1 GBP = 104.22
breaking news

‘ശാലോം വേൾഡ്’ ഏഷ്യ- ആഫ്രിക്ക: മംഗളവാർത്താ തിരുനാളിൽ ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ദൈവമാതാവിന്റെ സമ്മാനം….

‘ശാലോം വേൾഡ്’ ഏഷ്യ- ആഫ്രിക്ക: മംഗളവാർത്താ തിരുനാളിൽ ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും ദൈവമാതാവിന്റെ സമ്മാനം….

ബെന്നി അഗസ്റ്റിൻ

ന്യൂഡൽഹി: ലോകരക്ഷകന്റെ അമ്മയാകാൻ പരിശുദ്ധ കന്യക സമ്മതം അറിയിച്ച മംഗളവാർത്താ തിരുനാളിൽ, ലോകജനസംഖ്യയുടെ 75%വും അധിവസിക്കുന്ന ഏഷ്യ, ആഫ്രിക്ക വൻകരകൾക്ക് ദൈവമാതാവിന്റെ അമൂല്യസമ്മാനം: പ്രേക്ഷകർക്കു മുന്നിൽ മിഴി തുറന്ന് ‘ശാലോം വേൾഡ്’ ഏഷ്യ- ആഫ്രിക്ക ചാനൽ! ശാലോം ശുശ്രൂഷകർ വിവിധ രാജ്യങ്ങളിൽ ക്രമീകരിച്ച പ്രാർത്ഥനകൾ മുന്നേറവേ, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർത്ഥന സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു, ‘ശാലോം വേൾഡി’ന്റെ അഞ്ചാമത്തെ ചാനലിന്റെ സമാരംഭം.

പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചുകൊണ്ട് അമേരിക്കയിൽനിന്ന് ആരംഭിച്ച ‘ശാലോം വേൾഡ്’ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന്റെ ചിത്രീകരണവും അതിന് പിന്നാലെ, അനുഗ്രഹാശിസുകളുമായി സഭാപിതാക്കന്മാർ സ്‌ക്രീനിലെത്തുകയും ചെയ്തപ്പോൾ ചാനൽ ലോഞ്ചിംഗ് പ്രൗഢഗംഭീരമായി. ലോക സുവിശേഷവത്ക്കരണത്തിന് ശ്രദ്ധേയ സംഭാവനകൾ നൽകുന്ന ‘ശാലോം വേൾഡി’ന്റെ പുതിയ സംരംഭത്തെ ആശീർവദിച്ചുകൊണ്ട്, ജനതകളുടെ സുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലേയാണ് ചാനലിലൂടെ ആദ്യം പ്രേക്ഷകരെ അഭിസംബോധന ചെയ്തത്.

‘ഞങ്ങൾക്ക് ഒരു സദ്വാർത്ത എല്ലാവരോടും പങ്കുവെക്കാനുണ്ട്. ‘ശാലോം വേൾഡ്’ ഇന്നു മുതൽ നിങ്ങളിലേക്ക് എത്തുന്നു. വിശ്വാസ വളർച്ചയെയും മിഷണറി ദൗത്യത്തെയും പരിപോഷിപ്പിക്കുന്ന പ്രോഗ്രാമുകൾ കാണാൻ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുന്നു. നിങ്ങളുടെ പിന്തുണയും അനിവാര്യമാണ്. അതുപോലെ, ഈ പുതിയ സംരംഭത്തിന്റെമേൽ ദൈവീകകൃപകൾ ചൊരിയപ്പെടാൻ വേണ്ടിയും നാം പ്രാർത്ഥിക്കണം,’ കർദിനാൾ ടാഗ്ലേ പറഞ്ഞു.

പുതിയ ചാനൽ ക്രിസ്തുവിനെ തേടുന്നവർക്ക് മാർഗദർശിയായി വർത്തിക്കുന്നതിനൊപ്പം, മേഖലയിലെ പീഡിത സഭയുടെ ശബ്ദമായി മാറുമെന്ന പ്രത്യാശയും ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റും മ്യാൻമറിലെ യാങ്കൂൺ ആർച്ച്ബിഷപ്പുമായ കർദിനാൾ ചാൾസ് ബോ വ്യക്തമാക്കി. മാധ്യമലോകത്തെ കത്തോലിക്കാ ശബ്ദം വർദ്ധിതമാക്കാൻ പുതിയ ചാനൽ സഹായകമാകുമെന്ന് സൗത്ത് ആഫ്രിക്കൻ ബിഷപ്പ് സിതെമ്പൽ ആന്റൻ സിപുക അഭിപ്രായപ്പെട്ടു.

ഇവർക്കു പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും സഭയെ പ്രതിനിധീകരിച്ച് മലേഷ്യ,സിംഗപ്പൂർ, ബ്രൂണെ എന്നിവിടങ്ങളിലെ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ്; സതേൺ അറേബ്യ അപ്പസ്‌തോലിക് വികാർ ബിഷപ്പ് പോൾ ഹിൻഡർ; മംഗോളിയൻ ബിഷപ്പ് ഗോർജിയോ മരേങ്കോ എന്നിവരും ആശംസകൾ നേർന്നു. ‘ശാലോം വേൾഡ് ഏഷ്യ- ആഫ്രിക്ക’ ചാനലിന്റെ തീം സോംഗും ഇതോടൊപ്പം പ്രകാശനം ചെയ്തു.

നിർണായകമായ ഈ ചുവടുവെപ്പോടെ ‘ശാലോം വേൾഡി’ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമായി. ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് സുവിശേഷത്തിന്റെ സദ്വാർത്ത പകരുന്ന ശാലോമിന്റെ ദൃശ്യമാധ്യമശുശ്രൂഷ 2014 ഏപ്രിൽ 27നാണ് ഇംഗ്ലീഷ് ജനതയ്ക്കു മുന്നിൽ സമാരംഭിച്ചത്. നോർത്ത് അമേരിക്കയ്ക്കുശേഷം ഘട്ടം ഘട്ടമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചാനൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ നാലാം ഘട്ടമാണ് ഇപ്പോൾ സാധ്യമായത്. നിലവിൽ, ‘ശാലോം വേൾഡി’ന് അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും വെവ്വേറെ ചാനലുകളുണ്ട്. കൂടാതെ, ദിവ്യബലി ഉൾപ്പെടെയുള്ള തിരുക്കർമങ്ങൾ 24 മണിക്കൂറും തത്സമയം ലഭ്യമാക്കുന്ന SW PRAYER ചാനലിന് കഴിഞ്ഞ വർഷം തുടക്കം കുറിച്ചിട്ടുമുണ്ട്.

നോർത്ത് അമേരിക്കൻ, യൂറോപ്പ്, ഓസ്ട്രേലിയ ചാനലുകളിലേതുപോലെ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നുള്ള പ്രോഗ്രാമുകൾകൂടി ഉൾപ്പെടുത്തി ഐ.എസ്.ടി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) സമയക്രമത്തിലാകും ഏഷ്യ- ആഫ്രിക്ക ചാനലിന്റെയും സംപ്രേക്ഷണം. ആത്മീയവളർച്ചയ്ക്ക് സഹായകമായ വിശ്വാസപ്രബോധനങ്ങൾ, ഡോക്യുമെന്ററികൾ, ടോക് ഷോ, മ്യൂസിക് വീഡിയോസ്, കൺസേർട്‌സ്, സന്മാർഗമൂല്യങ്ങൾ പകരുന്ന സിനിമകൾ, കുട്ടികൾക്കുവേണ്ടിയുള്ള ആനിമേഷൻസ് എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രോഗ്രാമുകളാകും ‘ശാലോം വേൾഡി’ന്റെ സവിശേഷത.

ഫീച്ചേർഡ് പ്രോഗ്രാമുകൾക്കൊപ്പം തിങ്കൾമുതൽ വെള്ളിവരെ രാത്രി 9.00ന് ‘SW NEWS’ (ശാലോം വേൾഡ് ന്യൂസ്) ബുള്ളറ്റിനുകളും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, അഞ്ചു മുതൽ 13 വയസുവരെയുള്ള കുട്ടികൾക്കായി എല്ലാ ദിവസവും വൈകിട്ട് 4.00 മുതൽ 6.00വരെ ‘SW PALS’ എന്ന പേരിൽ പ്രോഗ്രാം സെഗ്മെന്റും ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുകshalomworld.org 

വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more