1 GBP = 104.30
breaking news

പ്രളയക്കെടുതിയിൽ സഹായ ഹസ്തവുമായി ഖത്തറും; കേരളത്തിന് 35 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് അമീര്‍

പ്രളയക്കെടുതിയിൽ സഹായ ഹസ്തവുമായി ഖത്തറും; കേരളത്തിന് 35 കോടിയുടെ ധനസഹായം പ്രഖ്യാപിച്ച് അമീര്‍

ദോഹ: മഹാപ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി. അന്‍പത് ലക്ഷം ഡോളറിന്റെ(35കോടി ഇന്ത്യന്‍ രൂപ) അടിയന്തര സഹായമാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.

മഹാപ്രളയത്തില്‍ അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍പ്രസിഡന്റിന് അനുശോചനം അറിയിച്ചു. കേരളത്തിലെ പ്രളയദുരിതത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും അനുശോചിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം അനുശോചനസന്ദേശം അയച്ചു.

ഇതിനിടെ കേരളത്തിന് സഹായവുമായി ഖത്തര്‍ ചാരിറ്റിയും രംഗത്തുണ്ട്. ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 40ലക്ഷത്തിലധികം റിയാല്‍(7.60കോടി രൂപ) സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60,000പേര്‍ക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കും. കാരുണ്യമനസ്‌കര്‍ക്ക്, പൗരന്‍മാരും പ്രവാസികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഖത്തര്‍ ചാരിറ്റി പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാം. കേരള ഫ്ളഡ് റിലീഫ് എന്ന പേരിലാണ് കാമ്പയിന്‍.

രക്ഷാ കേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ, ഭക്ഷണേതര സാധനങ്ങള്‍ എത്തിക്കുക, മെഡിക്കല്‍ സഹായം എന്നീ ആവശ്യയങ്ങള്‍ക്കു വേണ്ടിയാണു സഹായം നല്‍കാനാവുക. ഖത്തര്‍ ചാരിറ്റി നടത്തുന്ന ക്യാമ്പയിനിലേക്ക് സംഭാവനകള്‍ നല്‍കാം. ഖത്തര്‍ ചാരിറ്റി വെബ്സൈറ്റിലെ കേരള ഫ്ളഡ് റിലീഫ് പേജില്‍ ഷെല്‍ട്ടര്‍ വിഭാഗത്തില്‍ 500 റിയാല്‍ മുതല്‍ സംഭാവന നല്‍കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more