1 GBP = 104.20
breaking news

എ ലെവലില്‍ ഉയര്‍ന്ന ഗ്രേഡ് നേടില്ലെന്ന ്കണ്ട വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയതായി ആരോപണം

എ ലെവലില്‍ ഉയര്‍ന്ന ഗ്രേഡ് നേടില്ലെന്ന ്കണ്ട വിദ്യാര്‍ത്ഥികളെ ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയതായി ആരോപണം

എ ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന പതിനാറ് വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന ഗ്രേഡ് നേടില്ലെന്ന് കണ്ട് ഗ്രാമര്‍ സ്‌കൂള്‍ പുറത്താക്കിയതായി ആരോപണം. ബ്രോംലിയിലെ ഓര്‍പിംഗ്ടണിലുള്ള സെന്റ് ഒലേവ്‌സ് ഗ്രാമര്‍ സ്‌കൂളാണ് എ ലെവല്‍ പരീക്ഷയ്ക്ക് മുന്നോടിയായി നടന്ന ഇന്റേണല്‍ പരീക്ഷയില്‍ മികച്ച വിജയം നേടാതിരുന്ന കുട്ടികളെ പുറത്താക്കിയത്. ഇന്റേണല്‍ പരീക്ഷയില്‍ ചുരുങ്ങിയത് മൂന്ന് ബി ഗ്രേഡ് എങ്കിലും കിട്ടാത്തവരെ എ ലെവല്‍ പരീക്ഷയ്ക്ക് ഇരിയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. തന്റെ കുട്ടിയെ മാലിന്യം വലിച്ചെറിയുന്നത് പോലെയാണ് പുറത്താക്കിയതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു.

മിനിമം ബി ഗ്രേഡെങ്കിലും കിട്ടുന്ന പക്ഷം മാത്രമേ എ ലെവല്‍ പരീക്ഷയ്ക്ക് ഇരിക്കൂ എന്ന് കോണ്‍ട്രാക്ട് ഒപ്പിട്ട് നല്‍കാന്‍ തങ്ങളെ നിര്‍ബന്ധിച്ചതായി മറ്റ് കുട്ടികളും വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിന്റെ നടപടിയ്ക്ക് എതിരേ രണ്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ സെപ്റ്റംബര്‍ 20 ന് വാദം കേള്‍ക്കും. സ്‌കൂള്‍ ഒരു എക്‌സാം ഫാക്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു.

പുതിയ ടേം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മറ്റേതെങ്കിലും സ്‌കൂളിലോ കോളജിലോ അഡ്മിഷന്‍ ലഭിക്കുമോ എന്ന ആശങ്കയിലാണ്. കുട്ടികള്‍ തികച്ചും നിരാശയിലാണ് എന്നും സമാനമായ എക്‌സാംബോര്‍ഡുള്ള സ്‌കൂള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നും ഇവരുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.

മിക്ക ഗ്രാമര്‍സ്‌കൂളുകളും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടിയ്ക്ക് എതിരേ രക്ഷിതാക്കള്‍ രംഗത്ത് എത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വിജയശതമാനമുള്ള സ്‌കൂളുകളില്‍ ഒന്നാണ് സെന്റ് ഒലേവ്‌സ്. ഇവിടെ 96 ശതമാനം കുട്ടികള്‍ക്കും എ പ്ലസ് അല്ലെങ്കില്‍ ബി ഗ്രേഡ് ലഭിക്കുന്നുണ്ടെന്ന് സ്‌കൂളിന്റഫെ വെബ്ബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഇതില്‍ 75 ശതമാനം പേര്‍ക്കും എപ്ലസോ എയോ ആണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്രയും മികച്ച വിജയം കൊയ്യുന്നതിന് കാരണം ഇത്തരത്തില്‍ മികച്ച റിസല്‍ട്ട് ലഭിക്കില്ലെന്ന് കരുതുന്ന വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more