1 GBP = 103.17
breaking news

സാലിസ്ബറി രാസായുധാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ ജി ആർ യു ഉദ്യോഗസ്ഥർക്ക് ചെക്ക് റിപ്പബ്ലിക്ക് ആയുധ ഡിപ്പോ സ്ഫോടനത്തിലും പങ്കെന്ന് റിപ്പോർട്ട്

സാലിസ്ബറി രാസായുധാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ ജി ആർ യു ഉദ്യോഗസ്ഥർക്ക് ചെക്ക് റിപ്പബ്ലിക്ക് ആയുധ ഡിപ്പോ സ്ഫോടനത്തിലും പങ്കെന്ന് റിപ്പോർട്ട്

ലണ്ടൻ: 2018 ൽ സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരൻ സ്ക്രിപാലിനും മകൾക്കുമെതിരെയുണ്ടായ രാസായുധാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച റഷ്യൻ രഹസ്യാന്വഷേണ വിഭാഗം ഉദ്യോഗസ്ഥർക്ക് ചെക്ക് റിപ്പബ്ലിക്കിലെ ആയുധ ഡിപ്പോയിലുണ്ടായ സ്ഫോടനത്തിലും പങ്കെന്ന് റിപ്പോർട്ട്.

യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണ പ്രകാരം ജി‌ആർ‌യുവിന്റെ യൂണിറ്റ് 29155 ആണ് അട്ടിമറി, കൊലപാതകം എന്നിവയ്ക്ക് പിന്നിലെന്നാണ്. അതേസമയം യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ വാദങ്ങൾ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് റഷ്യൻ സർക്കാർ പറഞ്ഞു.

രണ്ട് പേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പ്രതികാരമായി രഹസ്യാന്വേഷണ പ്രവർത്തകരെന്ന് കരുതുന്ന 18 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയാണെന്ന് ചെക്ക് അധികൃതർ പറയുന്നു. സ്‌ഫോടനം ജി‌ആർ‌യുവുമായി ബന്ധിപ്പിക്കുന്ന വെളിപ്പെടുത്തലുകളോട് രാജ്യം പ്രതികരിക്കേണ്ടതുണ്ടെന്ന് ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിസ് പറഞ്ഞു. സംശയത്തെക്കുറിച്ച് രാജ്യം നാറ്റോയെയും യൂറോപ്യൻ യൂണിയൻ സഖ്യകക്ഷികളെയും അറിയിക്കുമെന്നും തിങ്കളാഴ്ച നടക്കുന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ആക്ടിംഗ് വിദേശകാര്യ മന്ത്രി ജാൻ ഹമാസെക് പറഞ്ഞു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സാധാരണ ബന്ധത്തിന്റെ അടിത്തറ നശിപ്പിക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2014 ഒക്ടോബർ 16 ന് ചെക്ക് റിപ്പബ്ലിക്കിലെ ഒരു വനത്തിലെ വെടിമരുന്ന് സംഭരണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. അടിയന്തര വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി കൂടുതൽ അപകടം ഒഴിവാക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. പ്രാദേശിക സ്കൂളുകളെ ഒഴിപ്പിച്ചു. സൈറ്റിൽ ജോലി ചെയ്തിരുന്ന 56, 69 വയസ് പ്രായമുള്ള രണ്ട് പേരുടെ അവശിഷ്ടങ്ങൾ ഒരു മാസത്തിലേറെ കഴിഞ്ഞ് കണ്ടെത്തിയിരുന്നു. സ്ഫോടനം ഒരു സാധാരണ അപകടമാണെന്നാണ് അന്ന് അനുമാനിക്കപ്പെട്ടത്.

2014 ഒക്ടോബറിലെ സ്ഫോടനം സംബന്ധിച്ച് ചെക്ക് പോലീസ് നടത്തിയ അന്വേഷണങ്ങളിൽ ഡിപ്പോ പ്രവർത്തിപ്പിക്കുന്ന കമ്പനിയായ ഐമെക്സ് ഗ്രൂപ്പിന് അയച്ച ഇമെയിലാണ് നിർണായക കണ്ടെത്തലുകൾ ഉള്ളത്. താജിക്കിസ്ഥാനിലെ നാഷണൽ ഗാർഡിൽ നിന്നാണെന്ന് അവകാശപ്പെട്ടു കമ്പനിക്ക് വന്ന ഇമെയിലിൽ പരിശോധനാ സന്ദർശനത്തിനായി രണ്ട് പേർക്ക് സൈറ്റിലേക്ക് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരുടെ പാസ്‌പോർട്ടിന്റെ കോപ്പികൾ ഇമെയിലിൽ സ്കാൻ അറ്റാച്ചുചെയ്തിരുന്നു. താജിക്കിസ്ഥാനിൽ നിന്നുള്ള റുസ്‌ലാൻ തബറോവ്, മോൾഡോവൻ പൗരനായ നിക്കോളാജ് പോപ എന്നിവരുടെ രേഖകളാണ് നൽകിയിരുന്നത്.

എന്നാൽ രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോൾ നടത്തിയ അന്വേഷണങ്ങളിൽ പാസ്‌പോർട്ടുകളിലെ ചിത്രങ്ങൾ സാലിസ്ബറി നോർവിച്ചോക് ആക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടൻ ആരോപിച്ച രണ്ടുപേരുടെ ചിത്രങ്ങളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. റുസ്ലാൻ ബോഷിറോവ്, അലക്സാണ്ടർ പെട്രോവ് എന്നീ പേരുകളിൽ ഇരുവരും 2018 മാർച്ചിൽ യുകെയിലേക്ക് എത്തിയിരുന്നു. ഇരുവരെയും സാലിസ്ബറിയിലെ റെയിൽവേ സ്റ്റേഷനുകളിലെയും വിവിധ തെരുവുകളിലെയും സിസിടിവി ദൃശ്യങ്ങളിൽ കാണാമായിരുന്നു. മുൻ റഷ്യൻ ചാരൻ സെർജി സ്‌ക്രിപാലിന്റെ വീടിന്റെ വാതിൽ ഹാൻഡിൽ റഷ്യൻ സേന ഉപയോഗിച്ചിരുന്ന നോവിച്ചോക്ക് എന്ന രാസവസ്തു പുരട്ടുകയായിരുന്നു. ആക്രമണമേറ്റ സ്ക്രിപാലും മകളും മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് രക്ഷപ്പെട്ടത്. അതേസമയം റഷ്യൻ ഉദ്യോഗസ്ഥർ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നോർവിച്ചോക് അടങ്ങിയ പെർഫ്യൂം കുപ്പിയിൽ നിന്ന് വിഷാംശമേറ്റ് ഡോൺ സ്റ്റർഗെസ് എന്ന സ്ത്രീ മാസങ്ങൾക്കുശേഷം കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more