1 GBP = 104.17
breaking news

യുക്മ കേരളപൂരം വള്ളംകളി 2022;   ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം 

യുക്മ കേരളപൂരം വള്ളംകളി 2022;   ടീം രജിസ്ട്രേഷൻ ആരംഭിച്ചു… വനിതകള്‍ക്കും അവസരം 

അലക്സ് വർഗ്ഗീസ് 

(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ  നടത്തുന്ന “കേരളാ പൂരം 2022″നോട്‌ അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന്‌ ടീം രജിസ്ട്രേഷന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന കഴിഞ്ഞ യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍ – 2017” എന്ന പേരില്‍ 2017 ജൂലൈ 29ന്  യൂറോപ്പിലാദ്യമായി വാര്‍വിക്ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍  നടത്തിയ വള്ളംകളി  വന്‍വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സരവള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018” എന്ന പേരില്‍ ഓക്സ്ഫഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സരവള്ളംകളിയില്‍  32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. അവസാന വർഷം യുക്മ കേരളപൂരം – 2019 വള്ളംകളിയിൽ പങ്കെടുത്ത 24 ടീമുകളെ പിന്തള്ളി ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബിനെ നയിച്ച തോമസ്കുട്ടി ഫ്രാൻസീസ് രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഹാട്രിക് കിരീട നേട്ടത്തിനായിട്ടായിരിക്കും ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബ് ഈ വർഷം തായങ്കരി ബോട്ടിൽ തുഴയെറിയുന്നത്.

ഇത്തവണ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കൂടുതല്‍ ടീമുകള്‍ രംഗത്ത്‌ വരുന്നതിന്‌ യുക്‌മ നേതൃത്വത്തിന്‌ മുമ്പാകെ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 24 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. 

“കേരളാ പൂരം 2022″നോട്‌ അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ്  “ബോട്ട് റേസ് – ടീം മാനേജ്മെന്റ് & ട്രെയിനിങ്‌” വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്തൃട്ടാതി വള്ളംകളിയില്‍  സജീവസാന്നിധ്യമായിരുന്ന ജയകുമാര്‍ നായര്‍, കുട്ടനാട്ടില്‍ നിന്നും യു.കെയിലെത്തി സാമൂഹിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജേക്കബ് കോയിപ്പള്ളി, കുട്ടനാടിലെ പുളിങ്കുന്ന് നിന്നും നെഹ്റു ട്രോഫി വള്ളംകളിയിൽ പുളിങ്കുന്ന് ചുണ്ടൻ വള്ളത്തിൽ തുഴയെറിയാൻ നേതൃത്വം കൊടുക്കുകയും വള്ളം കളികളി മത്സരങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന വള്ളംകളിയെ നെഞ്ചിലേറ്റിയ മാഞ്ചസ്റ്ററ്റിലെ ജോബി തോമസ് എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റെയും ട്രയിനിങിന്റെയും ചുമതല വഹിക്കുന്നത്.

  ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു:-

ഓരോ ബോട്ട് ക്ലബ്ബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബ്ബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബ്ബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌. ഇവ  കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്‌.  ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേര്‍ക്കാവും മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ 20 പേരും മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്‌.

 ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട്‌ ക്ലബുകളുടെ ക്യാപ്റ്റന്മാര്‍  ചുമതലയുള്ളവരെ ബന്ധപ്പെട്ട്‌ രജിസ്ട്രേഷന്‍ പുതുക്കേണ്ടതാണ്‌.

കേരളത്തിലെ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും. ഉദാഹരണത്തിന് കഴിഞ്ഞ  ചാമ്പ്യന്മാരായ ലിവർപൂൾ ജവഹർ ബോട്ട് ക്ലബ്ബ് മത്സരിക്കാനിറങ്ങിയത് തായങ്കരി എന്ന പേരുള്ള വള്ളത്തിലാണ്‌. ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട്‌ ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന്‌ നിലവിലുള്ള ബോട്ട്‌ ക്ലബുകള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക്‌ മുന്‍ഗണന ലഭിക്കുന്നതാണ്‌.      

എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്‌സി സൈസും നല്‍കേണ്ടതാണ്. മുൻ വര്‍ഷങ്ങളിലേതുപോലെ  പങ്കെടുക്കാനെത്തുന്ന മുഴുവൻ ടീമുകളിലെയും 20 അംഗങ്ങള്‍ക്ക്‌ വീതം ജഴ്‌സി നല്‍കുന്നതായിരിക്കും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര്‍ തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.

ടീം ഒന്നിന് 500 പൗണ്ട് രജിസ്ട്രേഷന്‍ ഫീസ്. ഇത്‌ ടീം ക്യാപ്റ്റന്മാരാണ്‌ നല്‍കേണ്ടത്‌. ടീമിന്‌ സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്‌. ഇത്‌ നിബന്ധനകള്‍ക്ക്‌ വിധേയമാണ്‌.   
ബ്രിട്ടണില്‍ നിന്നുമുള്ള  ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക്‌ ഫീസിനത്തില്‍ ഇളവുകളുണ്ട്.

കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്‌. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. എന്നാല്‍ 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ കഴിഞ്ഞ വര്‍ഷം നടത്തിയതുപോലെ പ്രാഥമിക റൗണ്ട്‌ മത്സരം നടത്തിയാവും “ഫൈനല്‍ 16” ടീമുകളെ തെരഞ്ഞെടുക്കുന്നത്‌. ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന്‍ അവസാനിച്ചതിനു ശേഷം പ്രസിദ്ധീകരിക്കുന്നതാണ്.

വനിതകള്‍ക്ക്‌ മാത്രമായി നെഹ്‌റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. കഴിഞ്ഞ വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്. 

 ടീം രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിളിക്കുക:- 
ജയകുമാര്‍ നായര്‍ – 07403 223066
ജേക്കബ് കോയിപ്പള്ളി – 07402 935193
ജോബി തോമസ് – 07985234361

“കേരളാ പൂരം 2022”: കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

 മനോജ് കുമാർ പിള്ള (പ്രസിഡന്റ്) –  07960357679,  

അലക്സ് വര്‍ഗ്ഗീസ് (ജനറൽ സെക്രട്ടറി) – 07985641921 

അഡ്വ. എബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്, ഇവൻ്റ് ഓർഗനൈസർ) – 07702862186

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more