1 GBP = 104.38
breaking news

നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല; ഗാന്ധിഭവനില്‍ ടി.പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ

നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല; ഗാന്ധിഭവനില്‍ ടി.പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നവ്യ

പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന നടന്‍ ടി പി മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ. ഗാന്ധിഭവനില്‍ വച്ച് ടി പി മാധവനെ കണ്ട നവ്യ, വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോട് നവ്യ പറഞ്ഞു.

നവ്യയുടെ വാക്കുകള്‍;

‘ഇവിടെ വന്നപ്പോള്‍ തന്നെ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്ല്യാണ രാമനും ചതിക്കാത്ത ചന്തുവുമൊക്കെ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ചിത്രങ്ങളാണ്. അദ്ദേഹം പിന്നീട് എവിടെയായിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇവിടെ വച്ച് കണ്ടപ്പോള്‍ പെട്ടന്ന് ഷോക്കായി. എന്റച്ഛനോളം, അമ്മയോളം, അതിനെക്കാള്‍ മുകളിലായി ഞാനാരെയും കണക്കാക്കിയിട്ടില്ല… നിറകണ്ണുകളോടെ നവ്യ പറഞ്ഞു.

ഗാന്ധി ഭവനില്‍ വന്ന് ഇവിടെയുള്ളവരെയൊക്കെ നേരിട്ട് കാണണമെന്ന് കരുതിയതാണ്. പക്ഷേ പരിപാടി തുടങ്ങുന്ന സമയത്തേ എത്താന്‍ കഴിഞ്ഞുള്ളൂ. ഇവിടെ വന്നപ്പോള്‍ തന്നെ ടിപി മാധവന്‍ ചേട്ടനെ കണ്ടു. കുറച്ചുകാലമായിട്ടുള്ളു അദ്ദേഹം ഇവിടെ വന്നിട്ട്. പക്ഷേ എനിക്കറിയില്ലായിരുന്നു. കണ്ടപ്പോള്‍ തന്നെ എന്റെ കണ്ണുനിറഞ്ഞു. നമ്മുടെയൊന്നും നാളത്തെ അവസ്ഥ എന്താണെന്ന് പറയാനാകില്ല. മാതാ പിതാ ഗുരു ദൈവം എന്ന് ചെറിയ ക്ലാസില്‍ മുതലേ നമ്മള്‍ പഠിക്കുന്നുണ്ട്. എന്റെ ജീവിതത്തിലും അച്ഛനോളം, അമ്മയോളം വലുതായി ഞാനാരെയും കണക്കാക്കിയിട്ടില്ല..

അങ്ങനെയല്ലാതെ, ഇവിടെ താമസിക്കുന്ന ഒരുപാട് അച്ഛനമ്മമാരുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഇവിടെ എത്തിയ കുട്ടികളുണ്ട്. വിശാല മനസ്‌കരായ വ്യക്തികള്‍ ഈ സ്ഥാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നെക്കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയില്ല. പക്ഷേ എന്റെ കഴിവിന്റെ പരിധിക്കുള്ളില്‍ നിന്ന്, എന്തെങ്കിലും തരത്തില്‍ പ്രയോജനം ലഭിക്കുമെങ്കില്‍ അതിനായി, ഇവിടെ ഒരു നൃത്തം ഇവര്‍ക്കായി അവതരിപ്പിക്കും.

എനിക്കൊരു മകനുണ്ട്. സായ് കൃഷ്ണ എന്നാണ് പേര്. 11 വയസുണ്ട്. ഈയിടയ്ക്ക് ബഹ്‌റൈനില്‍ പോയപ്പോള്‍, അവന്‍ രണ്ട് ടി ബിയുടെ മെമ്മറി കാര്‍ഡ് നോക്കി. ഒരുലക്ഷത്തോളം രൂപയായിരുന്നു വില. എന്തിനാണെന്ന് ചോദിച്ചപ്പോള്‍, ഇപ്പോഴുള്ള കാര്‍ഡില്‍ ഞാന്‍ കളിക്കുന്ന ഗെയിമുകള്‍ക്ക് സ്‌പേസ് ഇല്ലെന്ന് അവന്‍ പറഞ്ഞു. ഇപ്പോഴുള്ള കാര്‍ഡില്‍ നിന്ന് പഴയ ഗെയിം കളഞ്ഞിട്ട് പുതിയത് ഇന്‍സ്റ്റാള്‍ ചെയ്തൂടെ എന്ന് ഞാന്‍ ചോദിച്ചു. അവന്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ, അവനെ സംബന്ധിച്ചിടത്തോളം മറ്റ് പല മാര്‍ഗങ്ങളും അവസരങ്ങളും ഉള്ളതിനാല്‍ അവന് വേറൊന്നും ചിന്തിക്കാനില്ല.

അവനോട് ഞാനിടയ്ക്കിടയ്ക്ക് പറഞ്ഞുകൊടുക്കും, ഇതുപോലെയുള്ള സ്ഥലങ്ങളില്‍ വന്നുകാണാന്‍. എന്തെല്ലാം സൗകര്യങ്ങള്‍ നിനക്ക് കിട്ടിയിട്ടുണ്ടെന്ന് അപ്പോള്‍ മനസിലാകുമെന്ന്. അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തിലും സംരക്ഷണത്തിലും ജീവിക്കാനാകുക എന്നതാണ് ഈ ലോകത്ത് ഒരു വ്യക്തിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം. എനിക്കും എന്റെ മകനും ആ ഭാഗ്യം ലഭിച്ചു. പക്ഷേ അവന് എന്താണ് കിട്ടിയതെന്നറിയാന്‍, മറ്റുള്ളവര്‍ക്ക് എന്താണ് ഇല്ലാത്തതെന്ന് അവനറിയണം. അതിനായി അവനെ ഒരു ദിവസം ഞാനിവിടെ കൊണ്ടുവരും. നവ്യ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more