1 GBP = 104.17
breaking news

വിഴിഞ്ഞം സമരം: നിർമാണ കമ്പനിക്ക് ദിവസം എട്ട് കോടി നഷ്ടം

വിഴിഞ്ഞം സമരം: നിർമാണ കമ്പനിക്ക് ദിവസം എട്ട് കോടി നഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിപ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെയും പാക്കേജിൽ ഉൾപ്പെട്ടവരുടെയും സമരം അനിശ്ചിതമായി നീളുന്നതോടെ ദിവസം എട്ടു കോടിയോളം രൂപയുടെ നഷ്ടമാണ് നിർമാണ കമ്പനിക്കുണ്ടായതായി കണക്കാക്കുന്നത്. പൈലിംഗ് ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾ ഒരാഴ്ചയായി പൂർണമായി നിലച്ചതോടെയാണിത്.
വിവിധ ഉപനിർമാണ കമ്പനികളിൽനിന്നായി എഴുനൂറിനടുത്ത് വിദഗ്ദ്ധ തൊഴിലാളികളെയാണ് അദാനി ഗ്രൂപ്പ് നിർമാണത്തിനായി എത്തിച്ചിട്ടുള്ളത്. സമരം നീണ്ടതോടെ തൊഴിലാളികളെ പിൻവലിക്കുമെന്ന് ഉപകമ്പനികൾ കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് സൂചന നൽകി. തമിഴ്‌നാട്, കർണാടക, ഒഡിഷ, ഗുജറാത്ത് തുടങ്ങി രാജ്യത്തെ പത്ത് സ്ഥലങ്ങളിൽ തുറമുഖ, ഖനി, മറ്റു വിദഗ്ദ്ധ മേഖലകൾ എന്നിവിടങ്ങളിലായി ജോലി നോക്കുന്നവരാണ് ഈ തൊഴിലാളികൾ. ഇവരെ ആവശ്യത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കേണ്ട ചുമതല കമ്പനികൾക്കുണ്ട്. വിഴിഞ്ഞത്തെ നിർമാണം മുടങ്ങിയതോടെയാണ് തൊഴിലാളികളെ മറ്റു നിർമ്മാണസ്ഥലങ്ങളിലേക്ക് മാറ്റുന്നതിനെപ്പറ്റി കമ്പനികൾ ആലോചിക്കുന്നത്. തൊഴിലാളികളെ പിൻവലിച്ചാൽ നിർമാണപ്രവർത്തനം പൂർണമായി സ്തംഭിക്കും.

രണ്ടു ഷിഫ്ടുകളിലായി ഓവർ ടൈം ഉൾപ്പെടെ 16 മണിക്കൂറാണ് വിദഗ്ദ്ധ കരാർ തൊഴിലാളികൾ പദ്ധതിപ്രദേശത്ത് ജോലിചെയ്തുവരുന്നത്. നിലവിൽ ജോലികൾ നടക്കുന്നില്ലെങ്കിലും തൊഴിലാളികളുടെ ഒരു ഷിഫ്ടിന്റെ വേതനം നിർമാണ കമ്പനി കൊടുക്കണം. ജെട്ടി നിർമാണത്തിനുള്ള പൈലിംഗ്, പുലിമുട്ടിനെ ബലപ്പെടുത്തുന്നതിനുള്ള അക്രോപോഡുകളുടെ നിർമാണം എന്നിവയാണ് നടക്കുന്നത്. വിദേശകമ്പനിയുടെ സാങ്കേതിക വിദ്യയിലാണ് അക്രോപാഡ് നിർമാണം.

നിർമ്മാണം മുടങ്ങിയതോടെ പദ്ധതിപ്രദേശത്ത് എത്തിച്ചിട്ടുള്ള ഹെവി ക്രെയിനുകൾ, ബാർജുകൾ, പൈലിംഗ് സഹായ യന്ത്രങ്ങൾ തുടങ്ങിയവയുടെ ഉയർന്ന വാടകയും അദാനി ഗ്രൂപ്പിന് ബാദ്ധ്യതയാകുന്നു. വിവിധ കമ്പനികളിൽ നിന്നാണ് ഇവ ദിവസവാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതോടെ നിശ്ചിതസമയത്തിനുള്ളിൽ ഓരോ ഘട്ടത്തിലെയും നിർമാണം പൂർത്തിയാക്കുക എന്ന പദ്ധതിലക്ഷ്യം താളം തെറ്റുകയാണ്. നിർമ്മാണ സാമഗ്രികളുമായി എത്തിയ 25 ട്രെയിലർ ലോറികൾ പദ്ധതിപ്രദേശത്ത് എത്തിച്ചേരാൻ കഴിയാതെ മുക്കോല – പൂവാർ റോഡിൽ ഒരാഴ്ചയായി നിറുത്തിയിട്ടിരിക്കുന്നു. പുലിമുട്ടിന്റെ തുടർനിർമാണത്തിനു കൂറ്റൻ പാറകളെത്തിക്കുന്നതിനും നടപടിയായിട്ടുണ്ട്. കടൽവഴി ബാർജുകളിലാണ് ഇവയെത്തിക്കേണ്ടത്. ഇതിനു വിദഗ്ദ്ധരായ കൂടുതൽ തൊഴിലാളികളെ അടുത്തമാസം എത്തിക്കാനിരിക്കെയാണ് സമരം കാരണം പണി നിറുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more