ലണ്ടൻ: ആശുപത്രികളിലെ സമ്മർദ്ദം നിയന്ത്രിക്കാൻ എൻഎച്ച്എസ് ‘വിന്റർ വാർ റൂമുകൾ’ ആരംഭിച്ചു. ഡസൻ കണക്കിന് എൻഎച്ച്എസ് “ട്രാഫിക് കൺട്രോൾ സെന്ററുകൾ” ഇംഗ്ലണ്ടിൽ ഉടനീളം നിലവിൽ സജീവമാണ്. ഇത് കൂടാതെയാണ് കൂടുതൽ വാർ റൂമുകൾ ആരംഭിച്ചത്.
42 വിന്റർ വാർ റൂമുകളാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങളിലെ ചികിത്സ, കാത്തിരിപ്പ് സമയം, സ്റ്റാഫ് ലെവലുകൾ, ആംബുലൻസ് പ്രതികരണ സമയം, കിടക്കകളുടെ ലഭ്യത തുടങ്ങിയ ഡാറ്റകൾ ഉപയോഗിച്ചാണ് വാർ റൂമുകളുടെ പ്രവർത്തനം. ഡാറ്റയുപയോഗിച്ച് ജീവനക്കാരെ കൂടുതൽ ആവശ്യമുള്ള ആശുപത്രികളിലേക്ക് നിയോഗിക്കുക, ആംബുലൻസുകളെ തിരക്കില്ലാത്ത ആശുപത്രികളിലേക്ക് വഴിതിരിച്ചുവിടുക തുടങ്ങിയ കാര്യങ്ങൾക്കായി ഉപയോഗിക്കും.
വിപുലമായ പദ്ധതിയുടെ ഭാഗമായി ഒക്ടോബറിലാണ് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചത്. വാർ റൂമുകൾ ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കും. പകൽ മുഴുവൻ ജീവനക്കാരും രാത്രി ഓൺ-കോൾ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശികമായി പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററുകൾ ശൈത്യകാലത്തിനായുള്ള തങ്ങളുടെ വിപുലമായ തയ്യാറെടുപ്പുകളുടെ ഒരു ഭാഗം മാത്രമാണ്, എന്നാൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് സുപ്രധാന വിവരങ്ങൾ പങ്കിടുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്ന് എൻഎച്ച്എസ് ദേശീയ മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പോവിസ് പറഞ്ഞു. ദേശീയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് ആറ് ആഴ്ചകൾക്കുള്ളിൽ തന്നെ മെയ്ഡ്‌സ്റ്റോൺ മുതൽ ലിങ്കൺ വരെ, തങ്ങളുടെ ടീമുകൾ ഇംഗ്ലണ്ടിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages