1 GBP = 104.30
breaking news

കുര്യന്‍ വിരമിക്കുന്നു; രാജ്യസഭാ ഉപാധ്യക്ഷ പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു

കുര്യന്‍ വിരമിക്കുന്നു; രാജ്യസഭാ ഉപാധ്യക്ഷ പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ ഇനി കോണ്‍ഗ്രസ് സാന്നിധ്യമുണ്ടാവില്ല. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ അംഗത്വം ജൂലായില്‍ അവസാനിക്കുന്നതോടെയാണ് കോണ്‍ഗ്രസിന്റെ പദവികള്‍ അവസാനിക്കുന്നത്. നിലവില്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ലോക്‌സഭാ സ്പീക്കറും ഡെപ്യുട്ടി സ്പീക്കറും രാജ്യസഭാ ചെയര്‍മാനും എന്‍.ഡി.എ പ്രതിനിധികളാണ്.

41 വര്‍ഷത്തിനു ശേഷമാണ് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ പദവി നഷ്ടപ്പെടുന്നത്. 1977ല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന രാം നിവാസ് മിര്‍ദ്ധ ആയിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്‍. തുടര്‍ന്നിങ്ങോട്ട് വന്ന എല്ലാ ഉപാധ്യക്ഷന്മാരും കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ആയിരുന്നു. 2002ല്‍ ബി.ജെ.പിയിലെ ഭൈരോണ്‍ സിംഗ് ഷെഖാവത്ത് വൈസ് പ്രസിഡന്റ് ആയിരുന്നപ്പോഴും ഉപാധ്യക്ഷ പദവി കോണ്‍ഗ്രസിനു തന്നെയായിരുന്നു.

ജൂലായില്‍ കുര്യന്‍ വിരമിക്കുന്നതോടെ കോണ്‍ഗ്രസ് ഇതര ഉപാധ്യക്ഷനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. ഇതോടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി നാല് സുപ്രധാന പദവികളും കോണ്‍ഗ്രസന് അന്യമാകുകയാണ്. അതേസമയം, രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് മതിയായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ പല തന്ത്രങ്ങള്‍ക്കൂം സഭ സാക്ഷിയാകും. കോണ്‍ഗ്രസിന് പദവി ലഭിക്കാതിരിക്കാന്‍ എന്‍.ഡി.എ സഖ്യത്തിന് പുറത്തുള്ള മറ്റേതെങ്കിലും കക്ഷിക്ക് ഉപാധ്യക്ഷ സ്ഥാനം നല്‍കാനും ഇടയുണ്ട്. 2014ല്‍ ലോക്‌സഭയിലെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാതിരിക്കാന്‍ എഐഎഡിഎംകെ ക്ക് പദവി നല്‍കിയ എന്‍.ഡി.എ ഈ നീക്കം തന്നെ രാജ്യസഭയിലും പുറത്തെടുത്തേക്കുമെന്നാണ് സൂചന.

സാധാരണയായി ഭരണകക്ഷിയില്‍ നിന്നാണ് ലോക്‌സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും (ഉപരാഷ്ട്രപതി) വരുന്നത്. പ്രതിപക്ഷത്തിന് ഡെപ്യുട്ടി സ്പീക്കറേയും ഡെപ്യുട്ടി ചെയര്‍മാനേയും നാമനിര്‍ദേശം ചെയ്യാന്‍ അവകാശമുണ്ട്. 2004ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയുടെ ചരണ്‍ജിത് സിംഗ് അതവാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്നു. 2009ല്‍ കരിയ മുണ്ടയും ഈ പദവിയില്‍ എത്തി. എന്നാല്‍ രാജ്യസഭ ചെയര്‍മാനും ഉപാധ്യക്ഷനും കോണ്‍ഗ്രസിന്റെ തന്നെ പ്രതിനിധികളായിരുന്നു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നതിനും എഐഎഡിഎംകെ പോലെയുള്ള കക്ഷികളെ മുന്നണിയോട് അടുപ്പിക്കുന്നതിനും രാജ്യസഭാ ഉപാധ്യക്ഷ പദവി ബി.ജെ.പി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം എം. തമ്പിദുരൈയ്ക്ക് നല്‍കിയത് എഐഎഡിഎംകെയ്ക്കുള്ള നല്ലൊരു സന്ദേശമായിരുന്നു. സര്‍ക്കാരിനെതിരെ ഇപ്പോള്‍ ലോക്ഭസയില്‍ വന്ന അവിശ്വാസ പ്രമേയ നോട്ടീസുകള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയാത്ത വിധത്തില്‍ സഭ സ്തംഭിപ്പിക്കുന്ന എഐഎഡിഎംകെയുമാണ്. തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കുന്നതിന് എഐഎഡിഎംകെയെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് ബി.ജെ.പി തുടര്‍ന്നുവരുന്നതും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more