1 GBP = 104.30
breaking news

ഇന്ത്യന്‍ ജയിലുകള്‍ വൃത്തിഹീനമെന്ന് പറഞ്ഞ മല്ല്യയ്ക്ക് പുതുക്കിയ ജയിലിന്റെ വീഡിയോ അയച്ച് സിബിഐ

ഇന്ത്യന്‍ ജയിലുകള്‍ വൃത്തിഹീനമെന്ന് പറഞ്ഞ മല്ല്യയ്ക്ക് പുതുക്കിയ ജയിലിന്റെ വീഡിയോ അയച്ച് സിബിഐ

9000 കോടി വായ്പയെടുത്ത് മുങ്ങിയ ഇന്ത്യന്‍ വ്യവസായി വിജയ് മല്ല്യയ്ക്ക് ഇന്ത്യന്‍ ജയിലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയതിന്റെ വീഡിയോ സിബിഐ യുകെ കോടതിക്ക് കൈമാറി. ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പുകളുമാണെന്നും ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും ബ്രട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മല്ല്യ പറഞ്ഞിരുന്നു.

തുടര്‍ന്ന് അര്‍തുര്‍ റോഡ് ജയിലിന്റെ വീഡിയോ അയക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജയിലില്‍ തനിക്ക് വിവിഐപി പരിഗണന വേണമെന്നും മല്ല്യ ആവശ്യപ്പെട്ടിരുന്നു. എന്തുവിധേനയും മല്ല്യയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ വീഡിയോ അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ജയിലുകള്‍ ഇപ്പോള്‍ ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ജയിലുകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും വിജയ് മല്ല്യയെ വിട്ടുനല്‍കിയാല്‍ അദ്ദേഹത്തിന് ജയിലില്‍ നല്ല പരിചരണം ലഭിക്കുമെന്നും ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശങ്ങളില്‍ പിടിയിലാകുന്നവരോ കീഴടങ്ങുന്നവരോ ഇന്ത്യയിലേക്ക് തങ്ങളെ വിചാരണയ്ക്ക് അയക്കുന്നത് ഒഴിവാക്കാന്‍ പലപ്പോഴും പറയുന്ന ന്യായീകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ ജയിലുകളിലെ ശോചനീയ അവസ്ഥ. ഇന്ത്യക്കാരും വിദേശീയരുമായ പല പ്രതികളും ഇങ്ങനെ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥയും വിചാരണ നടപടികള്‍ അനന്തമായി നീളുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നത് ഒഴിവാക്കാറുണ്ട്.

എന്നാല്‍, ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ കൈവിട്ടുപോകാനുള്ള സാധ്യതയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ രണ്ടു ദിവസം മുമ്പ് ബ്രിട്ടണില്‍ നിന്നു തിരിച്ചുവരാന്‍ മല്ല്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേയ്ക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള മല്യയുടെ രംഗപ്രവേശമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,990.07 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. മല്യ സര്‍ക്കാരിന് 6,203 കോടി രൂപ നല്‍കാനുണ്ടെന്നും ഇതിന് 11.5 ശതമാനം പലിശ ഈടാക്കണമെന്നും കടം വീണ്ടെടുക്കാനുള്ള ട്രൈബ്യൂണല്‍ അടുത്തിടെ വിധിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more