1 GBP = 104.30
breaking news

ബ്രിട്ടനെ തകർത്തു; ഒളിമ്പിക്​സ്​ ഹോക്കിയിൽ 41 വർഷത്തിന്​ ശേഷം ഇന്ത്യ സെമിയിൽ

ബ്രിട്ടനെ തകർത്തു; ഒളിമ്പിക്​സ്​ ഹോക്കിയിൽ 41 വർഷത്തിന്​ ശേഷം ഇന്ത്യ സെമിയിൽ

ടോക്യോ: ഒളിമ്പിക്​സിലെ പ്രതാപ കാലത്തിന്‍റെ സ്​മരണകളുയർത്തി ഇന്ത്യൻ ഹോക്കി ടീം. ബ്രിട്ടനെ 3-1ന്​ തകർത്താണ്​ ഇന്ത്യൻ സംഘം സ്വപ്​നതുല്യമായ കുതിപ്പ്​ നടത്തിയത്​. മികച്ച ​സേവുമായി കളം നിറഞ്ഞ ഗോൾകീപ്പർ ശ്രീജേഷ്​ മലയാളികളുടെ അഭിമാനമായി. സെമിയിൽ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയമാണ്​ ഇന്ത്യയുടെ എതിരാളി. 

സ്വർണമെഡൽ നേടിയ 1980 മോസ്​കോ ഒളിമ്പിക്​സിന്​ ശേഷം ഇന്ത്യക്ക്​ ഒരിക്കൽ പോലും സെമിയിൽ എത്താനായിരുന്നില്ല​. മോസ്​കോ ഒളിമ്പിക്​സിലാക​ട്ടെ, സെമിഫൈനൽ ഇല്ലാതെ ഗ്രൂപ്പ്​ ഘട്ടത്തിൽ നിന്നും നേരിട്ട്​ ഫൈനലിലേക്ക്​ യോഗ്യത നേടുന്നതായിരുന്നു രീതി. അതുകൊണ്ടുതന്നെ സാ​ങ്കേതികമായി ഇന്ത്യ അവസാനം സെമി കളിച്ചത്​ 1972ലെ മ്യൂണിക്​ ഒളിമ്പിക്​സിലാണ്​. അന്ന്​ പാകിസ്​താനോട്​ ഏകപക്ഷീയമായ ഒരു ഗോളിന്​ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന്‍റെ ഏഴാം മിനിറ്റിൽ തന്നെ ബ്രിട്ടന്‍റെ വലയിൽ ഇന്ത്യ ഗോൾ എത്തിച്ചു. സിമ്രൻജീത്​ സിങ്ങിന്‍റെ ഉജ്ജ്വല പാസ്​ ദിൽപ്രീത്​ സിങ്​ ഗോളാക്കി മാറ്റുകയായിരുന്നു. 16 ാം മിനിറ്റിൽ ഗുർജന്ത്​ സിങ്​ ഇന്ത്യയുടെ ലീഡുയർത്തി.

പരാജയം മണത്ത ​ബ്രിട്ടൺ ഉണർന്നെണീറ്റു. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ 45ാം മിനിറ്റിൽ സാമുവൽ വാർഡ്​ ബ്രീട്ടീഷുകാർക്കായി ഗോൾ മടക്കി. ഇന്ത്യയുടെ ചങ്കിടിച്ച നിമിഷമായിരുന്നു അത്​. 57ാം മിനിറ്റിൽ അതിവേഗ കൗണ്ടർ അറ്റാക്കിനൊടുവിൽ നേടിയ പാസുമായി കുതിച്ച ഹാർദിക്​ സിങ്​ മൂന്നാംഗോൾ നേടിയതോ​െട ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more