സഞ്ജു മാപ്പ് പറഞ്ഞു, കെസിഎകടുത്ത നടപടി ഒഴിവാക്കിയേക്കും


സഞ്ജു മാപ്പ് പറഞ്ഞു, കെസിഎകടുത്ത നടപടി ഒഴിവാക്കിയേക്കും

അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണിന് എതിരേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കടുത്ത നടപടിയ്ക്ക് മുതിരില്ലെന്ന് സൂചന. കെസിഎ ആസ്ഥാനത്ത് അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ ഹാജരായ സഞ്ജു തന്റെ തെറ്റ് സമ്മതിച്ച് മാപ്പ് അപേക്ഷിച്ചതോടെയാണ് നടപടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇനി മേലില്‍ ഇത്തരം പ്രവൃത്തികള്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സഞ്ജു ഉറപ്പ് നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അച്ഛനൊപ്പം സഞ്ജു കെസിഎ വൈസ് പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായുള്ള നാലംഗ അച്ചടക്ക സമിതിയ്ക്ക് മുന്‍പാകെ ഹാജരായി. കരിയറിലെ മോശം ഫോമും മാനസിക സമ്മര്‍ദ്ദവും മൂലമാണ് ഇത്തരമൊരു പെരുമാറ്റമുണ്ടായതെന്നും ആദ്യ വീഴ്ചയായി കണ്ട് മാപ്പ് നല്‍കണമെന്നും സഞ്ജു പറഞ്ഞു.

കെസിഎ പ്രസിഡന്റ് ടി.സി. മാത്യൂവിന് എതിരേ പിതാവ് നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ അറിവോടെ അല്ലെന്നും താന്‍ അതില്‍ ക്ഷമചോദിക്കുന്നതായും സഞ്ജു പറഞ്ഞു. ഒരു മണിക്കൂറോളം സഞ്ജുവുമായി സംസാരിച്ച സമിതി പിന്നീട് സഞ്ജുവിന്റെ അച്ഛന് പറയാനുള്ളതും കേട്ടു. അന്വേഷണ റിപ്പോര്‍ട്ട് കെസിഎയ്ക്ക് കൈമാറും. നടപടിയെ കുറിച്ച് കെസിഎ തീരുമാനിക്കും.

സഞ്ജുവിന്റെ കരിയറിനെ ബാധിക്കാത്ത നടപടികളാകും കെസിഎ സ്വീകരിക്കുക എന്നാണ് സൂചന. സഞ്ജുവിനെ പോലൊരു താരത്തെ ദ്രോഹിക്കണമെന്ന ചിന്ത കെസിഎയ്ക്ക് ഇല്ലെന്നും ടി.ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അച്ചടക്ക ലംഘനം അനുവദിക്കാനാകില്ലെന്നും പ്രകടനത്തോടൊപ്പം ഒരു കളിക്കാരന്‍ കാത്തുസൂക്ഷിക്കേണ്ടതാണ് അച്ചടക്കമെന്നും അദ്ദേഹം ചൂണ്ടികകാട്ടി. മുംബൈയില്‍ ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസ്സിംഗ്് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടുപോയെന്നുമാണ് ആരോപണം.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 558
Latest Updates