1 GBP = 104.33
breaking news

കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങൾ വരണം; ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മാറ്റണം: കടകംപള്ളി സുരേന്ദ്രന്‍

കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങൾ വരണം; ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മാറ്റണം: കടകംപള്ളി സുരേന്ദ്രന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് മാറ്റണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

‘കാലം മാറുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരണം. ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അപക്വമായ രീതികള്‍ മാറ്റണം. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നീക്കാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ദേവസ്വം അനുശാസിക്കുന്ന രീതിയുണ്ട്. എന്നാല്‍ പുറത്തെ ജനങ്ങള്‍ക്ക് ഭരണഘടനാ സ്വാതന്ത്ര്യമുണ്ട്.’

മുന്‍കാലങ്ങളില്‍ അവര്‍ണന് ക്ഷേത്രത്തില്‍ കയറാനായിരുന്നില്ല. നിരവധി ജനകീയ സമരങ്ങള്‍ക്കുശേഷം 1936ല്‍ ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് ഇത് നടപ്പായത്. 81 വര്‍ഷങ്ങള്‍ക്കുശേഷം അബ്രാഹ്മണര്‍ക്ക് ശാന്തി നിയമനം നല്‍കി ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ വിപ്ലവം നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച വിശപ്പുരഹിതപദ്ധതിയായ പ്രസാദം തൃശൂരില്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിനുപുറത്ത് ഊട്ടുപുരയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഷര്‍ട്ട് ഊരണമെന്ന രീതി മാറ്റുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അന്നദാനത്തിനെത്തുമ്പോള്‍ ഷര്‍ട്ടും ചെരിപ്പും ഊരിവയ്ക്കുന്നതാണ് രീതി. അടിയന്തരമായി തിരുത്തേണ്ട മോശം പ്രവണതയാണിത്. ഇക്കാര്യത്തില്‍ തന്ത്രിമാരും സര്‍ക്കാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്ക് സംസ്ഥാനത്ത് പ്രധാനക്ഷേത്രങ്ങളില്‍ 11 ഇടത്താവളങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. 14 കോടി രൂപ ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കിഫ്ബിയില്‍നിന്ന് 100 കോടി അനുവദിച്ചു. ക്ഷേത്രങ്ങളുടെ ഫണ്ടില്‍നിന്നും ഒരു തുകപോലും സര്‍ക്കാര്‍ എടുക്കുന്നില്ല. പകരം സര്‍ക്കാര്‍ നികുതിപ്പണത്തില്‍നിന്നും കോടികളുടെ ധനസഹായം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more