1 GBP = 104.20
breaking news

അമ്മയെ കൊന്ന് കത്തിച്ചു, കൂട്ടുകാർക്കൊപ്പം ഐസ് ക്രീം കഴിച്ചു; അക്ഷയ് അറസ്റ്റിൽ 

അമ്മയെ കൊന്ന് കത്തിച്ചു, കൂട്ടുകാർക്കൊപ്പം ഐസ് ക്രീം കഴിച്ചു; അക്ഷയ് അറസ്റ്റിൽ 

തിരുവനന്തപുരം: പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വീട്ടുപറമ്പിൽ കത്തിച്ചുകൊണ്ടിരിക്കെയാണ് അക്ഷയിന് ഉറ്റസുഹൃത്ത് ഹരികൃഷ്ണന്റെ ഫോണെത്തിയത്. ഐസ് ക്രീം കഴിക്കാൻ വരുന്നുണ്ടോയെന്ന് ചോദിച്ച് തീരാത്ത താമസം. കത്തിക്കൊണ്ടിരുന്ന അമ്മയുടെ മൃതദേഹത്തിന് മേൽ ശേഷിച്ച മണ്ണെണ്ണകൂടി തൂവി വിറകും കൊതുമ്പും മൂടി കൈകാലുകൾ കഴുകിയശേഷം ബൈക്കെടുത്ത് നാലാഞ്ചിറയിലെ ഐസ് ക്രീം പാർലറിലേക്ക് പാഞ്ഞു. നാലുമണിവരെ സുഹൃത്തുക്കൾക്കൊപ്പം ഐസ് ക്രീം കഴിച്ചും കളിതമാശകൾ പറഞ്ഞ് ചിരിച്ചുല്ലസിച്ചും കഴിഞ്ഞു.

നഗരത്തിലെ ഒരു തീയറ്ററിൽ സിനിമ കഴിഞ്ഞ് വീട്ടിൽ വന്നശേഷമുണ്ടായ അരുതാത്ത സംഭവങ്ങളുടെ ഭാവഭേദങ്ങളൊന്നും അക്ഷയിന്റെ മുഖത്ത് ആർക്കും ദർശിക്കാൻ കഴിഞ്ഞില്ല. ഐസ്ക്രീം നുണഞ്ഞു കഴിഞ്ഞ് കൂട്ടുകാർ പിരിയാൻ തീരുമാനിച്ചതോടെ അക്ഷയും വീട്ടിൽ മടങ്ങിയെത്തി. കുളിമുറിയ്ക്ക് സമീപത്ത് അമ്മയ്ക്ക് തീർത്ത ചുടലയിൽ നിന്ന് അപ്പോഴും തീയും പുകയും ഉയർന്നുകൊണ്ടേയിരുന്നു. ഒരിക്കൽ കൂടി അവിടെചെന്ന് ശരീരം മുഴുവൻ കത്തിയോയെന്ന് നോക്കിയശേഷം ചുറ്റും ചിതറിക്കിടന്ന വിറകും കൊതുമ്പും അഗ്നികുണ്ഠത്തിലേക്ക് വലിച്ചിട്ടശേഷം തൊട്ടടുത്ത കുളിമുറിയിൽ കയറി കുളിച്ച് വൃത്തിയായി വീട്ടിൽ കയറി കതകടച്ചു.

സന്ധ്യാനേരമായതോടെ വീട്ടിലെ പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി പ്രാ‌ർത്ഥിച്ചു. പ്രാർത്ഥനയ്ക്കുശേഷം അമ്മയുടെ പ്രാണൻ പിടഞ്ഞ വീട്ടിലെ ഡൈനിംഗ് ഹാളിൽ അമ്മ തയ്യാറാക്കി വച്ചിരുന്ന ചോറും കറികളും വിളമ്പികഴിച്ചു. സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോൺ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ കുറ്റബോധമോ വിഷമമോ ഒന്നും തോന്നാതെ ബെഡ് റൂമിൽ കയറി കിടന്നു. കാട് കയറിയ ചിന്തകൾക്കിടയിൽ എപ്പോഴോ ഉറക്കം കണ്ണുകളിൽ കൂടുകെട്ടി. നേരം പുലരുവോളം ബോധമില്ലാതെ ഉറങ്ങി.
നേരം വെളുക്കുംമുമ്പേ കിടക്കവിട്ടുണർന്ന അക്ഷയ് വീണ്ടും ബന്ധു്ക്കളിൽ പലരേയും വിളിച്ച് അമ്മ അവിടെചെന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു.

ഹരികൃഷ്ണനെന്ന സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടൻ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. ഹരികൃഷ്ണനെത്തിയപ്പോൾ കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു. ഹരികൃഷ്ണൻ അവിടെ പോയി നോക്കിയശേഷം മൃതദേഹം കത്തിച്ചതാണെന്നും ഉടൻ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞു. തുടർന്ന് അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അൽപ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോൾ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിലെത്തിയ അക്ഷയിന്റെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി .

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തായത്. അക്ഷയിന്റെ കുറ്റസമ്മതത്തോടെ അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റിയ പൊലീസ് ഇന്ന് ഇയാളെ ഇവിടെയെത്തിച്ച് തെളിവെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more