1 GBP = 104.33
breaking news

അനിശ്ചിതത്വം നീങ്ങി; കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ നടത്താന്‍ കോടതിയുടെ അനുമതി

അനിശ്ചിതത്വം നീങ്ങി; കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചില്‍ നടത്താന്‍ കോടതിയുടെ അനുമതി

അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സംസ്കാര സ്ഥലം സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങി. സംസ്കാരം മറീന ബീച്ചില്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് സംസ്കാരം.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ച കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ സംസ്കാരത്തിനായി മറീന ബിച്ചില്‍ സ്ഥലം അനുവദിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ സ്ഥലം അനുവദിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. തുടര്‍ന്ന് ഡി.എം.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഇന്നലെ രാത്രി കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സര്‍ക്കാരിന്റെ വാദം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. പുതിയ മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് രാവിലെ വാദം തുടര്‍ന്നത്. മറീന ബീച്ചില്‍ സ്ഥലം അനുവദിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നെങ്കിലും കോടതി ഡി.എം.കെയുടെ ആവശ്യം അംഗീകരിച്ചു. മറീന ബിച്ചില്‍ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിന് സമീപത്തായി കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കണമെന്നാണ് ഡി.എം.കെ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം.

അതിനിടെ കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി മകള്‍ കനിമൊഴിയുടെ വസതിയില്‍ നിന്നും രാജാജി ഹാളിലേക്ക് മാറ്റി. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ ഇന്ന് അനുശോചനമറിയിക്കാന്‍ ചെന്നൈയിലെത്തും. കേരളത്തില്‍ നിന്ന് ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ കരുണാനിധിക്ക് ആദരമര്‍പ്പിക്കാനെത്തും. പ്രിയനേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ആയിരക്കണക്കിന് അണികളും രാജാജി ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more