ബർമിംഗ്ഹാം: പ്രൗഢഗംഭീരമായ സദസ്, വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം, മികവാർന്ന കലാപരിപാടികൾ എന്നിവയാൽ സംമ്പുഷ്ടമായ യുകെകെസിഎ കലാമേളയും പ്രഥമ അവാർഡ് നൈറ്റും മ്യൂസിക്കൽ നൈറ്റും ക്നാനായക്കാർ ആസ്വദിച്ചു. യുകെകെസിഎ ഇദംപ്രദമായി റിലീസ് ചെയ്ത “കിനായി ഗീതങ്ങൾ” എന്ന സിഡി പ്രകാശനവും അവാർഡ് നൈറ്റിനോടൊപ്പം നടന്നു.
ബർമിംഗ്ഹാമിലെ ബഥേൽ സെന്ററിൽ ഏഴു വേദികളിലായിട്ടാണ് കലാമേള നടത്തപ്പെട്ടത്. രാവിലെ 9,30ന് ആരംഭിച്ച കലാമേളയിൽ നാനൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തത്. ഓരോ കലാപരിപാടി കഴിയുമ്പോഴും ജഡ്ജിംഗ് കമ്മിറ്റികൾ അവാർഡുകൾ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകുന്നേരം നാലരയ്ക്ക് കലാമത്സരങ്ങൾ പൂർണമായും പര്യവസാനിച്ചു.
തുടർന്നു നടന്ന അവാർഡ് നൈറ്റ് സൂര്യ ഫെസ്റ്റിവൽ സ്റ്റേജ് ഷോയിലൂടെ ലോകപ്രശസ്തമായ സൂര്യകൃഷ്ണമൂർത്തി അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തു. തുടർന്നു വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്ക് പ്രഥമ യുകെകെസിഎ അവാർഡുകൾ നൽകി.
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ടിനും കമ്മിറ്റ്മെന്റ് അവാർഡ് യുകെകെസിഎയുടെ പ്രഥമ സ്പിരിച്വൽ അഡ്വൈസറായ ഫാ. സിറിയക് മറ്റത്തിലിനും സമ്മാനിച്ചു. സിവിക്യു വെസ്റ്റ് മിനിസ്റ്റർ അവാർഡ് നേടിയ അലൻ തോമസ് പൊക്കത്തേൽ, ജിസിഎസ്ഇ പരീക്ഷയിൽ മികവു നേടിയ ജെൻ ഫിലിപ്പ്, ഉപന്യാസ മത്സരവിജയികളായ മാത്യു പുളിക്കതൊട്ടിയിൽ, സരിത ജിൻസ്, ബിജു നബത്തേൽ, ഇടവക സന്ദർശന വിജയികളായ സോണ ബെന്നി മാവേലിൽ (43 ഇടവകകൾ), റെയ്ച്ചൽ അഭിലാഷ് (32 ഇടവകകൾ), മൈലാടുംപാറ, അലീന രാമച്ചനാട്(19 ഇടവകകൾ) എന്നിവരെയും തുടർച്ചയായി ആറു തവണ ബാഡ്മിന്റണ് വിജയികളായ സിബു-അനീഷ്, വടംവലി ജേതാക്കളായ കവൻട്രി ആൻഡ് വാർവിക്ഷെയർ യൂണിറ്റ്, ആപ്തവാക്യ വിജയി ജെയിൻ സ്റ്റീഫൻ, യുകെകെസിഎ സ്പെഷ്യൽ ഹോണേഴ്സ് അവാർഡിന് മേരി ചൊള്ളമ്പേലും അർഹയായി. ഗ്രാറ്റിറ്റ്യൂഡ് അവാർഡിന് അലൈഡ് ഗ്രൂപ്പും ശ്രീകുമാർ ആനന്ദ് ടിവിയും സ്റ്റീഫൻ ചാണ്ടിയും അർഹരായി.
കഴിഞ്ഞ 17 വർഷങ്ങളിൽ യുകെകെസിഎയുടെ വളർച്ചയ്ക്ക് സംഭാവനകൾ നൽകിയ യുകെകെസിഎ മുൻ ഭാരവാഹികളെ കമ്മിറ്റ്മെന്റ് അവാർഡ് നൽകി ആദരിച്ചു. കണ്വൻഷൻ ടിക്കറ്റ് ഏറ്റവും അധികം വിറ്റഴിച്ച യൂണിറ്റിനുള്ള അവാർഡ് കെറ്ററിംഗ് യൂണിറ്റ് അർഹമായി. മികച്ച റീജിയണായി ലണ്ടൻ റീജണും നോർത്ത് ഈസ്റ്റ് റീജണും മികച്ച യൂണിറ്റുകളായി ബെർമിംഗ്ഹാം യൂണിറ്റും ബ്രിസ്റ്റോൾ യൂണിറ്റും തെരഞ്ഞെടുത്തു.
സിങ് വിത്ത് എംജി മത്സരത്തിലെ വിജയികളെ എം.ജി. ശ്രീകുമാർ പ്രഖ്യാപിച്ചു. സ്മിത തോട്ടം വിജയിയും ലെക്സി ടോജോ സ്പെഷ്യൽ അവാർഡും നേടി.
പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് വാലച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകുളം, ജോ. ട്രഷറർ ഫിനിൽ കളത്തിക്കോട്, അഡ്വൈസർമാരായ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
click on malayalam character to switch languages