തിലെ പ്രഥമ തിരുക്കർമ്മത്തിന് നാന്ദി കുറിക്കുന്നത്. പരിശുദ്ധ കന്യക മറിയത്തിന്റെ മംഗളവാർത്താ തിരുനാൾ ദിനവും കൂടിയായ നാളെ തന്നെ, ദൈവമാതാവിന്റെ നാമധേയത്തിലുള്ള തങ്ങളുടെ ഈ ദേവാലയത്തിൽ തിരുക്കർമ്മങൾക്ക് തുടക്കം കുറിക്കാൻ കഴിയുന്നുവെന്ന അതീവ സന്തോഷത്തിലാണ് ഇവിടുത്തെ സീറോ മലബാർ സഭാമക്കൾ . “ഇതൊരു ദൈവനിശ്ചയം തന്നെ “…നാളത്തെ സുദിനം ഈ വിശ്വാസി സമൂഹത്തിന് ഒരു ഇരട്ടി മധുരമായി മാറ്റപ്പെടുകയാണ്.

ഇതിന്റെ ഔപചാരികമായ ഉൽഘാടനം മെയ് 12ന് ശനിയാഴ്ച അഭിവന്ദ്യ പിതാക്കന്മാരുടെയും, ബഹുമാനപ്പെട്ട വൈദികരുടെയും സന്യാസിനി സമൂഹത്തിന്റെയും മഹനീയമായ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാായിരിക്കും. അന്നേദിവസം ഈ സമൂഹത്തിലെ ഒരു ഡസനോളം കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തപ്പെടുന്നതാണ് . ക്രൈസ്തവികതയുടെ ക്യാപ്പിറ്റൽ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ മണ്ണിൽ , തങ്ങൾക്ക് പൈതൃകമായി കിട്ടിയിരിക്കൂന്ന വിശ്വാസത്തിന്റെ വേരുറപ്പിക്കുവാനും അതിലൂടെ ഇങ്ങനെയൊരു വലിയ ദേവാലയം സ്വന്തമായി ലഭിക്കുവാനും കഴിഞ്ഞത് ഒരു യാദൃശ്ചികതയല്ല. മറിച്ച്, ഇതൊരു സ്വർഗ്ഗീയ നിശ്ചയം തന്നെ എന്നു ഉറപ്പിച്ചു പറയാൻ കഴിയും.. ഒന്നര പതിറ്റാണ്ടു പിന്നിടുകയാണ് കേരളീയരായ കത്തോലിക്കാ സമൂഹം ലിവർപൂളിലും പരിസര പ്രദേശങ്ങളിലും കുടിയേറിയിട്ട്.. 2001 കാലഘട്ടത്തിൽ ഒരു മലയാളി വൈദികൻ ആദ്യമായി ഇവിടെ നമ്മുടെ മാതൃ ഭാഷയിൽ തന്നെ ദിവ്യബലി അർപ്പിക്കപ്പട്ടിരുന്നൂ. പിന്നീട് 2002 ന്റെ് തുടക്കത്തോടുകൂടി ലിവർപൂളിലെ Fazakerly ഭാഗത്തും മറ്റുമായി കുടിയേറിയിരുന്നഏതാനും കുടുംബങ്ങൾ രൂപം കൊടുത്ത പ്രാർത്ഥന കൂട്ടായ്മയിലൂടെയാണ് ലിവർപൂളിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ എളിയ തുടക്കം. 2003 ജൂൺ മാസം 27 ന്ഞായർ, ലിവർപൂൾ റോയൽ ഹോസ്പിറ്റലിനോട് ചേർന്നു സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട “ദുക്റാന”തിരുനാൾ തിരുക്കർമങ്ങളിലൂടെ ഈ വലിയ സമൂഹത്തിന്റെ ഇവിടെ വരെയുള്ള വളർച്ചയുടെ, അതി നായുള്ള പ്രയാണത്തിന്റെ തുടക്കംകുറിക്കപ്പെട്ടു.. അങ്ങനെ തങ്ങളുടെ തനതായ പാരമ്പര്യ വിശ്വാസ അനുഷ്ഠാന കർമ്മങ്ങളിലൂടെ കൈവരിക്കപ്പെട്ട ആത്മീയ ഉണർവ്വിലൂടെ, അതു പകർന്നു നൽകാനെത്തിയ അജപാലകരിലൂടെ ലിവർപൂൾ കേരളാ കാത്തലിക് കമ്മ്യൂണിറ്റി (LKCC)എന്ന പേരിൽ ഒരു വലിയ വിശ്വാസ സമൂഹമായി മാറുവാൻ കഴിഞ്ഞിരിക്കുന്നു.. ഇന്ന് പൊതുവെ ലിവർപൂൾ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും Liverpool, Fazakerly, Whiston, St.Helense ,Warrington, Wigan & South Port എന്നീ വലുതും ചെറുതുംമായ സീറോ മലബാർ സഭാ മക്കളുടെ കൂട്ടായ്മയാണ്.

ഇന്ന് ഒരു ഇടയന്റെ കീഴിൽ, ഒരു വലിയ ആരാധനാലയത്തിൽ ,ബലിയർപ്പണത്തിനായി ഒത്തു ചേരുന്നത്…ഇങ്ങനെ ഒരു ദേവാലയം ഈ വലിയ സമൂഹത്തിനു സ്വന്തമാക്കാൻ നിതാന്ത പരിശ്രമം നടത്തി, ഒരു ജനതയുടെ ചിരകാലഭിലിഷം സഫലീകൃതമാക്കിയത് ഇടവക വികാരി ബഹുമാനപ്പെട്ട ജിനോ അരീക്കാട്ട് അച്ചൻ തന്നെയാണ്. ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവിന്റെ അകമഴിഞ്ഞ പിന്തുണയും, ലിവർപൂൾ ആർച്ച് ബിഷപ്പ് Most Rev. Malcolm Mahon ന്റെ യും ഇവിടുത്തെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെയും അകമഴിഞ്ഞ സഹകരണത്തിന്റെ ആകെ തുകയാണ് ഈ ആരാധനാലയം..1965ൽ പണികഴിക്കപ്പെട്ടതാണ് മനോഹരമായ ഈ ദേവാലയം. കേവലം അരനൂറ്റാണ്ടു പിന്നിടുമ്പോഴും ദേവാലയത്തിന്റെ മനോഹാരിതയ്ക്ക് തെല്ലും മങലേൽക്കാതെ പ്രശോഭിതയായി നിൽക്കുന്നുവെന്ന യാഥാർത്ഥ്യം മറച്ചു വയ്ക്കാനാവില്ല.

ഈ ദേവാലയത്തിലെ തിരുക്കർമങ്ങളുടെ ക്രമീകരണങ്ങൾക്കും മറ്റുമായി ബഹു: ജിനോ അച്ചനോടൊപ്പം റോമിൽസ് മാത്യു, പോൾ മംഗലശേരി ,ജോ ജോസഫ്, ജോർജ് ജോസഫ്, ബിനു തോമസ് എന്നീ ട്രസ്റ്റിമാരും, ഊർജ്ജസ്വലരായ ഒരു പറ്റം കമ്മറ്റിഅംഗങ്ങളും അക്ഷീണം യത്നിച്ചുവരുന്നു. ഇവരോടൊപ്പം ഈ വലിയ സമൂഹത്തിന്റെ വളർച്ചയുടെ പടവുകൾ താണ്ടാൻ ഉപകരണങ്ങളായിത്തീർന്ന മുൻകാല ഭരണസമിതി അംഗങ്ങളും ഉണർവ്വേകി നിലകൊള്ളുന്നൂ. ഇന്ന് സത്യവിശ്വാസത്തതിനുനേരെ ആധുനിക ജീവിതം ഉയർത്തുന്ന വെല്ലുവിളികൾക്കു മുന്നിൽ തങ്ങളുടെ വിശ്വാസവും പാരമ്പര്യയനുഷ്ഠാങളുമൊക്കെ ഇളം തലമുറയ്ക്ക് പകർന്നു കൊണ്ടു മുന്നോട്ടു പോകാൻ ശ്രമിക്കുകയാണ് ഇവിടുത്തെ സീറോ മലബാർ സഭാമക്കൾ.. നാളെ ഞായർ ഉച്ചകഴിഞ്ഞ് കൃത്യം 3 മണിക്ക് സമാധാനത്തിന്റെ രാജ്ഞിക്ക് ഭക്തി നിർഭരമായ ജപമാല സമർപ്പിക്കും. തുടർന്ന് 3.30ന് ആഘോഷമായ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. ദേവാലയത്തിനെ വലം വെച്ചുകൊണ്ട് കുരുത്തോല പ്രദക്ഷിണം നടത്തപ്പെടും.

വലിയ ആഴ്ചയിലെ തിരുകർമ്മങ്ങൾ.

*പെസഹാ വ്യാഴം: O4.30 pm ആരാധന, 05.30 PM വിശുദ്ധ കുർബ്ബാന

( കുട്ടികളുടെ കാലു കഴുകൽ, അപ്പം മുറിക്കൽ) വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആരാധന ആരംഭിക്കുന്നു…. രാത്രി മുഴുവൻ ആരാധന…

*ദു:ഖ വെള്ളി: രാവിലെ 09.30 ന് തിരുകർമ്മങ്ങൾ, ആഘോഷമായ കുരിശിന്റെ വഴി..

*ദു:ഖശനി: രാവിലെ 09.30 ന് വി.കുർബ്ബാന (തിരിയും വെള്ളവും വെഞ്ചിരിക്കൽ)

* ഈസ്റ്റർ കുർബ്ബാന: ശനിയാഴ്ച രാത്രി 8.00 മണിക്ക്

പുതിയ ദേവാലയത്തിന്റെ അഡ്രസ്സ്

OUR LADY QUEEN OF PEACE CHURCH, LITHERLAND

74 KIRKSTONE R0AD WEST, LITHERLAND

L21 0EQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more