1 GBP = 104.21
breaking news

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടൻ-കൊച്ചി എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷം.

യുകെ മലയാളികളുടെ ആശങ്കക്ക് വിരാമം; ലണ്ടൻ-കൊച്ചി എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത് കൂട്ടായ ശ്രമത്തിന്റെ വിജയം; ലോകകേരളസഭ യുകെയിലെ അംഗങ്ങൾക്കും ഇത് അഭിമാന നിമിഷം.

ജെ പി മറയൂർ

ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ടുള്ള വിമാന സർവ്വീസ് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കുവാൻ കഴിഞ്ഞത് യുകെ മലയാളി സമൂഹത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.

2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് നേരത്തെ അറിയുവാൻ കഴിഞ്ഞത്. ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകിയിരുന്നു. ഇക്കാര്യം പുനപരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടിയും എയർ ഇന്ത്യ അധികൃതരിൽ നിന്നും ലഭിച്ചിരുന്നു. കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും നോർക്ക റൂട്ട്സ് അധികൃതരുടെ സഹായവും യുകെയിലെ ലോകകേരളസഭ അംഗങ്ങൾ ഇക്കാര്യത്തിൽ അഭ്യർത്ഥിച്ചിരുന്നു.

നോർക്ക റൂറ്റ്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണനും സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരിയും യുകെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ വിഷയത്തിൽ സജീവമായ ഇടപെടലുകളും നടത്തിയിരുന്നു. എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽത്സന് നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി അയച്ച ഇമെയിലിന് എയർ ഇന്ത്യ അധികൃതർ നൽകിയ മറുപടിയിൽ ലണ്ടൻ-. കൊച്ചി സർവീസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സർവീസ് സംബന്ധമായ നെറ്റ്‌വർക്ക് പ്ലാനിംഗ് ടീമുമായി ചർച്ച ചെയ്യാമെന്നും അറിയിച്ചിരുന്നു.

യുകെയിലെ ലോക കേരള സഭാ അംഗങ്ങൾക്ക് പുറമേ യുകെയിലെ ട്രാവൽ- ടുറിസം ബിസിനിസ് രംഗത്തു പ്രവത്തിക്കുന്ന ആളുകളും ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവ്വീസ് നഷ്ടപ്പെടാതെയിരിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഈ വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി യുകെയിലെ മലയാള മാധ്യമ പ്രവർത്തകർ നൽകിയ വിലപ്പെട്ട പങ്കും വിസ്മരിക്കാനാവാത്തതാണ് .

ലണ്ടൻ ഹീത്രൂ-കൊച്ചി ഡയറക്ട് സർവീസിന് പകരം ലണ്ടൻ ഗാറ്റ്‌വിക്ക്- കൊച്ചി സർവീസ് മാർച്ച് 26 മുതൽ ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്നതിനാണ് എയർഇന്ത്യ ഇപ്പോൾ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലും ഡയറക്റ്റ് സർവീസ് നടത്തുമെന്നാണ് എയർ ഇന്ത്യ അധികൃതർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. നേരത്തെ ലണ്ടൻ ഹീത്രൂവിൽ നിന്നും നേരിട്ട് നടത്തിയിരുന്ന അമൃതസർ,അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ലണ്ടൻ ഗാറ്റ്വിക്കിൽ നിന്നുമാണ് പുതിയതായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കൂടാതെ ഹീത്രൂവിൽ നിന്നും ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും എയർഇന്ത്യ അധികൃതർ തീരുമാനിച്ചിട്ടുള്ളതായും അറിയുവാൻ കഴിഞ്ഞു.

ലണ്ടൻ ഗാറ്റ്വിക്കിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ പുതിയ സമയക്രമമനുസരിച്ച് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നതിനായുള്ള ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ അത്ഭുതപൂർവ്വമായ പ്രതികരണമാണ് യുകെ മലയാളികളിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇതിനോടകം തന്നെ നിരവധി യാത്രക്കാർ ടിക്കറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് കുറഞ്ഞ യാത്രാ നിരക്ക് നൽകുന്നതുകൊണ്ട് മറ്റ് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകളും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് യുകെയിലെ മലയാളികൾ.

യുകെ മലയാളികളുടെ ജന്മനാട്ടിലേക്കുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും എയർ ഇന്ത്യ അധികൃതർ പിൻമാറിയതിനും ആഴ്ചയിൽ മൂന്നുദിവസം കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്തുവാൻ തീരുമാനിച്ചതിനും എയർ ഇന്ത്യ അധികൃതരെ യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ സംയുക്തമായി നന്ദി അറിയിച്ചു. ഇപ്പോൾ ലണ്ടനിൽ നിന്നും ആഴ്ചയിൽ മൂന്നു ദിവസമായി നടത്തുന്ന കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് ആഴ്ചയിൽ അഞ്ച് ദിവസമായി വർദ്ധിപ്പിക്കുവാനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാവേണ്ടതാണെന്നും അതിനു വേണ്ടി യുകെയിൽ നിന്നുമുള്ള ലോക കേരളസഭാഅംഗങ്ങൾ മുൻകൈയെടുത്തു പ്രവർത്തിക്കുന്നതാണെന്നും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more