1 GBP = 104.38
breaking news

‘ആല്‍ഫിക്കുവേണ്ടിയാണെല്ലാം’ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്, ഞാന്‍തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു; ഷീല അല്‍ഫോണ്‍സ്

‘ആല്‍ഫിക്കുവേണ്ടിയാണെല്ലാം’ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്, ഞാന്‍തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു;  ഷീല അല്‍ഫോണ്‍സ്

ഇപ്പോള്‍ മലയാളം ചാനലുകളിലും ട്രോളുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ സംസാരമാണ്. ഇത്തരം ട്രോളുകള്‍ക്ക് മറുപടി പറയുകയാണ്…”ദുഷ്ടന്‍മാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയുംകഴിഞ്ഞുപോയാല്‍ ഭാഗ്യവാന്‍”ബൈബിളില്‍ സങ്കീര്‍ത്തനം ഒന്നാം വാചകത്തിന്റെ ചുരുക്കമിതാണ്…. ഇതൊക്കെ ഞാന്‍ ഞാന്‍ എന്നും വായിക്കുന്നതാണെന്നു പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വീഡിയോ ഇതിനകം മൂന്നുലക്ഷത്തി മുപ്പതിനായിരം ആളുകള്‍ കണ്ടെന്നാരോ വിളിച്ചു പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാള്‍ വേഗമാണ്. ഇപ്പോള്‍ പെണ്‍പിള്ളാരു കറുത്ത കണ്ണാടിയൊക്കെ വച്ച് വീണ്ടും കളിയാക്കി ഡബ്‌സ്മാഷ് വിഡിയോ ഒക്കെ ഇറക്കിയെന്നും കേട്ടു. ഷീല പറയുന്നു.

എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാന്‍ തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളില്‍ കാണിച്ചു. ഇങ്ങനെ പരിഹസിച്ചു പുറത്തും വിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ… ഇതൊക്കെ ആര്‍ക്കെങ്കിലും ആശ്വാസമാകുന്നെങ്കില്‍ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാര്‍ഥന. ഷീല തുടരുന്നു…

ഇനി കൂളിംഗ് ഗ്ലാസിന്റെ കാര്യം പറയാം. ഡല്‍ഹിയിലെ ചൂട് കാരണം എല്ലാവരും ഇത്തരം ഗ്ലാസുകള്‍ വെക്കാറുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ല. അന്ന് ആല്‍ഫിയുടെ സത്യ പ്രതിജ്ഞയായിരുന്നു. രാഷ്ട്രപതിഭവനിലേക്കു കൊണ്ടുപോകാന്‍ നിയന്ത്രണമുള്ളതുകൊണ്ടു ഞങ്ങള്‍ മൊബൈല്‍ ഫോണും കുളിങ് ഗ്ലാസും ഒന്നും എടുക്കാതെയാണു പോയത്. സത്യപ്രതിജ്ഞ കഴിഞ്ഞു നേരെ കേരള ഹൗസില്‍ പോയി ഓണസദ്യകഴിക്കാമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുപോയത്. അവിടെയെത്തിയപ്പോള്‍ ചാനലുകള്‍ ആല്‍ഫിയെ പൊതിഞ്ഞു. ചാനല്‍ മൈക്കിന്റെ വയറില്‍ മുണ്ടു കുരുങ്ങി ആല്‍ഫി വീഴാന്‍ പോലും തുടങ്ങി.

ഞാനും കുടുംബാംഗങ്ങളും കാറില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ തപ്പി ഒരു ഇംഗ്ലീഷ് ചാനലില്‍ നിന്ന് ഒരു പെണ്‍കുട്ടി വന്നത്. കോട്ടയംകാരിയാണെന്ന് പറഞ്ഞപ്പോള്‍ ആ കുട്ടിയോട്ു സംസാരിച്ചു. കാറില്‍നിന്നു പുറത്തേക്കിറങ്ങാന്‍ നേരം ചൂടല്ലേ ഇതുവച്ചോയെന്നു പറഞ്ഞു സുഹൃത്തിന്റെ സഹോദരിയാണു കൂളിങ് ഗ്ലാസ് തന്നത്. എന്നോട് എന്തെങ്കിലും പറയാന്‍ ചാനല്‍ ലേഖിക പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ഒന്നും പറയാനില്ല. എന്റെ ഇംഗ്ലിഷ് അത്ര നല്ലതല്ല. ഇങ്ങനെ ചാനലുകളിലൊന്നും മറുപടി പറയാന്‍ പറ്റിയ ആളുമല്ല ഞാന്‍. അന്നേരം കൂടെവന്ന സുഹൃത്തുക്കള്‍ പറഞ്ഞു. ”ചാനലുകാരോട് സംസാരിച്ചില്ലെങ്കില്‍ നമ്മള്‍ അഹങ്കാരം കാണിച്ചുവെന്ന് അവര്‍ പറയും”. അതു കേട്ടതോടെയാണ് അറിയാവുന്ന ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്ന പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന്മേല്‍ സംസാരിച്ചത്.

ആ സമയത്ത് പല പല ഇംഗ്ലീഷ് ചാനലുകള്‍ പിന്നാലെ വന്നു. അവരോടൊക്കെ മറുപടി പറഞ്ഞതോടെ ശ്വാസം മുട്ടിപ്പോയി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് മലയാളം ചാനല്‍ വന്നത്.ഇംഗ്ലിഷ് പറച്ചിലില്‍നിന്നു രക്ഷപ്പെട്ടു വന്നതിന്റെ ആശ്വാസത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് ഒന്നും പറയാനില്ലെന്നു പറഞ്ഞപ്പോള്‍ കുശലം പറഞ്ഞാല്‍ മതിയെന്നായി ചാനലുകാര്‍. ഇതൊന്നും ചിത്രീകരിക്കുന്നില്ലല്ലോ എന്നുചോദിച്ചപ്പോള്‍ ഇല്ലെന്നും പറഞ്ഞു. ആ കുശലസംഭാഷണമാണ് ഇപ്പോള്‍ ആളുകള്‍ കണ്ടു ചിരിക്കുന്നത്.

ഞാനൊന്നും ഗമ പറഞ്ഞതല്ല. പ്രധാനമന്ത്രി മോദിജിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും ആല്‍ഫിക്കുള്ള ബന്ധമൊക്കെ ചോദിച്ചപ്പോള്‍ സത്യസന്ധമായി അതൊക്കെ പറഞ്ഞു. ആറു വര്‍ഷമായി ആല്‍ഫി അവരോടൊക്കെ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഒരു വീട്ടമ്മയെന്ന നിലയില്‍ നോക്കി കണ്ടയാളാണു ഞാന്‍ അതുകൊണ്ടു കുശലസംഭാഷണത്തിനിടെ പറഞ്ഞുവെന്നു മാത്രം. ജീവിതത്തിലെ സൗഭാഗ്യങ്ങളെല്ലാം ദൈവം കൊണ്ടുവന്നു തന്നതാണ്. അതൊക്കെ നന്മ ചെയ്യാന്‍ മാത്രം ഉപയോഗിച്ച ഭര്‍ത്താവിന്റെ ഭാര്യയെന്ന അഭിമാനം മാത്രമേയുള്ളൂ എനിക്ക്, അല്ലാതെ ഗമയില്ല.

എല്ലായ്‌പ്പോഴും ‘ഞാന്‍ ഞാന്‍’ എന്ന് ആല്‍ഫി പറയുന്നുവെന്നൊക്കെയുള്ള പരിഹാസവീഡിയോകളും കണ്ടു. ഞാന്‍ ഇത് അദ്ദേഹത്തോടു പറഞ്ഞു. ഞാന്‍ എന്നു പറയുന്നതു ഗമ പറയുന്നതല്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. വൈദ്യുതിയില്ലാത്ത ഗ്രാമത്തില്‍ ചെറിയൊരു വീട്ടില്‍ ജനിച്ച്, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിച്ച്, പത്താംക്ലാസില്‍ കഷ്ടിച്ചു ജയിച്ച് പിന്നെ കഠിനാധ്വാനം കൊണ്ട് ഐഎഎസ് പാസായി. ആരുടെയും ശുപാര്‍ശയില്ലാതെ മികവ് മാത്രം പരിഗണിച്ച ലോകത്തില്‍ കേന്ദ്രമന്ത്രിപദം വരെയെത്തി. ഇക്കാര്യത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും പറയുമ്പോള്‍ ഞാന്‍ എന്നു പറയാതെ പിന്നെ എന്താ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ശരിയല്ലേ, ആ ചോദ്യം. അത് ഈ തലമുറയില്‍ ആര്‍ക്കെങ്കിലും പ്രചോദനമാകാതിരിക്കില്ലെന്നും ഞാന്‍ എന്ന് ഇനിയും പറയുമെന്നുമാണ് ആല്‍ഫിയുടെ അഭിപ്രായം.”

പരിഹസിക്കുന്നവര്‍ കാണാതെപോയ പലകാര്യങ്ങളുമുണ്ടെന്നു തെളിയിക്കുന്നതാണ് ഷീലയുടെ ജീവിതം. കണ്ണന്താനം ഡല്‍ഹിയിലായിരുന്നപ്പോള്‍ ഷീലയും സജീവമായി സാമൂഹിക പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. ചേരികളില്‍ താമസിക്കുന്നവര്‍ക്കു ശുചിമുറികളും അനാഥ കുട്ടികള്‍ക്കു സംരക്ഷണവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇപ്പോഴും ആഴ്ചയില്‍ രണ്ടുദിവസം ചേരികളില്‍ സേവനം നടത്തുന്നു. ഡല്‍ഹിയിലെ ചില കേന്ദ്രങ്ങളിലെ ചുവന്ന െതരുവുകളിലെ കുഞ്ഞുങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ക്കും ഷീല നേതൃത്വം കൊടുക്കുന്നു. പരിഹസിക്കുന്നവര്‍ക്ക് ഇതൊന്നും കാണേണ്ടയെങ്കിലും സത്യം എന്നും സത്യമായി നിലനില്‍ക്കുമെന്നതാണ് വാസ്തവം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more