മോസ്‌കോ: നിർബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂട്ടത്തോടെ റഷ്യൻ യുവാക്കൾ കൂട്ടത്തോടെ രാജ്യം വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യയിൽനിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളിൽ വിറ്റുതീർന്നു. അർമീനിയ, ജോർജിയ, അസർബൈജാൻ, കസാഖിസ്താൻ എന്നിവിടങ്ങളിലേക്കുള്ള വൺവേ ടിക്കറ്റുകളാണ് വിറ്റവയെല്ലാം. ബഹുഭൂരിപക്ഷവും തിരിച്ച് ടിക്കറ്റെടുത്തിട്ടില്ല. തുടർന്ന് 18നും 65നുമിടെ പ്രായമുള്ളവർക്ക് വിമാനടിക്കറ്റ് നൽകരുതെന്ന് റഷ്യൻ വിമാനകമ്പനികൾക്ക് നിർദേശം നൽകിയിരിക്കയാണ് സർക്കാർ.
രാജ്യം വിടാൻ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാക്കിയതായും ഫോർച്യൂൺ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വരെ ഇസ്താംബൂളിലേക്കുള്ള എല്ലാ ടിക്കറ്റുകളും ബുക്കു ചെയ്യപ്പെട്ടതായി തുർക്കിഷ് എയർലൈൻസ് വെളിപ്പെടുത്തി. അതിനിടെ, 18നും 65നും ഇടയിലുള്ള പൗരന്മാർക്ക് വിമാനടിക്കറ്റ് നൽകരുതെന്ന് ഗവൺമെന്റ് ആവശ്യപ്പെട്ടതായി നിരവധി മാധ്യമ പ്രവർത്തകർ ട്വീറ്റു ചെയ്തു. ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്‌ളിൽ ടോപ് ട്രൻഡിങ്ങായി.
യുക്രെയ്നെതിരായ പോരാട്ടത്തിൽ കൂടുതൽ പേർ അണിനിരക്കണമെന്ന് ടെലിവിഷൻ അഭിസംബോധനയിൽ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ അണി നിരക്കാൻ മുപ്പത് ലക്ഷം പേരെ വിളിക്കുമെന്നാണ് പുടിന്റെ പ്രസംഗ ശേഷം പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു അറിയിച്ചത്. പാർഷ്യൽ മൊബിലൈസേഷൻ (നിശ്ചിത ശതമാനം പേർ സൈന്യത്തിന്റെ ഭാഗമാകൽ) ആവശ്യമാണ് എന്നായിരുന്നു പുടിൻ പറഞ്ഞിരുന്നത്. തുടർന്നാണ് റഷ്യൻ ജനത കൂട്ടമായി നാടു വിടാനൊരുങ്ങിയത്.
ഫെബ്രുവരി 24നാണ് റഷ്യൻ സൈന്യം യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചത്. യുദ്ധം ഏഴു മാസം പിന്നിടുമ്പോൾ യുക്രെനിലെ പല സ്ഥലങ്ങളിൽനിന്നും വിദേശ സേനയ്ക്ക് പിന്മാറേണ്ടി വന്നിട്ടുണ്ട്.
click on malayalam character to switch languages