1 GBP = 96.17
breaking news

സ്കൂൾ സമയം കുറയ്ക്കുക; ടൈ ഒഴിവാക്കുക; ഉഷ്ണതരം​ഗത്തെ നേരിടാൻ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്

സ്കൂൾ സമയം കുറയ്ക്കുക; ടൈ ഒഴിവാക്കുക; ഉഷ്ണതരം​ഗത്തെ നേരിടാൻ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്

രാജ്യത്തിന്റെ പല ഭാ​ഗങ്ങളും ഉഷ്ണതരം​ഗ ഭീഷണിയിലാണ് ഇപ്പോൾ. ഈ സാഹചര്യത്തെ നേരിടാൻ സ്കൂളുകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രാലയം . ചൂട് ക്രമാതീതമായി ഉയരുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്കൂളുകൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പരി​ഗണിച്ച് സ്കൂൾ സമയം കുറയ്ക്കുക, വിശ്രമിക്കാൻ സമയം അനുവദിക്കുക, ടൈ ഒഴിവാക്കുക തുടങ്ങി വിവിധ തരത്തിലുള്ള ഇളവുകൾ സ്കൂളുകൾ അനുവദിക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

സ്കൂളുകളോട് സമയക്രമം പരിഷ്കരിക്കാനും സ്കൂൾ സമയം കുറയ്ക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. സ്‌കൂളുകൾക്ക് യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഇളവ് വരുത്താം, തുകൽ ഷൂകൾക്ക് പകരം ക്യാൻവാസ് ഷൂസ് ധരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കാം.

സ്‌കൂളുകൾ രാവിലെ 7 മണി മുതൽ പ്രവർത്തനം ആരംഭിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മാറ്റി നിർത്തുക. ഇതിനായി കായികപരിപാടികളും സ്കൂളിന് പുറത്തുള്ള പ്രവർത്തനങ്ങളും ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളിൽ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. താരതമ്യേന ചൂട് കുറവുള്ള സ്ഥലങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കാനാണ് നിർദ്ദേശം.

“അധ്യാപകർ എല്ലാ പിരീഡുകളിലും വിദ്യാർത്ഥികളെ വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കണം. ഉഷ്ണ തരംഗത്തെ ചെറുക്കുന്നതിന് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയും കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ നിർദ്ദേശിക്കുകയും വേണം. വീട്ടിലേക്ക് മടങ്ങുമ്പോൾ, വിദ്യാർത്ഥികൾ അവരുടെ കുപ്പികളിൽ വെള്ളം കൊണ്ടുപോകുന്നുണ്ടെന്ന് സ്കൂളുകൾ ഉറപ്പാക്കണം ”മന്ത്രാലയം നിർദ്ദേശിക്കുന്നു.

കാന്റീനുകളിലെ ഭക്ഷണം നല്ലതാണെന്ന് ഉറപ്പാക്കാൻ സ്‌കൂളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾ പെട്ടെന്ന് പഴകി പോകുന്ന ഭക്ഷണവുമായി സ്കൂളുകളിൽ എത്തുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഫാനുകൾ പ്രവർത്തനക്ഷമമാണെന്ന് സ്‌കൂളുകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു. സൂര്യാഘാതത്തെ നേരിടാനുള്ള പ്രതിവിധികൾ സ്കൂളുകളിൽ ഒരുക്കിയിരിക്കണം. പെട്ടെന്ന് ചികിത്സ ലഭ്യമാക്കുന്നതിനായി ഒആർഎസ് ലായനി അല്ലെങ്കിൽ ഉപ്പ്, പഞ്ചസാര ലായനി എന്നിവയുടെ ചെറിയ പായ്ക്കറ്റുകൾ സ്കൂളുകളിൽ ശേഖരിച്ചിരിക്കണം. സൂര്യാഘാതം ഉണ്ടായാൽ വിദ്യാർഥികൾക്ക് പ്രഥമശുശ്രൂഷ നൽകുന്നതിന് അധ്യാപക-അനധ്യാപക ജീവനക്കാർക്ക് പരിശീലനം നൽകണം.

കൊടുംചൂടിനിടയിലും പരീക്ഷയെഴുതാൻ നിരവധി വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഇവർക്ക് ആവശ്യമെങ്കിൽ പരീക്ഷാ ഹാളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നും മന്ത്രാലയം പരീക്ഷാ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ കാത്തിരിപ്പ് കേന്ദ്രം തണലുള്ള സ്ഥലത്തായിരിക്കണം മാത്രമല്ല ഇവിടെ കുടിവെള്ളം ലഭ്യമാക്കുകയും വേണം. ഏതെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ പരീക്ഷാ കേന്ദ്രങ്ങളെ പ്രാദേശിക ആരോഗ്യ പ്രവർത്തകരുമായും മെഡിക്കൽ സെന്ററുകളുമായും ബന്ധിപ്പിക്കണം എന്നും മാർഗനിർദേശത്തിൽ പറയുന്നു.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മെയ് 7 മുതലും മധ്യ ഇന്ത്യയിൽ മെയ് 8 മുതലും ഉഷ്ണതരംഗം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഈ ആഴ്ചയുടെ തുടക്കത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് തുറന്ന് പ്രവർത്തിച്ചു തുടങ്ങിയത്. അതിനാൽ വിദഗ്ധർ നിർദ്ദേശിച്ചതുപോലെ, ചൂട് കാരണം സ്കൂളുകൾ അടയ്ക്കുക എന്ന മാർ​ഗം നിലവിൽ സ്വീകാര്യമല്ല.

സ്കൂൾ സമയം പരിഷ്കരിക്കുക, സ്കൂളിന് പുറത്തുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ഒആർഎസ്, ഗ്ലൂക്കോസ് പായ്ക്കറ്റുകൾ ശേഖരിക്കുക, ജലാംശം നിലനിർത്താൻ കുട്ടികളെ നിരന്തരം പ്രേരിപ്പിക്കുക എന്നിവയാണ് ഉഷ്ണ തരം​ഗത്തെ നേരിടാൻ ദേശീയ തലസ്ഥാന മേഖലയിലെ സ്കൂളുകൾ സ്വീകരിക്കേണ്ട നടപടികൾ.

ഉഷ്ണ തരം​ഗം നേരിടുന്നതിനുള്ള ഒരുക്കങ്ങളും മൺസൂൺ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി മെയ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നിരുന്നു. ഉഷ്ണതരംഗം, തീപിടുത്തം എന്നിവ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഈ യോ​ഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more