1 GBP = 104.17
breaking news

മാഞ്ചസ്റ്ററിലേക്ക് ക്നാനായ സമുദായംഗങ്ങൾ ഒഴുകിയെത്തി; സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാൾ ഭക്തി സാന്ദ്രമായി…

മാഞ്ചസ്റ്ററിലേക്ക് ക്നാനായ സമുദായംഗങ്ങൾ  ഒഴുകിയെത്തി; സെന്റ് മേരീസ് ക്നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാൾ ഭക്തി സാന്ദ്രമായി…
സാജൻ ചാക്കോ
മാഞ്ചസ്റ്റർ:-ക്നാനായ ജനതയുടെ ശക്തമായ പ്രാർഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ കർത്താവിലേക്ക് ഉയർന്നപ്പോൾ, ക്നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററിൽ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ  ക്‌നാനായ ചാപ്ലിയൻസിലെ (മിഷൻ) മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷനിൽ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാൾ വിഥിൻഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ   ഭക്തിപൂർവ്വം  ആഘോഷിച്ചു. 
രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ ഫാ.സജി മലയിൽ പുത്തൻപുരയിൽ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടർന്ന് ദേവാലയത്തിൽ ബഹുമാനപ്പെട്ട വൈദികർ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേർന്നപ്പോൾ ഇടവക വികാരി ഫാ.സജി മലയിൽ പുത്തൻപുരയിൽ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു.  തുടർന്ന് വർഷങ്ങളായി ഇടവകയിൽ അഭിവന്ദ്യ പിതാക്കൻമാരുടെ മുഖ്യകാർമികത്വത്തിൽ   നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളിൽ നിന്നും വിത്യസ്തമായി ഈ വർഷം ഗായകൻ കൂടിയായ ബഹു: റവ: ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട തിരുന്നാൾ റാസയിൽ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു.  ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ  ഫാ.ജോസ് അഞ്ചാനിക്കൽ, വിഥിൻഷോ സെൻറ്.ആൻറണീസ് ഇടവക വികാരി ഫാ.നിക്ക് കേൻ, ഫാ.സാജൻ നൊട്ടപൊങ്ങ്,  ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേൽ, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചു പറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കൽ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടർന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാൻ ഏവരേയും ജോസച്ചൻ ഉദ്ബോധിപ്പിച്ചു.
റെക്സ് ജോസ്, റോയ് മാത്യു  ജോസ് പടപുരയ്ക്കൽ,  തുsങ്ങിയവരുടെ   നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിച്ച് തിരുന്നാൾ ദിവ്യബലിയെ കൂടുതൽ ഭക്തസാന്ദ്രമാക്കി. തിരുനാൾ കുർബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികൾ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേർന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയിൽ പൊൻ വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ, പതാകകൾ എന്നിവയേന്തി ഭക്തജനങ്ങൾ വിശ്വാസ പൂർവ്വം പങ്കുചേർന്നു. തിരുന്നാൾ പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീർവാദവും നടന്നു.  കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും  സൗകര്യം ഉണ്ടായിരുന്നു.
മാഞ്ചസ്റ്റർ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓൺ ട്രെന്റ്, വാറിംഗ്ടൺ, വിഗൻ, ബറി, ബോൾട്ടൻ, ഓൾധാം, റോച്ച് ഡെയിൽ, സാൽഫോർഡ്, ട്രാഫോർഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുനാളാഘോഷങ്ങളിൽ പങ്കു ചേർന്നിരുന്നു. ഇടവകയിൽ നിന്നും കഴിഞ്ഞ വർഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തിൽ ഉയർന്ന വിജയം നേടിയവർക്കും മറ്റ് മത്സര വിജയികൾക്കും സമാനങ്ങൾ വിതരണം ചെയ്തു. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിച്ചു.
തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറൾ കൺവീനർ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള   വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് നടന്നത്. ജയ്മോൻ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റർജി കമ്മിറ്റിയും അൾത്താര ബാലൻമാരും ദിവ്യബലിയിൽ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉൾപ്പെടെ മുഴുവൻ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാൻ കഴിഞ്ഞത്.
                  
  പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷങ്ങൾ ഭക്തിപൂർവ്വം ആഘോഷിക്കുവാൻ സഹായ സഹകരണങ്ങൾ നല്കിയ എല്ലാവർക്കും  തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയിൽ പുത്തൻപുരയിൽ നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more