1 GBP = 104.21
breaking news

പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനായി സുമിത് ഇന്നെത്തും; സെൻറ്.ആൻറണീസ് ദേവാലയത്തിലെ ശുശ്രൂഷകളിൽ സ്നേഹിതന് ആദരവേകാൻ നിങ്ങളുമുണ്ടാവില്ലേ….

പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനായി സുമിത് ഇന്നെത്തും; സെൻറ്.ആൻറണീസ് ദേവാലയത്തിലെ ശുശ്രൂഷകളിൽ സ്നേഹിതന് ആദരവേകാൻ നിങ്ങളുമുണ്ടാവില്ലേ….

സുമിത്ത് സെബാസ്റ്റ്യന് ഉചിതമായ അന്ത്യയാത്ര നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് ചൊവ്വാഴ്ച രാവിലെ 10.30 ന് മാഞ്ചസ്റ്ററിലെ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ  ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. ശുശ്രൂഷകളിൽ നിരവധി വൈദികർ സഹകാർമികരാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി പേർ ഇന്നത്തെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കുകൊള്ളാനെത്തിച്ചേരും.

ജൂലൈ 3ന് മാഞ്ചസ്റ്ററിൽ മലയാളി സമൂഹത്തെയാകെ വേദനയിലും കണ്ണീരിലുമാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ  സുമിത് സെബാസ്റ്റ്യന് (45)  മൂന്നാഴ്ചക്ക് ശേഷം ഇന്ന് ചൊവ്വാഴ്ച (27/7/21 ) യു കെ മലയാളികൾ  അന്ത്യാഞ്ജലിയേകും.  മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ദിവസം  എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്  അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പ്രിയപ്പെട്ട സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്ത കേട്ടറിഞ്ഞാണ്. ജോലിക്കിടയിൽ കുഴഞ്ഞ് വീണാണ് സുമിത് മരണമടഞ്ഞത്. കേട്ടവർക്കെല്ലാം കുറെയധികം സമയമെടുക്കേണ്ടി വന്നുവിശ്വസിക്കാവാത്ത ആ വാർത്തയെ അത്യധികം വിഷമത്തോടും സങ്കടത്തോടും കൂടി യാഥാർത്ഥ്യമായി അംഗീകരിക്കുവാൻ.

ഇടവകാംഗമായ സുമിത് സെബാസ്റ്റ്യന് അന്ത്യാഞ്ജലി അർപ്പിക്കാനും ഉചിതമായ യാത്രയയപ്പ് നൽകാനും  മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷൻ ഡയറക്ടർ  റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.

സുമിത് സെബാസ്റ്റ്യൻ്റെ (45) അന്ത്യകർമ്മത്തിനായുള്ള ശുശ്രൂഷകൾ ഇന്ന് ചൊവ്വാഴ്ച (27/7/21) രാവിലെ 10.30 ന് വിഥിൻഷോ സെൻ്റ്. ആൻ്റണീസ് ദേവാലയത്തിൽ ആരംഭിക്കും. അഭിവന്ദ്യ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വൈദികർ സഹകാർമികരാകും.
രാവിലെ 9.30ന് ആർതർ ഗ്രെസ്റ്റി ഫ്യൂണറൽ ഡയറക്ടേഴ്‌സ് മൃതദേഹം സുമിതിൻ്റെ വിഥിൻഷോ പീൽ ഹാളിലുള്ള ഭവനത്തിലെത്തിക്കും. 9.45 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺ. സജി മലയിൽ പുത്തൻപുരയിലിൻ്റെയും, ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിൻ്റെയും നേതൃത്വത്തിൽ ഭവനത്തിലെ അവസാന ശുശൂഷകൾ പൂർത്തിയാക്കി 10.05 ന് ഭൗതിക ശരീരം ഭവനത്തിൽ നിന്നും ദേവാലയത്തിലേക്ക്  പുറപ്പെടുന്നതാണ്. ഭവനത്തിൽ ഇന്ന് ദിവസം സന്ദർശകരെ അനുവദിക്കുന്നതല്ല.

10.20 AM ന് ദേവാലയ കവാടത്തിൽ എത്തിക്കുന്ന മൃതദേഹം പ്രാർത്ഥനയോടെ ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ ശുശ്രൂഷകൾ ആരംഭിക്കും. അഭിവന്ദ്യ പിതാവിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വി.കുർബാനയ്ക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷമായിരിക്കും പൊതുദർശനത്തിനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. 12.15 PM മുതൽ 1.00 PM വരെയാണ് പൊതുദർശനത്തിന് സമയം അനുവദിച്ചിരിക്കുന്നത്. തുടർന്ന് ഫെയർവെൽ പ്രാർത്ഥനകൾ കൂടി പൂർത്തിയാക്കി മൃതദേഹം സെമിത്തേരിയിലേക്ക് ആനയിക്കുന്നതാണ്. ദേവാലയത്തിൽ പൊതുദർശനത്തിനെത്തുന്നവർ സുരക്ഷയെ കരുതി മാസ്ക് ധരിച്ചിരിക്കേണ്ടതാണ്. കൂടാതെ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്നിരിക്കാവുന്നതും മറ്റ് കുടുംബാംഗങ്ങൾ തമ്മിൽ സുരക്ഷയെ കരുതി അകലം പാലിക്കേണ്ടതുമാണ്. മൃതസംസ്കാര ശുശ്രൂഷകൾ രാവിലെ മുതൽ ലൈവായിസംപ്രേക്ഷണം ചെയ്യുന്നുണ്ട്.

സുമിത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്യുന്ന മാഞ്ചസ്റ്റർ സതേൺ സെമിത്തേരിയിൽ 1.15 ന് എത്തിച്ച്  അവസാനത്തെ ആത്മീയ ശുശ്രൂഷകളും പൂർത്തിയാക്കി സുമിത് സെബാസ്റ്റ്യൻ തൻ്റെ ഇഹലോകത്തിലെ എല്ലാ കർത്തവ്യങ്ങളും അവസാനിപ്പിച്ച് സതേൺ സിമിത്തേരിയിലെ ആറടി മണ്ണിലേക്ക് അന്ത്യനിദ്രക്കായി എന്നേക്കുമായി യാത്രയാവും.

ഭാര്യയ്ക്കും മക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ഒരു പിടി നല്ല സ്മരണകൾ ബാക്കിയാക്കി സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് പറന്നകന്ന സുമിത് എല്ലാവർക്കും വേദനിപ്പിക്കുന്ന ഓർമയായി, യുകെയിലെ മാഞ്ചസ്റ്ററിൻ്റെ മണ്ണിലേക്ക് അലിഞ്ഞ് ചേരും. കോട്ടയം പള്ളിക്കത്തോട് തേനേപ്ലാക്കൽ പരേതനായ റ്റി.ജെ ദേവസ്യയുടെയും മേരിക്കുട്ടി മാണിയുടെയും മകനാണ് സുമിത്. ഭാര്യ മഞ്ജു സുമിത് കോട്ടയം കുറുപ്പന്തറ പുലിപ്പറ കുടുംബാംഗമാണ്. റെയ്മണ്ട് സമിത്, റിയാസുമിത് എന്നിവർ മക്കളാണ്. സഹോദരൻ ബെന്നി തേനേപ്പാക്കൽ.

ഈ ലോക മോഹവും മോഹഭംഗവും പേറി ജീവിക്കുന്ന നമുക്കോരോരുത്തർക്കും,ഒരുനാൾ കള്ളനെ പോലെ ഓടിയെത്തുന്ന മരണത്തിനെ അഭിമുഖീകരിക്കണമെന്ന യാഥാർത്ഥ്യവും ഓർമപ്പെടുത്തലുമായി….

സുമിത് മരണമടഞ്ഞ ദിവസം വിവരമറിഞ്ഞ ഉടനെ തന്നെ ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോമിലെത്തി ലേപന ശുശ്രൂഷയും പ്രാർത്ഥനയും നടത്തിയിരുന്നു. മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിക്കാനെത്തിയ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഭവനത്തിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ സെൻ്റ് തോമസ് മിഷൻ വികാരിയച്ചൻ ജോസ് അഞ്ചാനിക്കലിൻ്റേയും, ഇടവകാംഗങ്ങളുടെയും മറ്റ് മലയാളികളുടെയും പരിപൂർണ പിന്തുണ  കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും ഭവനത്തിൽ പ്രാർത്ഥനയും നടത്തി വരുന്നു. സംസ്കാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് വികാരിയച്ചൻ്റെ നേതൃത്വത്തിൽ കൈക്കാരൻമാർ ഉൾപ്പെടുന്ന സെൻ്റ്.തോമസ് മിഷൻ്റെ ഇടവക കമ്മിറ്റിയാണ്. കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് അവസാന ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം:-
St. Antony’s Church,

Dunkery Road,Portway,

Wythenshawe,Manchester,

M22 0WR.


സതേൺ സിമിത്തേരിയുടെ വിലാസം:-


Southern Cemetery,

212, Barlow Moor Road,

Manchester,

M21 7GL.


മൃതസംസ്കാര ശുശ്രൂഷകൾ ലൈവായി കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more