1 GBP = 104.15
breaking news

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കില്ല

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കില്ല

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതി ചേര്‍ക്കില്ല. അന്വേഷണസംഘത്തിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കേസില്‍ ജോര്‍ജിനെ പ്രതിയാക്കേണ്ടതില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നല്‍കിയിരിക്കുന്ന നിയമോപദേശം. നിയമോപദേശം ഡിജിപിയുടെ ഓഫീസ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

എവി ജോര്‍ജിനെ പ്രതിയാക്കാനുതകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ വകുപ്പുതല നടപടികളുമായി മുന്നോട്ട് പോകാമെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ്പി ക്രിമിനല്‍ കുറ്റകൃത്യം നടത്തിയതായി തെളിവില്ലെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

വരാപ്പുഴ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് എവി ജോര്‍ജ് രൂപം നല്‍കിയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു. ഇവര്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി തെളിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍ടിഎഫിനെ പിരിച്ചുവിട്ടു. ഈ സാഹചര്യത്തിലാണ് എവി ജോര്‍ജിനെ പ്രതിയാക്കാനാകുമോ എന്നതില്‍ നിയമോപദേശം തേടിയത്.

സംഭവത്തില്‍ എവി ജോര്‍ജിനെ മെയ് 11 ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെ നിയമസഭിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും എവി ജോര്‍ജിനെ സംരക്ഷിക്കുന്നതായിരുന്നു. കേസില്‍ എവി ജോര്‍ജിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്.

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ ഇതുവരെ ഒന്‍പത് പൊലീസുകാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍, സ്‌റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more