1 GBP = 104.30
breaking news

ബ്രിട്ടൻ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പ് : നോര്‍ഫോള്‍ക് കൗണ്ടിയിൽ ബിബിൻ ബേബിക്ക് തിളക്കമാർന്ന വിജയം

ബ്രിട്ടൻ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പ് : നോര്‍ഫോള്‍ക് കൗണ്ടിയിൽ ബിബിൻ ബേബിക്ക് തിളക്കമാർന്ന വിജയം

ലണ്ടൻ : ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിബിൻ ബേബി വിജയിച്ചു. ലേബർ പാർട്ടി സ്ഥാനാർഥിയായി നോര്‍ഫോള്‍ക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേക്കാണ് ബിബിൻ മത്സരിച്ചത്. 18 മലയാളികളാണ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ മത്സരിച്ചത്.

സ്പ്രോസ്‌റ്റൺ ഈസ്റ്റ് വാർഡിൽ നിന്നും മത്സരിച്ച ബിബിൻ 957 വോട്ടുകൾ നേടി. ഒപ്പം ഉണ്ടായിരുന്ന ലേബർ സ്ഥാനാർഥി മാർട്ടിൻ ബൂത്ത് 1017 വോട്ടുകൾ നേടി വിജയിച്ചു. ഇരുവരും കൺസർവേറ്റീവ് സ്ഥാനാർഥികളെക്കാൾ 200 വോട്ടുകളോളം അധികം നേടിയാണ് വിജയിച്ചത്. ബ്രോഡ്‌ലാൻഡ് ജില്ല കൗൺസിലിൽ ആകെ 47 കൗൺസിലർമാരാണ് ഉള്ളത്. ഇതിൽ ഫലം പുറത്തു വന്നവയിൽ 10 സീറ്റ് കൺസർവേറ്റീവ് പാർട്ടിയും 6 സീറ്റ് ലേബർ പാർട്ടിയും നേടി. ലിബറൽ പാർട്ടി 4 സീറ്റുകളാണ് നേടിയത്.

രണ്ടാം തവണയാണ് ബിബിൻ ബ്രോഡ്‌ലാൻഡ് ജില്ല കൗൺസിലിലേക്ക് ജനവിധി തേടുന്നത്. ഇത്തവണ ലേബർപാർട്ടിക്ക് ജയസാധ്യത കൂടതലുള്ള സ്പ്രോസ്‌റ്റൺ ഈസ്റ്റ് വാർഡിൽ നിന്ന് മത്സരിക്കാനായിരുന്നു ലേബർ പാർട്ടി നിർദ്ദേശം. ഒപ്പം ടൗൺ കൗൺസിലിൽ സൗത്ത് ഈസ്റ്റ്‌ വാർഡിൽ നിന്നും മത്സരിക്കാനും നിർദ്ദേശം ലഭിച്ചു.

ലേബർ പാർട്ടി ദേശീയ സമ്മേളനത്തിൽ നോർത്ത് നോർവിച്ച് നിയോജക മണ്ഡലത്തിൽ നിന്നുള്ള ഇലക്റ്റഡ് ഡെലിഗേറ്റായി പങ്കെടുത്ത ബിബിന് ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ കീർ സ്റ്റാംമെറിനൊപ്പം വേദി പങ്കിടാനുള്ള അവസരവും ലഭിച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തങ്ങളിലും സാന്നിധ്യം അറിയിച്ച ശേഷമാണു ബിബിന്‍ കുഴിവേലി എന്നറിയപ്പെടുന്ന ബിബിന്‍ ബേബി തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത്.

നിലവിൽ നോർഫോൾക്ക് ആന്റ് നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ഇലക്റ്റഡ് ഗവർണറായി സേവനമനുഷ്ഠിക്കുന്നു. ലേബർ പാർട്ടിയുടെ ഹെല്‍സ്ടാന്‍ ബ്രാഞ്ച് സെക്രട്ടറിയും നോർവിച്ച് ലേബർ പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

ബിബിൻ കോൺഗ്രസ്‌ അനുകൂല സംഘടനകളായ ഒഐസിസി യുകെ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ചാപ്റ്റർ യൂത്ത് കോർഡിനേറ്റർ എന്നീ നിലകളിലും മുൻപ് പ്രവർത്തിച്ചിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്‌‌യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു

വിവിധ മലയാളി സംഘടനകളിലൂടെ ബിബിന് പിന്തുണയുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നോര്‍വിച്ചിലെ മലയാളി സുഹൃത്തുക്കളും ഇംഗ്ലീഷുകാര്‍ ഉൾപ്പടെയുള്ളവരും ഒപ്പമുണ്ട്. കോട്ടയം കടുത്തുരുത്തിയിൽ കുഴിവേലിൽ കുടുബംഗമാണ് ബിബിൻ ബേബി. തൃശൂര്‍ ചേലക്കര സ്വദേശിയായ ടിന്‍സിയാണ് ബിബിന്റെ ഭാര്യ, ബെല്‍വിന്‍ , ബെല്‍മിയ എന്നിവരാണ് മക്കള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more