1 GBP = 104.33
breaking news

ചരിത്രത്തിലേക്ക് ആ 11 മിനിറ്റുകൾ; ജെഫ് ബെസോസും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി

ചരിത്രത്തിലേക്ക് ആ 11 മിനിറ്റുകൾ; ജെഫ് ബെസോസും സംഘവും ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തി

വെസ്റ്റ് ടെക്‌സാസിലെ മരുഭൂമിയില്‍നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്.

വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് പറന്ന് ശതകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്‌. സ്വന്തം കമ്പനിയുടെ ബ്ലൂ ഒറിജിന്‍ റോക്കറ്റിലായിരുന്നു യാത്ര. ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക്, 82 കാരി വാലി ഫങ്ക്, 18 വയസ്സുള്ള ഒലിവർ ഡീമനെന്ന ഭൗതികശാസ്ത്ര വിദ്യാർഥി എന്നിവരാണ് ചരിത്രം രചിച്ചത്. വെസ്റ്റ് ടെക്‌സാസിലെ മരുഭൂമിയില്‍നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് പറന്നുയർന്നത്. പിന്നെ 10 മിനിറ്റ് 21 സെക്കൻഡിൽ എല്ലാം ശുഭം.

7 മിനിറ്റ് 32ാം സെക്കന്‍ഡിൽ ബൂസ്റ്റർ റോക്കറ്റ് സുരക്ഷിതമായി ലാൻഡിങ്‌പാഡിലേക്ക് തിരിച്ചെത്തി. 8 മിനിറ്റ് 25–ാം സെക്കൻഡിൽ ക്രൂ ക്യാപ്സൂളിന്റെ പാരച്യൂട്ട് വിന്യസിക്കപ്പെട്ടു. 10 മിനിറ്റ് 21–ാം സെക്കൻഡിൽ ക്യാപ്‌സൂൾ നിലംതൊട്ടു. ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തു. അതീവ സന്തോഷവാനാണെന്ന് ബെസോസ് പ്രതികരിച്ചു. ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സണ്‍ ബഹിരാകാശത്തേക്ക് പോയി മടങ്ങി വന്നതിന് പിന്നാലെയാണ് ബെസോസിന്റെയും പറക്കല്‍.ജൂലൈ 11-നായിരുന്നു ബ്രാന്‍സന്റെ ബഹിരാകായാത്ര. രണ്ട് പൈലറ്റ് ഉള്‍പ്പെടെ ആറ് പേരായിരുന്നു ബ്രാന്‍സന്റെ സ്‌പേസ് യാത്രയിലുണ്ടായിരുന്നത്. ഇന്ത്യക്കാരിയായ സിരിഷ ബാന്ദ്‌ലയും ടീമില്‍ ഉണ്ടായിരുന്നു.

ചന്ദ്രനില്‍ മനുഷ്യന്‍ കാലു കുത്തിയതിന്റെ 52-ാം വാര്‍ഷികത്തിലാണ് ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് കുതിച്ചത് എന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 1969 ജൂലൈ 20-നായിരുന്നു മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തുന്നത്. ‘യൂറി ഗഗാറിനാണ് ബഹിരാകാശത്ത് ആദ്യം എത്തിയത്. അത് എന്നേ കഴിഞ്ഞതാണ്. ഇപ്പോഴുള്ള യാത്രകള്‍ മത്സരങ്ങളല്ല. വരുന്ന തലമുറകള്‍ക്ക് ബഹിരാകാശത്തേക്കുള്ള യാത്രകള്‍ സുഖകരമാക്കാനുള്ളതാണ്’- നേരത്തെ ജെഫ് ബെസോസ് പറഞ്ഞിരുന്നു.

ബഹിരാകാശം കണ്ട്, സീറോ ഗ്രാവിറ്റിയുടെ അദ്ഭുതം അനുഭവിച്ച് ആ നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയപ്പോൾ പിറന്നത് ഒട്ടനവധി റെക്കോർഡുകളാണ്. ബഹിരാകാശ വിദഗ്ധരില്ലാതെ, നിയന്ത്രിക്കാൻ പൈലറ്റില്ലാതെ സാധാരണക്കാരുടെ സംഘം ബഹിരാകാശം തൊട്ടു തിരിച്ചുവന്ന റെക്കോർഡാണ് ആദ്യം. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രികൻ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ എന്നീ റെക്കോർഡുകളും ഇതോടൊപ്പം പിറന്നു. യാത്രികകരെല്ലാം സുരക്ഷിതർ. ലോകം കയ്യടികളോടെ നാലു പേരെയും സ്വീകരിച്ചു. ബഹിരാകാശ ടൂറിസം ലക്ഷ്യമിട്ട് 2000ത്തിൽ ജെഫ് ബെസോസ് ആരംഭിച്ചതാണ് ബ്ലൂ ഒറിജിൻ സ്പേസ് കമ്പനി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more