1 GBP = 104.24
breaking news

തന്റെ ഇളയ മകളോട് കണ്ണീരോടെ വിട പറയുന്ന പിതാവ്; യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്ന് ഹൃദയഭേദകമായ കാഴ്ച്ച…

തന്റെ ഇളയ മകളോട് കണ്ണീരോടെ വിട പറയുന്ന പിതാവ്; യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്ന് ഹൃദയഭേദകമായ കാഴ്ച്ച…

യുദ്ധം ബാക്കിവെക്കുന്നത് ചോരയുടെ മണവും ഉറ്റവരുടെ വേർപാടും ഒരിക്കലും മാറാത്ത മറക്കാൻ സാധിക്കാത്ത മുറിവുകളുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് റഷ്യ-യുക്രൈൻ യുദ്ധഭൂമിയിലേക്കാണ്. കരളയിക്കുന്ന കാഴ്ചകളല്ലാതെ ഇന്ന് ആ ഭൂമിയിൽ വേറെ ഒന്നും നമുക്ക് കാണാൻ സാധിക്കില്ല. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുകയും യുക്രെയ്‌നെ ആക്രമിക്കാൻ ഉത്തരവിടുകയും ചെയ്തതോടെ പരിഭ്രാന്തിയും അരാജകത്വവും അക്രമവുമാണ് ആ ഭൂമിയിൽ. ഇതിനിടയിൽ സഹായം ചോദിച്ച് യുക്രൈനും രംഗത്തെത്തിയിരുന്നു. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ നിസ്സഹായത കാണിക്കുന്ന ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ യുക്രെയ്നിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്.

ഈ ഭയാനക സാഹചര്യത്തിൽ നിന്ന് രക്ഷനേടാൻ സുരക്ഷിതമായ അഭയം തേടി നിരവധി ആളുകൾ രാജ്യം വിടാൻ ശ്രമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ പരസ്പരം വേർപിരിയുന്നത്തിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. ഒരു പിതാവ് തന്റെ ഇളയ മകളോട് കണ്ണീരോടെ വിടപറയുന്ന വൈകാരിക നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പിതാവ് തന്റെ മകൾക്ക് സുരക്ഷിതമായ ഒരു അഭയസ്ഥാനം കണ്ടെത്തുന്നതിനായി അവളെ യാത്ര അയക്കുന്നതും വീഡിയോയിൽ കാണാം. മകളുടെ തൊപ്പിയും അവളുടെ വസ്ത്രവും ശരിയാക്കി കൊടുക്കുന്നതും ചുംബിക്കുന്നതും കണ്ണീരോടെ ആലിംഗനം ചെയ്ത് പിരിയുന്നതും വീഡിയോയിൽ ഉണ്ട്. സിവിലിയൻമാർക്കായി സജ്ജീകരിച്ച രക്ഷാപ്രവർത്തന ബസുകളിലൊന്നിലേക്ക് മകളെ കയറ്റിവിടുമ്പോൾ പിതാവ് പൊട്ടിക്കരയുന്നത് എല്ലാവരെയും കണ്ണീരിലാഴ്ത്തുന്ന കാഴ്ചയാണ്.

കണ്ണീരിൽ കുതിർന്ന ഈ ദൃശ്യം കണ്ട് ജനങ്ങളുടെ ഹൃദയം തകർന്നു. ലോകത്തെ നടുക്കിയ അഫ്ഗാനിസ്ഥാനിലെ സമീപകാല അധിനിവേശവുമായി പലരും ഇതിനെ താരതമ്യം ചെയ്തു. വീഡിയോയ്ക്ക് താഴെ ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. “അഫ്ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, വിയറ്റ്നാം എന്നി രാജ്യങ്ങളുടെ അതേ കഥയാണ് ഇവിടെയും ആവർത്തിക്കുന്നത്.” റഷ്യയുടെ ആക്രമണത്തിനെതിരായി തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യുക്രേനിയൻ പൗരന്മാർക്കും സർക്കാർ ആയുധം നൽകുമെന്നും റഷ്യക്കെതിരെ പോരാടുമെന്നും യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more