1 GBP = 104.15

കെന്റ് മലയാളി ഷിബു ചാക്കോയെത്തേടി ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി പത്രം!

കെന്റ് മലയാളി ഷിബു ചാക്കോയെത്തേടി ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി പത്രം!

സുരേന്ദ്രൻ ആരക്കോട്ട് (അസ്സോസിയേറ്റ് എഡിറ്റർ)

അവയവ ദാന രംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തി മലയാളിയായ ഷിബു ചാക്കോയെ ബ്രിട്ടീഷ് രാജ്ഞി തന്റെ പിറന്നാൾ ബഹുമതി പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചു. രാജ്ഞിയുടെ എം.ബി.ഇ (ബ്രിട്ടീഷ് സാമ്രാജ്യ അതിവിശിഷ്ട ബഹുമതി) പത്രം നേടുന്ന ആദ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മലയാളി ആയി മാറിയിരിക്കുകയാണ് കൂത്താട്ടുകുളം സ്വദേശിയായ ഡോ. ഷിബു ചാക്കോ.

മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുമ്ബോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെയധികം പ്രചാരണം നല്‍കുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എന്‍എച്ച്‌എസിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ.

കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ ചാക്കോ വർക്കി – സാറാമ്മ ചാക്കോ ദമ്പതികളുടെ മകനായി ജനിച്ച ഷിബു, കൂത്താട്ടുകുളം യു.പി സ്കൂളിലും പിന്നെ പാലക്കുഴ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിംഗ് പൂർത്തീകരിച്ചു.

2002 ൽ ഒരു സാധാരണ സ്റ്റാഫ് നേഴ്സ് ആയി യു.കെ യിൽ എത്തി. തുടക്കം കെന്റിലെ മെഡ്‌വേ ഹോസ്പിറ്റലിൽ ആയിരുന്നു. പ്രവർത്തന മേഖലയിൽ കഴിവ് തെളിയിച്ചു കൊണ്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ സീനിയർ ചാർജ് നേഴ്സ്, സ്പെഷ്യലിസ്റ് നേഴ്സ് എന്നീ പദവികളിലേക്കുയർന്നു.

2014 ൽ കാന്റർബറി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി അഡ്വാൻസ്ഡ് പ്രാക്ടീസ് പഠനം പൂർത്തിയാക്കി. 2014 ൽ എൻ.എഛ്.എസിൽ രക്ത/ അവയവ ദാന വിഭാഗത്തിൽ സ്പെഷ്യലിസ്റ് നേഴ്സ് ആയി ജോലി തുടങ്ങി. അവയവദാന ശസ്തക്രിയയിലേക്കുള്ള എല്ലാ കടമ്പകളും നീക്കി ലക്ഷ്യത്തിലെത്തിക്കാനുള്ള ഒരു തസ്തികയായിരുന്നു ഇതെന്ന് പറയാം.

2015 ൽ അവയവ ദാന രംഗത്ത് സമൂലമാറ്റം വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എൻ.എഛ്.എസ് ആരംഭിച്ച ഡോണർ അംബാസ്സഡർ പദവിയിലേക്ക് എത്തി. കടുത്ത മത്സരത്തെ അതിജീവിച്ചാണ് ഈയൊരു റോളിൽ എത്തിപ്പെട്ടത്.

നിലവിൽ എൻ.എഛ്.എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന്റെ സൗത്ത് ഈസ്റ്റ് റീജിയൻ കോഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നു. ഈ രംഗത്ത് പ്രവർത്തിക്കുന്ന ആദ്യ മലയാളി ആണ്. മറ്റു മലയാളികൾ ട്രാൻസ്‌പ്ലാന്റ് ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നുണ്ട്.

ഷിബു ചാക്കോ അവയവ ദാന രംഗത്തെ ഒരു സജീവ സാന്നിധ്യം തന്നെയാണ്. കഴിഞ്ഞ 5 വര്ഷത്തിനിടക്ക് 3000 ത്തിൽപരം ആളുകളെ വിവിധ കര്മപരിപാടികളിലൂടെ അവയവ ദാന രെജിസ്റ്ററിൽ ചേർക്കാൻ ഷിബുവിന്‌ സാധിച്ചു.

താൻ ഈ രംഗത്ത് ജോലി തുടങ്ങിയ സമയത്തു തന്നെ, ഏഷ്യൻ ആഫ്രിക്കൻ വിഭാഗത്തിൽ പെട്ട ആളുകൾ അവയവ ദാനത്തെക്കുറിച്ചു അത്ര ബോധവാന്മാർ അല്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു. കൂടാതെ, തന്റെ ജോലിയുടെ ഭാഗമായി ന്യൂനപക്ഷ സമുദായത്തിലെ കുടുംബങ്ങളുമായി സംസാരിക്കുമ്പോൾ, വളരെയധികം ആളുകൾ മസ്തിഷ്ക മരണം സംഭവിച്ച അവരുടെ ബന്ധുക്കളുടെ അവയവങ്ങൾ ദാനം ചെയ്യാൻ വിസമ്മതം അറിയിക്കുന്നതായും ശ്രദ്ധിച്ചു. ഇതിന്റെ കാരണങ്ങളെക്കുറിച്ചു അന്വേഷിച്ചപ്പോൾ പ്രധാനമായും അജ്ഞതയും അവയവദാനത്തിന് ശേഷം അവരുടെ ബന്ധു എങ്ങനെയിരിക്കും, പിന്നെ മതപരമായ കാര്യങ്ങളും മറ്റും നിരത്തിയാണ് നിരസിക്കുന്നത് എന്ന് മനസ്സിലാക്കി. ഇത് കുറെ തവണ ആവർത്തിക്കപ്പെട്ടപ്പോൾ, ഇതിനൊരു പരിഹാര മാർഗം കണ്ടെത്തണം എന്ന തീരുമാനത്തോടെയാണ് 5 വര്ഷം മുൻപ് അവയവ ദാന ബോധവത്കരണ പ്രചാരണം ആരംഭിച്ചത്. ഏഷ്യൻ, ബ്ലാക്ക്, വൈറ്റ് സമുദായങ്ങൾക്കിടയിൽ സംഘടിപ്പിച്ച ബോധവത്കരണം വഴി അനുവാദം നൽകുന്ന ആളുകളുടെ എണ്ണം അടിക്കടി വർധിച്ചു വരുന്നതായി കാണുന്നുണ്ട്.

കഴിഞ്ഞവർഷം അവയവദാന പ്രചാരണവുമായി ആയി എൻ എച്ച് എസ് എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ഇതിൽ മുഖ്യ ചുമതലകാരനായി എൻഎച്ച്എസ് നിയമിച്ചത് ഷിബുവിനെ ആണ്. ലോകത്ത് തന്നെ ഈ വിഷയത്തിലുള്ള ആദ്യത്തെ കോഴ്സാണിത്. ലണ്ടനിലെ സെൻറ് ജോർജ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്. ഇതേവരെ ഏകദേശം 5000 ത്തോളം വിദ്യാർത്ഥികൾ  78 രാജ്യങ്ങളിൽ നിന്നുമായി ഈ കോഴ്സ് പൂർത്തീകരിച്ചു കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more