1 GBP = 104.17
breaking news

നരേന്ദ്രമോദി മഹാത്മാവായി മാറുമോ? ..കാരൂർ സോമൻ

നരേന്ദ്രമോദി മഹാത്മാവായി മാറുമോ? ..കാരൂർ സോമൻ
ഇന്ത്യയുടെ ചരിത്രത്താളുകളിൽ ഗുജറാത്തിൽ നിന്നും മഹാത്മാവായികണ്ടത് മോഹൻദാസ് കരം ചന്ദ്ഗാന്ധിയാണ്.  ചരിത്രത്തിൽ ഇത്രമാത്രം വിജയം കണ്ടെത്തിയ ഒരു തെരഞ്ഞെടുപ്പും എതിരാളികളാൽ ആക്രമിക്കപ്പെട്ട, വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു പ്രധാനമന്ത്രിയുണ്ടായിട്ടില്ല.  ജനഹൃദയങ്ങളിലെത്തി സമൂഹത്തെ മാറ്റിമറിക്കുന്ന  ഇന്ത്യയുടെ നവയുഗ ശില്പിയായി നരേന്ദ്രമോദിയും സമാധാനം പുലരുന്ന ഒരു രാജ്യമായി ഇന്ത്യ മാറുമോ?   നരേന്ദ്രമോദി ഡൽഹിയിൽ കുടിയ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പുതിയ എം.പി മാർക്ക് വിജയാശംസങ്ങൾ നേരുന്നതിനൊപ്പം ചില മാർഗ്ഗനിര്ദേശങ്ങൾ കുടി നൽകിയത് വികലമായ കണ്ണാടിയിൽ മുഖം മിനുക്കി  പോകുന്ന, വിവേകം നഷ്ടപ്പെട്ട,സുഖഭോഗികളായ  ജനപ്രതിനിധികൾക്കുള്ളചില  മുന്നറിയിപ്പുകുടിയായിരുന്നു.  ആ വാക്കുകൾ ലോകമെങ്ങും അലയടിച്ചുയർന്നു. ഒരു ജനസേവകൻ എന്ന നിലയിൽ അദ്ദേഹത്തിന്റ മുഖത്തു് പുഞ്ചിരിയും വാക്കുകളിൽ ആർദ്രമായ സ്‌നേഹവും കുടികൊള്ളുന്നുണ്ട്. ഉച്ചഭാഷിണിയിൽകൂടി  “ഓം” ഉച്ചാരണത്തെക്കാൾ ശബ്‌ദഗാംഭിര്യത്തോടെ മണിക്കൂറുകൾ പ്രസംഗിക്കുക യോഗകൊണ്ടു നേടിയ നേട്ടങ്ങൾ തന്നെയാകാം.   സമൂഹത്തിന്റ സമസ്ത മേഖലകളിലും സ്വന്തം വീട്ടിൽപോലും ഗുരുത്വം, ആദരവ്, എളിമ, സ്‌നേഹം, വിനയം  നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മുതിർന്ന നേതാക്കന്മാരെ കാൽതൊട്ടു വന്ദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ജനം ഉറ്റുനോക്കുന്നത് രാജ്യം അർപ്പിച്ച വിശ്വാസം നരേന്ദ്രമോദി കാത്തുസൂക്ഷിക്കുമോ?
അദ്ദേഹത്തിൻ്റെ പ്രസംഗം കേട്ടപ്പോൾ  മനസ്സിലേക്ക് കടന്നു വന്നത് നെഹ്റുവാണ്. ഡൽഹിയിൽ വർഗ്ഗിയ ലഹള നടന്ന കാലത്തു വീട് നഷ്ടപ്പെട്ടവർ ധാരാളമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു തൻറെ വീടിൻ്റെ ഒരു ഭാഗം കുറെ പാവങ്ങൾക്ക് താമസിക്കാൻ കൊടുത്തു. ഒരു ദിവസം അവിടെ താമസിച്ചവർക്കൊപ്പം നെഹ്‌റു അരി വാങ്ങാൻ റേഷൻ കടയിൽ പോയി. നെഹ്‌റു ക്യുവിൽ നിൽക്കുന്നത് ജനങ്ങൾ അത്ഭുതത്തോടെ നോക്കി. ചിലർ സമീപിച്ചു പറഞ്ഞു. അരി ഞങ്ങൾ വാങ്ങി വരാം. അങ്ങ് ക്യുവിൽ നിൽക്കേണ്ട. നെഹ്‌റു കൊടുത്ത മറുപടി. “ഞാനും നിങ്ങളെപ്പോലെ ഒരു ഇന്ത്യൻ പൗരൻ. ക്യുവിൽ നിൽക്കുന്നതിൽ അഭിമാനം മാത്രം. മറിച്ചായാൽ അത് നിങ്ങളോടുള്ള അപമാനമാണ്”. ഇത് ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ കൃഷി നടത്തുന്ന ബൂർഷ്വ മുതലാളിമാരായ ജനപ്രതിനിധികൾ  കണ്ടു പഠിക്കേണ്ട പാഠമാണ്. 1980 കളിൽ ഞാൻ ഡൽഹിയിലുണ്ടായിരുന്ന കാലം കേരളത്തിൽ നിന്നുള്ള എം.പി മാരടക്കം ബ്രിട്ടീഷുകാർ തീർത്ത മനോഹരമായ ബംഗ്ളാവിന് പിറകിലുള്ള കെട്ടിടങ്ങൾ വാടകക്ക് കൊടുക്കുമായിരുന്നു. എൻ്റെ ചില ബന്ധുക്കളും അങ്ങനെ താമസിച്ചിട്ടുണ്ട്. ജോലിതേടി അലയുന്ന മലയാളിയിൽ നിന്നുവരെ നല്ലൊരു തുക വാടക വാങ്ങുമായിരുന്നു.  അതിനാലാണ് ഈ കൂട്ടരെ ഞാൻ രാഷ്ട്രീയത്തിലെ ബൂർഷ്വകൾ എന്ന് വിളിക്കുന്നത്. ഇത്തരക്കാർ ഏതൊരു നാടിനും അപമാനമാണ്. ഇത് ചെറിയ ഒരുദാഹരണം മാത്രം. നെഹ്‌റുവിനെപ്പോലുള്ള നമ്മുടെ പൂർവ്വികരുടെ എത്രയെത്ര അനശ്വരമായ സാമൂഹ്യ പ്രതിബദ്ധതയും, കരുതലും, അറിവും, സംസ്കാരവും അനുഭവസാഷ്യങ്ങളാണ്.   ഇന്നത്തെ സംസ്കാരിക അധപതനം കാണുമ്പൊൾ, ഏകാധിപതികളെ കാണുമ്പോൾ നരേന്ദ്രമോദിയുടെ വിലപ്പെട്ട വാക്കുകളും നെഹ്‌റുവിൻ്റെ  പ്രവർത്തിയും ആരും ഓർക്കുക സ്വഭാവികമാണ്.
അധികാരത്തിൻ്റെ  വിഴുപ്പുചാലുകളിൽ അഭിരമിച്ചു ജീവിക്കുന്നവരെ നഖശിഖാന്തം അദ്ദേഹം എതിർക്കുന്നു. സമൂഹത്തിൽ ജാതി മത  അസഹിഷ്ണത വളർത്തരുത്,  അഹന്ത, അധികാരം അഹങ്കാരമാകരുത്,  മനുഷ്യർക്ക്‌
മുന്നിൽ വികലചിന്തകളുണ്ടാക്കരുത്,  ദാരിദ്ര്യ നിർമാർജ്ജനം തുടങ്ങിയ വികസനങ്ങളാണ് നമ്മുടെ ലക്ഷ്യ൦, വി ഐ പി സംസ്കാരം മാറ്റണം, പ്രശസ്തിക്കായി മാധ്യമങ്ങളുടെ പിറകെ പോകരുത്, വായിൽ വരുന്നത് വിളിച്ചുകൂവരുത്, തെറ്റായുള്ള പ്രവർത്തികളിൽ ഉത്തരവാദിത്വബോധം മറക്കരുത്, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണം തുടങ്ങിയവ ലോകത്തെ അത്ഭുതപ്പെടുത്തിയ തെരഞ്ഞെടുപ്പുപോലെ കുളിർമ്മയും സുഗന്ധവും പരത്തുന്ന വാക്കുകളാണ്.  ഇതുപോലുള്ള ധീരമായ നിലപാടുകൾ  മനുഷ്യവകാശ ലംഘനങ്ങൾക്കിടയിൽ വേദനിക്കുന്ന മനുഷ്യന് ഒരാശ്വാസമാണ്. ഭരിക്കുന്ന പാർട്ടിയുടെ ഇഷ്ടാനുസരണം നിയമങ്ങളെ അട്ടിമറിക്കരുത്.  ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്റ പൊള്ളത്തരങ്ങളെ ഇനിയെങ്കിലും പൊളിച്ചെഴുതണമെന്ന് പറയുന്നതുപോലെ തുരുമ്പ്പിടിച്ച ഇന്ത്യൻ വ്യവസ്ഥിതിയും മാറ്റിയെഴുതണം. അവിടെ രാഷ്ട്രീയ വേർതിരിവുകളേക്കാൾ കൈക്കൊള്ളേണ്ടത്  മനുഷ്യനാവശ്യമായ കാലോചിതമായ മാറ്റങ്ങളാണ്. അധികാരത്തിലിരിക്കുന്നവരുടെ മടിശ്ശില വീർപ്പിച്ചു പാവങ്ങളുടെ ദാരിദ്ര്യം ഇനിയും വർദ്ധിപ്പിക്കരുത്.  പ്രസംഗത്തിനിടയിൽ ഗാന്ധി, പട്ടേൽ, നെഹ്‌റു, അംബേദ്ക്കർ തുടങ്ങിയ പല മഹാന്മാരെ അദ്ദേഹം അനുസ്മരിച്ചു. ജാതിമതങ്ങൾ മാറ്റി എല്ലാം ഇന്ത്യക്കാരനും ഒന്നായി നിന്നാൽ ഇന്ത്യ ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. ഇന്നത്തെ വികസിത രാജ്യങ്ങൾ അതിനുദാഹരണമാണ്.
ബിജെപിയിലുള്ളവർക്ക് മാത്രമല്ല നരേന്ദ്രമോദി നടത്തിയ ചാട്ടവാറടികൾ. എല്ലാം രാഷ്ട്രീയ പാർട്ടികൾക്കും അത് വീതിച്ചുനല്കിയതാണ്.  ഉടുത്തൊരുങ്ങി നിൽക്കുന്ന സോഷ്യലിസ്റ്റുകൾക്കും യുക്തിവാദികൾക്കും നല്ല കാര്യങ്ങൾ മാതൃകയാക്കാം.  ബിജെപിയുടെ ചാട്ടവാർ നരേന്ദ്രമോദിയിൽ എന്നതുപോലെ എല്ല പാർട്ടി നേതൃത്വവും ഇതുപോലുള്ള ചാട്ടവാർ കൈയിൽ കരുതിയാൽ മനുഷ്യരിലെ ആകുലതകളും പ്രതീക്ഷകളും വളരുക മാത്രമല്ല ആ പാർട്ടികൾക്കൊപ്പം ജനങ്ങൾ സഞ്ചരിക്കുകയും ചെയ്യും.  അതാണ് ഒരു ജനപ്രതിനിധിയെ കൂടുതൽ കരുത്തനാക്കുന്നത്.  കള്ളവും ചതിയും കൈക്കൂലിയും വാങ്ങാത്ത ജനപ്രധിനിധികളിൽ ജനം അഭിമാനം കൊള്ളുകതന്നെ ചെയ്യും.  മട്ടുപ്പാവിൽ നിന്നിറങ്ങി ജനത്തിനൊപ്പം സഞ്ചരിക്കാനും കർമ്മങ്ങളിൽ ഏർപ്പെടാനും പറയുന്നത് ആരെയാണ് ആകൃഷ്ടരാകാത്തത്‌? വോട്ടുകൾക്കുവേണ്ടി ഒരോരോ വേദികളിൽ പ്രത്യക്ഷപ്പടുന്നതാണോ ജനസേവനം?  നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർഥ്യമാകുമോ എന്ന് ആശങ്കയോട് നോക്കികാണുന്നവരുമുണ്ട്. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആർക്കും വശംവദനാകാതെ, മാധ്യമങ്ങളുടെ പിറകെ പോകാതെ രാഷ്ട്രിയക്കാരിലെ ഗുണഗണങ്ങൾ മോദിതരംഗംപോലെ ആ മനസ്സിൽ കടന്നുകൂടിയ ചിന്താതരംഗങ്ങളായി പുറത്തു വന്നു. ഒരു ജനപ്രതിനിധി ജയിച്ചാൽ ആ വ്യക്തിയെ മാധ്യമങ്ങൾ വാനോളമുയർത്തുന്നു. അതിന്റ ഗുണഭോക്താക്കൾ ഇവർ മാത്രമല്ല മാജിക് സിനിമകളിൽ വേഷങ്ങൾ കെട്ടിയാടുന്ന നായിക നായകന്മാര്ക്കുമുണ്ട്.  അത്  കൊടുക്കുന്ന തുകയുടെ കനമനുസരിച്ചു് പൂനിലാവിലും പാടിപുകഴ്തിത്തിക്കൊള്ളും.
2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്തിയായി ജനങ്ങളുടെ നാഥനായി മാറിയ അനുഭവവും കഴിഞ്ഞ അഞ്ചു് വർഷത്തിനിടയിൽ പല ജനപ്രതിനിധികളും മനോനിയന്ത്രണം വിട്ട് സംസാരിച്ചതിന്റ വൈകാരിക അന്തഃകരണസന്ദേശമാണോ, മുൻപ് സംഭവിച്ച പിഴവുകൾ ഇനിയും അവർത്തിക്കരുതെന്നുള്ള പ്രതിജ്ഞയാണോ ഈ വാക്കുകളുടെ ഉള്ളടക്കം എന്നതറിയില്ല. എന്തായാലൂം ആശങ്കയോട് നിന്ന ന്യൂനപക്ഷങ്ങൾക്ക് മനസ്സിലെ ഭീതി മാറ്റാൻ സുഖകരമായ  ഒരു കുളിർമഴ പെയിതിറങ്ങി.   ഇന്ത്യയിലെങ്ങും ജനാധിപത്യത്തെ മതാധിപത്യം കിഴടക്കുന്ന കാഴ്ചകളാണ് കാണുന്നത്. അതിന്റ മറവിൽ ഒരു കൂട്ടർ ന്യൂനപക്ഷങ്ങളെ പാട്ടിലാക്കി അധികാരത്തിലെത്തുന്നു. മതങ്ങൾ അവർക്ക് കുടപിടിക്കുന്നു. ഈ അടുത്ത കാലത്തു് നവോത്ഥാനം പ്രസംഗിക്കുന്ന കേരളത്തിൽ  നമ്മുടെ നികുതിപണംപറ്റി ശമ്പളം വാങ്ങുന്ന പോലീസ്  ഒരു ക്രിസ്തിയ മതാധിപൻ്റെ  മുന്നിൽ സല്യൂട്ട് ചെയ്യുന്ന കാഴ്ച്ച കണ്ടു.  അതുപോലെ അധികാരികളുടെ മുന്നിൽ സല്യൂട്ട് ചെയ്യുന്നു. നാടുവാഴികളുടെ ഈ അനുഷ്ഠനാചാരം മാറേണ്ട കാലം കഴിഞ്ഞില്ലേ? ഇതെന്താണ് ജന്മികുടിയാൻ വ്യവസ്ഥിതിയോ? ജനപ്രതിനിധി ജനങ്ങളുടെ യജമാനനല്ല വെറും ദാസനാണ്. മതത്തിന്റ പേരിൽ വടക്കേ ഇന്ത്യക്കാരെ കുറ്റപ്പെടുത്താൻ നമ്മൾ ഒട്ടും പിന്നിലല്ല. മതേതരത്വ൦, ജനാധിപത്യം ഏറെ പ്രസംഗിക്കുന്നവരാണ് ഏറ്റവും കൂടുതൽ മതമൗലികവാദികളും വർഗീയവാദികളുമാകുന്നതെന്ന കാര്യം കേരളത്തിലെ ജനങ്ങൾ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യയിലെങ്ങും രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ -ഭൂരിപക്ഷ ദ്രുവീകരണം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നതും തെരഞ്ഞെടുപ്പിൽ വിളവെടുപ്പ് നടത്തുന്നതും എത്രപേർ തിരിച്ചറിയുന്നു.  ഈ വിശ്വാസ സമൂഹത്തെ തെറ്റിധരിപ്പിച്ചാണ് രാഷ്ട്രീയ – മത -സമുദായ നേതാക്കന്മാർ മരണംവരെ അധികാരത്തിലിരിക്കുന്നത്. സമുദായ സംഘടന നേതാക്കളുടെ മക്കൾ തെരഞ്ഞെടുപ്പിൽ തോറ്റാലും രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രവണതയാണ്‌. അതല്ലെങ്കിൽ മറ്റ് പദവികൾ കൊടുത്തു തൃപ്തിപ്പെടുത്തും. ആ സമുദായത്തിലെ ഒരു പാവപ്പെട്ടവന് ആ പദവി കൊടുക്കില്ല. ഒരു ജനപ്രധിനിധി മൂന്ന് പ്രാവശ്യം അധികാരത്തിലിരുന്ന് നാലാം പ്രാവശ്യം സീറ്റ് കിട്ടിയില്ലെങ്കിൽ പ്രതിഷേധത്തിന്റ കോടാലി വീശു൦. ഒപ്പം നടന്ന് ഇങ്കിലാബ് വിളിച്ച പാവപ്പെട്ടവന് ആ അവസരം കൊടുക്കില്ല.  ഈ പിന്തുടർച്ചാവകാശം ഇന്ത്യയുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യുക മാത്രമല്ല യൗവനക്കാരെ അടിച്ചൊടിക്കയും ചെയ്യുന്നു.  ഇവർ പ്രസംഗിക്കുന്ന ദേശീയത, സമത്വം, സാഹോദര്യം, സ്‌നേഹം ഒരു പറ്റമാളുകളുടെ തീവ്രസുഖങ്ങൾക്കുവേണ്ടിയുള്ളതാണ്.  സ്ത്രീകളോട് ഇന്നും അവഗണനയാണ്. അവരെ മുൻനിരയിലേക്ക് കൊണ്ടുവരാറില്ല. നവോത്ഥാന പ്രസ്ഥാനങ്ങൾ, സാമൂഹിക-സാഹിത്യ -സാംസ്‌കാരിക  പരിഷ്കർത്താക്കൾ ഈ പാരമ്പര്യത്തെയാണോ പൂവിട്ടു പൂജിക്കേണ്ടത്?
ബിജെപി നേടിയ ഈ ഭൂരിപക്ഷ വിജയത്തിൻ്റെ ആന്തരികതാളം ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത് പല ഗുരുതരമായ ആരോപണങ്ങളിലൂടെയാണ്.  ഇത് മോദി തരംഗമല്ല അതിലുപരി ഈ.വി.എം തരംഗമാണ്.  ഈ വി എം മെഷീനിൽ അട്ടിമറി നടന്നു, വർഗീയത പരത്തി വോട്ടുകൾ നേടി, ബിജെപി ജനാധിപത്യത്തിന് ആപത്താണ്.  അങ്ങനെ പലവിധ ആരോപണങ്ങൾ അന്തരീക്ഷത്തിൽ വട്ടമിട്ടു പറക്കുന്നു.  സോഷ്യൽ മീഡിയടക്കമുള്ള മാധ്യമങ്ങൾ  മനഃപ്പൂർവ്വ൦ പ്രചരിപ്പിക്കുന്ന തെറ്റായ നീരീക്ഷണങ്ങളുണ്ട്. അതൊന്നും അവർക്ക് അപരാധമല്ല അഭിമാനമാണ്. ഇന്ത്യയിൽ ആദ്യം വേണ്ടത് കക്ഷിരാഷ്ട്രീയത്തിലുപരി മത മൈത്രിയും മനുഷ്യർ നേരിടുന്ന നീറുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതാണ്.  വിവാദങ്ങൾ ആർക്കും കത്തിച്ചുവിടാം.  ഒരു പറ്റം മലയാളികൾക്ക് നിത്യതൊഴിലഭ്യാസംപോലെയാണ് വിവാദങ്ങളുയർത്തുന്നത്. സോഷ്യൽ മീഡിയ വന്നതോടെ ആരോഗ്യകരമായ സംവാദങ്ങളെക്കാൾ അഭിപ്രായപ്രകടനങ്ങളാണ്.  അവിടെ പ്രചാരം ലഭിക്കുന്നത് പരസ്പരം ചെളിവാരിയെറിയുക, വ്യക്തിഹത്യ നടത്തുക, സൈബർ ഗുണ്ടകൾക്ക് സ്തുതിപാടുക അങ്ങനെ തുടരുന്നു. ചില  മാധ്യമങ്ങൾപോലും വാക്കുകൾ വളച്ചൊടിച്ചു അന്ധമായ വ്യാഖ്യാനങ്ങൾ കൊടുക്കുന്നു.  മനുഷ്യരുടെ ഭക്ഷണ പദാർത്ഥങ്ങളിൽപോലും മായം കലർത്തുന്ന ഒരു രാജ്യത്ത് രാഷ്ട്രീയപാർട്ടികൾ മായം കലർത്തി ജനത്തെ വഞ്ചിക്കുന്നുവെങ്കിൽ കള്ളവോട്ടും ബൂത്ത് പിടിച്ചും ഗുണ്ടായിസം നടത്തി തെരഞ്ഞെടുപ്പ് നടത്തുന്നുവെങ്കിൽ അതിനെ നേരിടേണ്ടത് ആരോപണങ്ങളിലൂടെയല്ല പകരം ജനാധിപത്യത്തിന്റ അന്തസ്സ് ചോർത്തികളയുന്നവരെ നിയമത്തിന് മുന്നിൽ  കൊണ്ടുവരികയാണ് വേണ്ടത്. സോഷ്യൽ മീഡിയ പലപ്പോഴും നടത്തുന്നത് തൊലിപ്പുറത്തെ ചികിൽസയാണ്. ആ ചികിത്സ മുറിവുണക്കില്ല. അതിൽ നിന്നും വരുന്നത് ദുർഗന്ധമാണ്.  ഇന്ത്യൻ രാഷ്ട്രീയത്തിൽ നരേദ്രമോദി നല്ലൊരു ശുദ്ധികലശം നടത്താനിരിക്കുന്നതുപോലെ ഈ കൂട്ടർക്കും അത് നടത്താവുന്നതാണ്. മോദി സർക്കാർ തോട്ടം നികത്തി തൈ നടട്ടെ.
[email protected]                                                    http://www.karoorsoman.net

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more