1 GBP = 104.36

ജുഡീഷ്യറി പരിഷ്‍കരണത്തിൽനിന്നു പിന്മാറണമെന്ന ബൈഡന്റെ പ്രസ്താവനയോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നെതന്യാഹു

ജുഡീഷ്യറി പരിഷ്‍കരണത്തിൽനിന്നു പിന്മാറണമെന്ന ബൈഡന്റെ പ്രസ്താവനയോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് നെതന്യാഹു

തെൽ അവീവ്: വിവാദമായ ജുഡീഷ്യറി പരിഷ്‍കരണത്തിൽനിന്നു പിന്മാറണമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേൽ സ്വന്തം നിലക്കാണ് തീരുമാനങ്ങളെടുക്കാറുള്ളതെന്നും ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങാറില്ലെന്നും നെതന്യാഹു ട്വീറ്റ് ചെയ്തു.

നോർത്ത് കരോലൈന സന്ദർശന വേളയിലാണ് ഇസ്രായേൽ ഭരണകൂടം ജുഡീഷ്യൽ പരിഷ്കരണ പദ്ധതിയിൽനിന്ന് പിന്മാറണമെന്ന് ബൈഡൻ ആവശ്യപ്പെട്ടത്. വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്ന എല്ലാവർക്കുമുള്ള ആശങ്ക ഈ വിഷയത്തിൽ തനിക്കുമുണ്ടെന്നും പ്രധാനമന്ത്രി അനുരഞ്ജന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സമ്മർദത്തിനും ഇസ്രായേൽ വഴങ്ങില്ലെന്ന് നെതന്യാഹു പറഞ്ഞതോടെ, ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണമെന്ന് ഇസ്രായേൽ ദേശീയ ഐക്യപാർട്ടി നേതാവ് ബെന്നി ഗ്രാന്റ്സ് പറഞ്ഞു. നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായ യു.എസുമായുള്ള ബന്ധത്തിലുണ്ടാകുന്ന പരിക്ക് തിരിച്ചടിയാകുമെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.

നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തെ അമേരിക്ക ഇതുവരെ രാജ്യത്തേക്ക് സന്ദർശനത്തിനായി ക്ഷണിച്ചിട്ടില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ബൈഡനോട് വാർത്താലേഖകർ ചോദിച്ചപ്പോൾ, ക്ഷണം ഉടൻ ഉണ്ടാകില്ല എന്നായിരുന്നു പ്രതികരണം. ഇസ്രായേലിൽ ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ജുഡീഷ്യൽ പരിഷ്കരണം തൽക്കാലം നിർത്തിവെക്കണമെന്ന് നെതന്യാഹുവിനോട് പ്രസിഡന്റ് ഇസാഖ് ഹെർസോഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ നീക്കം രാജ്യത്തിന്റെ സുരക്ഷയെയും സമ്പദ്‍വ്യവസ്ഥയെയും അപകടത്തിലാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

സമാന ആവശ്യമുന്നയിച്ച പ്രതിരോധമന്ത്രി യൊആവ് ഗാലന്റിനെ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പുറത്താക്കിയതിനു പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ പ്രസ്താവന. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീംകോടതി വിധി അസാധുവാക്കാൻ അധികാരം നൽകുന്ന നിയമപരിഷ്‍കരണമാണ് നീതിന്യായ മന്ത്രി യാരിവ് ലെവിൻ മുന്നോട്ടുവെച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി കഴിഞ്ഞദിവസം ഇസ്രായേൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more