1 GBP = 104.22
breaking news

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയുംതിരുന്നാളും ആദ്യകുർബ്ബാന സ്വീകരണവും ഭക്തിസാന്ദ്രമായി…

മാഞ്ചസ്റ്ററിൽ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയുംതിരുന്നാളും ആദ്യകുർബ്ബാന സ്വീകരണവും ഭക്തിസാന്ദ്രമായി…

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്ററിൽ ചരിത്ര പ്രസിദ്ധമായ മാർ തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയുംതിരുന്നാളും ആദ്യകുർബ്ബാന സ്വീകരണവും ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവകാംഗമായ സുമിത് സെബാസ്റ്റ്യൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്നുണ്ടായ സങ്കടകരമായ സാഹചര്യത്തിൽ  ഏറ്റവും ലളിതമായാണ് തിരുന്നാൾ കൊണ്ടാടിയത്.
രാവിലെ കൃത്യം പത്തിന് അഭിവന്ദ്യ പിതാവും, വൈദീകരും,തിരുന്നാൾ പ്രസിദേന്തിമാരും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനുള്ള കുട്ടികളും പ്രദക്ഷിണമായി അൾത്താരയിലേക്ക് എത്തിയതോടെയാണ് തിരുന്നാൾ കുർബാനക്ക് തുടക്കമായത്.

മാഞ്ചസ്റ്റർ മിഷൻ ഡയറക്ടറും ഇടവക വികാരിയുമായ റവ. ഫാ.ജോസ് അഞ്ചാനിക്കൽ നടത്തിയ ആമുഖ പ്രഭാഷണത്തിൽ   മരണമടഞ്ഞ സുമിത്തിന്റെ വേർപാടിൽ അനുശോചിച്ചുകൊണ്ട് മുഖ്യാതിഥി മാർ ജോസഫ്  സ്രാമ്പിക്കലിനും മറ്റ് വൈദികർക്കും ഇടവകാംഗങ്ങൾക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ നൽകിയ കാഴ്ചവെപ്പോടെയാണ്  തിരുന്നാൾ ദിവ്യബലിക്ക് തുടക്കമായത്.

ദിവ്യബലി മദ്ധ്യേ നൽകിയ തിരുന്നാൾ സന്ദേശത്തിൽ മാർ.ജോസഫ്  സ്രാമ്പിക്കൽ  തോമാശ്ലീഹായുടെ എളിമയും, നിഷ്‌കളങ്കതയും ജീവിതത്തിൽ ചേർത്തുപിടിച്ചുകൊണ്ട് ഈശോയിൽനിന്നും വേർപെടാതെ ജീവിക്കുവാൻ ആഹ്വാനം ചെയ്തു. ജീവിതപ്രശ്നങ്ങളിൽ ഈശോയിൽ നിന്നും വേർപെട്ടുപോകാതെ ഉള്ളുതുറന്ന് ഈശോയോടു ചോദിക്കുന്ന മനോഭാവം വളർത്തിയെടുക്കുവാൻ അദ്ദേഹം വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. പുതിയ നാട്ടിൽ നിന്നും എത്തിച്ചേർന്നിരിക്കുന്നവരെ കണ്ടെത്തി അവരെ സഭയോട് ചേർത്ത് നിർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തോമാശ്ലീഹായെപ്പോലെ വിശ്വാസത്തിനുവേണ്ടി സഹിക്കുവാനും ത്യജിക്കുവാനും തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യ കാർമ്മികൻ ആയപ്പോൾ റവ.ഫാ.ജോ മൂലേച്ചേരി, മാഞ്ചസ്റ്റർ മിഷൻ ഡയറക്‌ടർ റവ. ഫാ.ജോസ് അഞ്ചാനിക്കൽ,ഫാ.നിക്ക് കെൺ, എന്നിവർ എന്നിവർ സഹകാർമികരായി. റവ.ഫാ ടോണി, റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.

മാഞ്ചസ്റ്റർ തിരുന്നാളിൻ്റെ കൂടുതൽ ഫോട്ടോകൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയിൽ ഗായക സംഘം മധുരമായി ഗാനങ്ങൾ ആലപിച്ചു. പതിനൊന്നു കുട്ടികൾ അഭിവന്ദ്യ പിതാവിൽനിന്നും പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്   തിരുന്നാൾ തിരുക്കർമങ്ങളെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയപ്പോൾ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ഒട്ടേറെ വിശ്വാസികൾ എത്തിച്ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ കൂടുതൽ പേരും ഓൺലൈനിലൂടെ തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കാളികളായി.ദിവ്യബലിയെ തുടർന്ന് ലദീഞ്ഞും ആശീർവാദവും നടന്നു. തുടർന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറുകയും കുട്ടികളോടും കുടുംബാംഗങ്ങളോടും ഒപ്പം ഫോട്ടോയ്ക്കും മറ്റുമായി സമയം ചിലവഴിച്ചശേഷം മരണമടഞ്ഞ സുമിത്തിന്റെ വീട്ടിൽ എത്തി പ്രാർത്ഥനകൾ നടത്തുകയും കുടുംബാംഗങ്ങളെയും, ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ച ശേഷമാണ് മാർ ജോസഫ് സ്രാമ്പിക്കൽ  മടങ്ങിയത്.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽതിരുന്നാൾ പ്രദക്ഷിണം ഉൾപ്പെടെ ഒട്ടേറെ ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയാണ് തിരുന്നാൾ കൊണ്ടാടിയത്. എന്നാൽ ദേവാലയത്തിനുൾവശം കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ചിരുന്നു. ജൂൺ 27 ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.പിന്നീട് ഒരോ ദിവസവും ദിവ്യബലിക്കും  നൊവേനയ്ക്കും യുകെയുടെ വിവിധ മിഷനുകളിലെ വൈദികൾ മുഖ്യകാർമികരായിരുന്നു. 

തിരുന്നാളിൽ പങ്കെടുത്ത എല്ലാവർക്കും മാതൃ വേദി തയ്യാറാക്കിയ  നേർച്ചയും  പ്രത്യേകം പായ്ക്ക് ചെയ്ത ലഘു ഭക്ഷണവും നൽകിയത്.

മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കൽ, കൈക്കാരന്മാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്, ജോജി ജോസഫ്, ജോസ് വരിക്കയിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമിറ്റികൾ തിരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തിരുന്നാൾ ദിവ്യബലിക്ക് മിൻ്റോ ആൻ്റണിയുടെയും സുരേഷ് സെബാസ്റ്റ്യൻ്റെയും നേതൃത്വത്തിലുള്ള ഗായക സംഘം മനോഹരമായി ഗാനങ്ങൾ ആലപിച്ചു. പ്രീതാ മിൻ്റോ, ഇസബെൽ മിൻ്റോ തുടങ്ങിയവർ ഗായക സംഘത്തിൽ ഉണ്ടായിരുന്നു. ജോജോ തോമസ് സൗണ്ട് ക്രമീകരിച്ചിരുന്നു. നോയൽ ജോർജ്, സിബി ജെയിംസ്, ജോബി തോമസ്, ബോബി അഗസ്റ്റിൻ, സജിത്ത് തോമസ്, ബിനോ ജോസ്, സണ്ണി ആൻ്റണി, ജിനോ ജോസഫ്, സാബു ചുണ്ടക്കാട്ടിൽ, സുനിൽ കോച്ചേരി, ബിജോയ് മാത്യു, റോയ് മാത്യു, ഡോ.അഞ്ജു ബെൻഡൻ, സന്ധ്യ ഈപ്പൻ, ഷിജി ജെയ്സൻ, ഷേർളി ജോർജ്, റീനാ സജി, മിനി ഗിൽബർട്ട്, ട്രീസാ ബോബൻ തുടങ്ങിയവർ ഒരാഴ്ച നീണ്ടു നിന്ന തിരുനാളിൻ്റെ  ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുത്തു. രാവിലെ ജോസച്ചൻ സുമിത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ തന്നെ മരണമടഞ്ഞ നഴ്സിങ്‌ ഹോമിലും, വീട്ടിലും എത്തി പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് ദിവ്യബലിക്കായി പള്ളിയിൽ എത്തിയത്.

ഞാറാഴ്ച വൈകുന്നേരം 3.30 ന് നടന്ന താങ്ക്സ് ഗിവിങ് മാസ്സിൽ  ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനായി. ഇതേത്തുർന്ന്  തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള  കൊടിയിറക്ക് നടന്നു. തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും പ്രത്യേകമായി നന്ദി പറയുകയും അടുത്ത വർഷം കോവിഡിൻ്റെ നിയന്ത്രണങ്ങൾ നീങ്ങി കൂടുതൽ ആഘോഷമായി പെരുന്നാൾ നടത്തുവാൻ സാധിക്കുമെന്ന് ഫാ.ജോസ് അഞ്ചാനിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more