1 GBP = 104.26
breaking news

മലപ്പുറത്തെ കൂവ കൊണ്ടുപോകാന്‍ അമേരിക്ക; മഞ്ഞളിന് ബംഗളൂരുവിലെ കമ്പനി; ജുമൈല ബാനുവിന്റെ കാര്‍ഷിക വിപ്ലവം

മലപ്പുറത്തെ കൂവ കൊണ്ടുപോകാന്‍ അമേരിക്ക; മഞ്ഞളിന് ബംഗളൂരുവിലെ കമ്പനി; ജുമൈല ബാനുവിന്റെ കാര്‍ഷിക വിപ്ലവം

മലപ്പുറം: കൂവയും മഞ്ഞളും മാത്രം  കൃഷി ചെയ്തു പരമ്പരാഗത കാർഷിക സങ്കൽപ്പങ്ങളിൽ നിന്നും മാറി നടക്കുക ആണ് ജുമൈല ബാനു.മലപ്പുറം എടവണ്ണ സ്വദേശിനി ജുമൈല ബാനു  കൂവ കൃഷിയിലും മഞ്ഞൾ കൃഷിയിലും നൂറു മേനി വിളവ് എടുക്കുമ്പോൾ മറ്റുള്ളവർക്കും ഈ മേഖലയിലേക്ക് കടന്നു വരാൻ അത് ഒരു ഊർജമാവുകയാണ്. ജുമൈല ബാനുവിൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ കൂവയുടെയും മഞ്ഞളിന്റേയും ഉപഭോക്താക്കൾ അമേരിക്കയിലും ബംഗളുരുവിലും ഉള്ള ആഗോള കമ്പനികൾ ആണ്.

കൃഷി ആണ് ജുമൈല ബാനുവിനെ മലപ്പുറത്തിൻ്റെ മണ്ണിൽ എത്തിച്ചത് എന്ന് വേണമെങ്കിൽ പറയാം. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, പൂവാട്ട് പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ  മുമ്പ് കുവ്വ കൃഷി ചെയ്തിരുന്നു എങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചിരുന്നില്ല. കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബന്ധുക്കൾ വഴിയാണ് ഇവർ മലപ്പുറത്ത് എത്തുന്നത്. കൂവ കൃഷി ചെയ്താണ് ജുമൈല ബാനു കാർഷിക മേഖലയിൽ തൻ്റെ വേറിട്ട യാത്ര തുടങ്ങിയത്. അത് 8 വർഷം മുൻപ് ആയിരുന്നു. തിരുവാലിയിലെ കാളപൂട്ട് കണ്ടത്തിലെ കൃഷി ഇന്നും തുടരുന്നുണ്ട്.തികച്ചും ജൈവ രീതിയിലായതിനാൽ നല്ല വിളവും, വിളവിന് വിപണിയിൽ  നല്ല  സ്വീകര്യതയുമാണ്  ലഭിക്കുന്നത്.

കൂവ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ ബാംഗ്ളൂരിലുള്ള ഒരു സ്വകാര്യ  കമ്പനിയുടെ നിർദ്ദേശ പ്രകാരമാണ്  ഈ വർഷം മുതൽ 15 ഏക്കർ പാട്ട ഭൂമിയിൽ വിവിധ ഇനത്തിൽ പെട്ട മഞ്ഞൾ പരീക്ഷിച്ചത്. ഉൽപാദന ചെലവ് കുറവും വരുമാനം ഏറേയുമുള്ള  കൃഷിയാണ്  മഞ്ഞളും.  എട്ട് മാസക്കാലം വിളവെടുപ്പ് ദൈർഘ്യമുള്ള കൃഷികളാണ് കൂവയും മഞ്ഞളും.  വിളവെടുത്ത വെള്ള കൂവ അമേരിക്കയിലെക്കാണ് അയക്കുന്നത്. കൃഷിക്ക് വേണ്ട വിത്തിനങ്ങളും കമ്പനിയാണ് നൽകുന്നതാണ്. വിളവെടുത്ത മഞ്ഞൾ  ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിലേക്കാണ് കൊണ്ട് പോകുന്നത്. പരീക്ഷണം വേറുതേയായില്ലെന്നതിനുള്ള തെളിവുകളാണ് ഈ കാണുന്നതെല്ലാം.

“എട്ട് വർഷമായി ഞാൻ ഈ കാർഷിക മേഖലയിൽ ഉണ്ട്. അഞ്ചേക്കറിൽ ആണ് സാധാരണ കൃഷി ചെയ്യാറുള്ളത്. ബംഗളൂരുവിലെ ഒരു കമ്പനി ആണ് മഞ്ഞൾ കൃഷി ചെയ്യാമോ എന്ന് ആവശ്യപ്പെട്ടത്. ഇതിന് ആവശ്യമായ വിത്തുകൾ തൃശ്ശൂരിൽ നിന്നും കൊണ്ട് വന്നു. പ്രതിഭ പ്രഗതി ഇനത്തിൽ പെട്ടവയും നാടൻ വയനാടൻ മഞ്ഞളും ആണ് കൃഷി ഇറക്കിയിട്ടുള്ളത്. നമുക്ക് വിപണി കണ്ടെത്താൻ സാധിച്ചാൽ ഈ കൃഷി ലാഭകരം ആണ്”.

മകൾ ഷിഫയും ഇപ്പൊൾ കൃഷിയിടത്തിൽ ജുമൈല ബാനുവിന് ഒപ്പം ഉണ്ട്.” കോകുമിൻ സാനിദ്ധ്യം കൂടുതൽ ഉള്ള ഇനം മഞ്ഞൾ ആണ് ഞങ്ങൾ കൃഷി ചെയ്യുന്നത്. കോവിഡ് കാലം കൃഷിയെ വലിയ തോതിൽ ഒന്നും ബാധിച്ചിട്ടില്ല. സ്ത്രീകൾക്ക് ധൈര്യമായി കടന്നു വരാൻ പറ്റുന്ന മേഖല തന്നെ ആണ് ഇത്”.

നിലവിൽ മൂന്ന് നാലിടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.  അടുത്ത വർഷത്തോടെ ഇത് വിപുലമായ തോതിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ജുമൈലാ ബാനു.മകൾക്കൊപ്പം ഭർത്താവും പ്രവാസിയുമായ  കുറ്റിക്കാട്ടൂർ കീഴ്മഠത്തിൽ മുസ്തഫ പൂർണ്ണ പിന്തുണയുമായി ഇവർക്കൊപ്പമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more