1 GBP = 104.30
breaking news

ബിജെപി പരിപാടിക്കെതിരെ കര്‍ഷകപ്രതിഷേധം

ബിജെപി പരിപാടിക്കെതിരെ കര്‍ഷകപ്രതിഷേധം

ഡല്‍ഹി: കര്‍ഷകപ്രതിഷേധം ശക്തമായതോടെ ഹരിയാനയിലെ കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നും അതുകൊണ്ട് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങളെ അനുകൂലിച്ച് ബിജെപിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

പരിപാടിക്കെതിരെ പ്രതിഷേധവുമായി നൂറു കണക്കിന് കര്‍ഷകര്‍ ട്രാക്ടറില്‍ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് എത്തിയതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പൊലീസിന്റെ അതിക്രമങ്ങളെ അതിജീവിച്ചും കര്‍ഷകര്‍ മുന്നോട്ട് നീങ്ങി. ഖട്ടാര്‍ ഇറങ്ങാനിരുന്ന ഹെലിപാഡും കര്‍ഷകര്‍ കയ്യടക്കിയിരുന്നു. ഇതിനിടെ പരിപാടി നടക്കുന്ന വേദി കര്‍ഷകര്‍ തകര്‍ത്തെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. എന്നാല്‍, വേദി തകര്‍ത്തതില്‍ കര്‍ഷകര്‍ക്കോ കര്‍ഷക സംഘടനകള്‍ക്കോ പങ്കില്ലെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചില ബിജെപി അനുഭാവികളാണ് വേദി തകര്‍ത്തതെന്നും അത് കര്‍ഷകരുടെ മേല്‍ചാര്‍ത്താനാണ് ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ഖട്ടറിന്റെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലെ രംഗത്തെത്തിയിരുന്നു. അന്നം തരുന്ന കര്‍ഷകരുടെ അവസ്ഥയെ മുതലെടുക്കരുതെന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്നും സുര്‍ജേവാലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പഞ്ചാബിലെ ജലന്ധറില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിക്കെതിരെയും കര്‍ഷകര്‍ പ്രതിഷേധപ്രകടനം നടത്തി. സമാധാനപരമായി പ്രകടനം നടത്തിയ കര്‍ഷകരെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതോടെ സ്ഥലത്തും സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more