1 GBP = 104.30
breaking news

സ്വീഡൻ നാറ്റോയിൽ ചേരുന്നതിൽ നിലപാട് കടുപ്പിച്ച് തുർക്കിയ

സ്വീഡൻ നാറ്റോയിൽ ചേരുന്നതിൽ നിലപാട് കടുപ്പിച്ച് തുർക്കിയ

ഇസ്തംബൂൾ: സ്വീഡൻ നാറ്റോയിൽ ചേരുന്നതിൽ നിലപാട് കടുപ്പിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. നാറ്റോ അംഗത്വത്തിന് തുർക്കിയയുടെ പിന്തുണ സ്വീഡൻ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഉർദുഗാൻ വ്യക്തമാക്കി. സ്വീഡന്‍ നാറ്റോയുടെ ഭാഗമാകുന്നതിനെ പിന്തുണക്കാൻ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന് തുര്‍ക്കിയ അറിയിച്ചിരുന്നു. ഇതിനെതിരെ സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധത്തിൽ ഖുർആന്റെ പകർപ്പ് കത്തിച്ചതാണ് തുര്‍ക്കിയ നിലപാട് കടുപ്പിക്കാന്‍ കാരണം. 

‘സ്റ്റോക്ഹോമിലെ ഞങ്ങളുടെ എംബസിക്കുമുന്നിൽ ഇത്തരം ദൈവനിന്ദ അനുവദിക്കുന്നവർക്ക് അവരുടെ നാറ്റോ അംഗത്വത്തിന് പിന്തുണ ഇനി പ്രതീക്ഷിക്കാനാവില്ലെന്ന് ഇതുസംബന്ധിച്ച ആദ്യ പ്രതികരണത്തിൽ തിങ്കളാഴ്ച ഉർദുഗാൻ വ്യക്തമാക്കി. എന്നാൽ, ഉർദുഗാന്റെ പരാമർശത്തോട് അതിജാഗ്രതയോടെയാണ് സ്വീഡൻ പ്രതികരിച്ചത്. ഉടൻ പ്രതികരിക്കാൻ കഴിയില്ല. ആദ്യം, എന്താണ് പറഞ്ഞതെന്ന് കൃത്യമായി മനസ്സിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്ട്രോം സ്വീഡനിലെ ടി.ടി വാർത്ത ഏജൻസിയോട് പറഞ്ഞു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയാണ് സ്വീഡനും ഫിൻലൻഡും വർഷങ്ങളായി തുടർന്ന നിഷ്പക്ഷത അവസാനിപ്പിച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. അംഗത്വത്തിന് സഖ്യത്തിലെ 30 അംഗങ്ങളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ, നാറ്റോ അംഗങ്ങളായ തുർക്കിയയും ഹംഗറിയും എതിർത്തു. ഇരുരാജ്യങ്ങളുടെയും അംഗത്വത്തിന് അടുത്ത മാസം തന്റെ പാർലമെന്റ് അംഗീകാരം നൽകുമെന്നാണ് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം, കുർദ് ഗ്രൂപ്പുകളെ സ്വീഡനും ഫിൻലൻഡും പിന്തുണക്കുന്നുവെന്നാരോപിച്ച് തുർക്കിയ ഇരു രാജ്യങ്ങളുടെയും അംഗത്വത്തെ എതിർത്തു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ കൈമാറിയാൽ മാത്രമേ അംഗീകാരം നൽകൂവെന്ന നിലപാടാണ് തുർക്കിയ സ്വീകരിച്ചത്. 

ഇത് സ്വീഡനിൽ തുർക്കി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കാരണമായി.ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച സ്വീഡനിലെ തുർക്കിയ എംബസിക്കുമുന്നിൽ ഡാനിഷ് തീവ്ര വലതു നേതാവ് റാസ്മസ് പാലൂദൻ ഖുർആന്റെ പകർപ്പ് കത്തിച്ചത്. സംഭവത്തെ അപലപിച്ച് സൗദി അറേബ്യ, പാകിസ്താൻ, ജോർഡൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more