1 GBP = 104.15
breaking news

തീവ്രവാദിക്ക് പകരം കുല്‍ഭൂഷണിനെ കൈമാറാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു: പാക് വിദേശ മന്ത്രി

തീവ്രവാദിക്ക് പകരം കുല്‍ഭൂഷണിനെ കൈമാറാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു: പാക് വിദേശ മന്ത്രി

ന്യൂയോര്‍ക്ക്: തീവ്രവാദിയെ മോചിപ്പിക്കുന്നതിന് പകരമായി പാകിസ്ഥാനില്‍ ചാരവൃത്തിക്ക് അറസ്റ്റിലായ ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈമാറാനുള്ള നിര്‍ദ്ദേശം ഉണ്ടായിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വെളിപ്പെടുത്തി. 2014ല്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ ആക്രമണം നടത്തിയ കേസില്‍ അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന തീവ്രവാദിയെ മോചിപ്പിക്കുന്നതിന് കൈമാറുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീവ്രവാദിയുടെ പേര് വെളിപ്പെടുത്താന്‍ ആസിഫ് തയ്യാറായില്ല. ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. അഫ്ഗാന്‍ ജയിലിലുള്ള തീവ്രവാദിയെ വിട്ടുകിട്ടാന്‍ നമ്മുടെ കൈവശമുള്ള ഭീകരനെ (കുല്‍ഭൂഷന്‍ ജാദവ്) കൈമാറാം എന്നാണ് സുരക്ഷാ ഉപദേഷ്ടാവ് എന്നോട് പറഞ്ഞത് ആസിഫ് വെളിപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും സംഘര്‍ഷവും കാരണം പാകിസ്ഥാനാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയും സമാധാനവും പുലരുന്നതിന് പാകിസ്ഥാനെക്കാള്‍ മറ്റൊരു രാജ്യത്തിനും ഒന്നും ചെയ്യാനാവില്ലെന്നും ഇന്ത്യയുടെ ഇടപെടലിനെ പേരെടുത്ത് സൂചിപ്പിക്കാതെ ആസിഫ് പറഞ്ഞു. അഫ്ഗാനില്‍ സ്ഥിതിഗതികള്‍ മോശമാവുകയാണ്. എന്നുകരുതി സൈനിക പരിഹാരമല്ല അവിടെ വേണ്ടത്. രാഷ്ട്രീയ പരിഹാരം കാണണം. അതില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കാനാവുക പാകിസ്ഥാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രാജ്യത്തിനെതിരേയും പ്രവര്‍ത്തിക്കാന്‍ പാക് മണ്ണിനെ ആരും ആയുധമാക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോയുടെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്റായി ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ വാദം. തുടര്‍ന്ന് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍, ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും ഈ വര്‍ഷം മേയില്‍ ശിക്ഷ സ്‌റ്റേ ചെയ്യുകയും ചെയ്തു. കേസില്‍ അന്തിമവിധി വരുന്നത് വരെയാണ് സ്‌റ്റേ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more