1 GBP = 104.15
breaking news

മന്ത്രി തോമസ് ചാണ്ടിക്ക് മാത്രമായി എന്തെകിലും പരിഗണയുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടിക്ക് മാത്രമായി എന്തെകിലും പരിഗണയുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കായൽ കൈയേറ്റ കേസിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണന എന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സാധാരണക്കാരൻ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സർക്കാരിനുള്ളതെന്നും കോടതി ചോദിച്ചു.

കൈയേറ്റ വിഷയങ്ങളിൽ സർക്കാരിന് പൊതുനിലപാടുണ്ടോ. ആര് ഭൂമി കൈയേറിയാലും മന്ത്രിയുടെ കാര്യത്തിലുള്ള നിലപാടാണോ സർക്കാരിന്റേതെന്നും കോടതി ചോദിച്ചു. പാവപ്പെട്ടവന്റെ കൈയേറ്റം ബുൾഡോസർ കൊണ്ട് സർക്കാർ ഒഴിപ്പിക്കില്ലേ?​ അങ്ങനെയെങ്കിൽ മന്ത്രിയുടെ കൈയേറ്റവും ഇതുപോലെ തന്നെയല്ലേ ഒഴിപ്പിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.

മാർത്താണ്ഡം കായൽ ഭൂമി കൈയേറിയ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗമായ ബി.കെ. വിനോദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മന്ത്രി ഡയറക്ടറായുള്ള വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കൈയേറിയ കായൽഭൂമി തിരിച്ചുപിടിക്കണം, കൈയേറ്റം കണ്ടെത്താൻ സർവേ നടത്തണം, മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

കുട്ടനാട് തഹസിൽദാരിന്റെയും കൈനകരി നോർത്ത് വില്ലേജ് ഓഫീസറുടെയും റിപ്പോർട്ടിൽ തോമസ് ചാണ്ടിയും കമ്പനിയും അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയെന്നും ഭൂവിനിയോഗ നിയമമടക്കമുള്ളവ ലംഘിച്ചെന്നും പറഞ്ഞിട്ടുണ്ടെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ആലപ്പുഴ ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, കുട്ടനാട് തഹസിൽദാർ, കൈനകരി നോർത്ത് വില്ലേജ് ഓഫീസർ, പ്രാദേശിക തല മോണിട്ടറിംഗ് കമ്മിറ്റി, പുളിങ്കുന്ന് സി.ഐ, മന്ത്രി തോമസ് ചാണ്ടി, വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഹർജിയിലെ എതിർകക്ഷികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more