1 GBP = 104.38
breaking news

യുക്മ ദേശീയ കലാമേള – 2021 നെടുമുടി വേണു നഗറിൽ ഉദ്ഘാടനം ഡിസംബർ 18ന് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു; വീഡിയോകൾ ഞായറാഴ്ച വരെ സമർപ്പിക്കാം….

യുക്മ ദേശീയ കലാമേള – 2021 നെടുമുടി വേണു നഗറിൽ ഉദ്ഘാടനം ഡിസംബർ 18ന് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു; വീഡിയോകൾ ഞായറാഴ്ച വരെ സമർപ്പിക്കാം….

അലക്സ് വർഗ്ഗീസ്

(യുക്മ ദേശീയ ജനറൽ സെക്രട്ടറി)


പന്ത്രണ്ടാമത് യുക്മ ദേശീയകലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 5.30 PM (യുകെ) 12 PM (ഇന്ത്യ)നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രസ്തുത ചടങ്ങിൽ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.

കലാമേളയുടെ ഉദ്ഘാടനത്തിന് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ മത്സരങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടർന്ന് വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്ക് പതിനെട്ടിന് തിരിതെളിയുകയാണ്. കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി നിന്നപ്പോൾ ലോകമെങ്ങും വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.

യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലാണ് യുക്മ കലാമേളകൾ. ലോകമെങ്ങും ജനജീവിതം ദു:സ്സകമായ സാഹചര്യത്തിൽ ജനങ്ങൾ നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തുവാൻ നിരവധി പരിപാടികളാണ് യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.

യുക്മ ദേശീയ കലാമേള വീഡിയോ സമർപ്പിക്കേണ്ട അവസാന തീയ്യതി ഞായറാഴ്ച

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്തിരിക്കുന്നവർ വീഡിയോകൾ അയച്ചുതരേണ്ട അവസാന തീയ്യതി ഞായറാഴ്ച അവസാനിക്കുകയാണ്. ഞായർ (12/12/21) രാത്രി പന്ത്രണ്ട് മണി വരെയായിരിക്കും വീഡിയോകൾ സ്വീകരിക്കുന്നത്. യുക്മ കലാമേള മാനുവലിൽ പറയുന്ന പ്രകാരമാണ് വീഡിയോകൾ അയക്കേണ്ടത്. ഓരോ വിഭാഗങ്ങളിലേക്കുമുള്ള മത്സരാർത്ഥികൾ പ്രത്യേകം ഇ മെയിലുകളിലേക്കാണ് വീഡിയോകൾ അയക്കേണ്ടത്.


വീഡിയോകൾ അയക്കേണ്ട ഇമെയിൽ വിലാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു :- 

Kids –           [email protected]    

Sub Junior –  [email protected]

Junior –         [email protected]

Seniors –       [email protected]

യുക്മ ദേശീയ കലാമേള 2021 ൻ്റെ ഉദ്ഘാടന വേദിയിലേക്ക് യുകെയിലേയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more