1 GBP = 104.63
breaking news

അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യെമനില്‍ എത്തുമായിരുന്നു: അശോകന്‍

അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയ യെമനില്‍ എത്തുമായിരുന്നു: അശോകന്‍

 

 

ദില്ലി: അമ്പിളി പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഹാദിയ (അഖില) ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യയായി യമനില്‍ എത്തുമായിരുന്നുവെന്ന് സുപ്രിം കോടതിയില്‍ അശോകന്റെ പുതിയ സത്യവാങ്മൂലം. ഫാസില്‍ മുസ്തഫ- ഷെറിന്‍ ഷഹാന ദമ്പതികളുമായി അഖില(ഹാദിയ)യുടെ ബന്ധത്തെ കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നാണ് ആവശ്യം. കേരള പൊലീസിന്റെ ഓപ്പറേഷന്‍ പീജിയന്‍ലൂടെ (Operation Pigeon) 350 പേരെ ഐഎസില്‍ ചേരുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചു എന്നും അശോകന്‍ വ്യക്തമാക്കി.

ഹാദിയ കേസില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ ആണ് തന്റെ മകളെ യെമനിലേക്ക് കൊണ്ട് പോകാന്‍ നടന്ന ആദ്യ ശ്രമത്തെ കുറിച്ച് അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയുടെ അടുത്ത സുഹൃത്തായ അമ്പിളിയില്‍ നിന്ന് സമീപകാലത്ത് ആണ് ഇക്കാര്യം അറിഞ്ഞത് എന്നും സത്യവാങ്മൂലത്തില്‍ അശോകന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകള്‍ അഖില (ഹാദിയ) 2015 ല്‍ മലപ്പുറം സ്വദേശിയായ ഷാനിബുമായി
നടത്തിയ ഇന്റര്‍നെറ്റ് ചാറ്റിങ്ങിലൂടെ ആണ് അഖില ഇസ്ലാം മതത്തിലേക്ക് ആകൃഷ്ട ആകുന്നത് എന്ന് അശോകന്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നു.

ഷാനിബ് തന്റെ മൂത്ത സഹോദരി ആയ ഷെറിന്‍ ഷഹാനയെ അഖിലയ്ക്ക് (ഹാദിയ) പരിചയെപ്പെടുത്തി. ഫാസില്‍ മുസ്തഫയുടെ ഭാര്യയാണ്ഷെറിന്‍ ഷഹാന. ഈ ദമ്പതികളുമായുള്ള പരിചയത്തിനിടയില്‍ അഖിലയ്ക്ക് ഫാസില്‍ മുസ്തഫ രണ്ട് വാഗ്ദാനങ്ങള്‍ നല്‍കി. യെമനിലേക്ക് ഒരു യാത്രയും, തന്റെ രണ്ടാം ഭാര്യ പദവിയും. ഇതിനിടെ ഫാസില്‍ മുസ്തഫയും ഷെറിന്‍ ഷഹാനയും അഖിലയെ (ഹാദിയ) എറണാകുളത്തേക്ക് കൊണ്ട് പോയി. അഖില (ഹാദിയ) മുസ്ലിം മത്തിലേക്ക് മാറിയതായി വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം സംഘടിപ്പിച്ചു. പല പേരുകളില്‍ നിന്ന് ആസിയ എന്ന പേര് ഈ ദമ്പതികള്‍ അഖിലയ്ക്ക് (ഹാദിയ) തെരെഞ്ഞെടുത്തു എന്നും അശോകന്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ഇതിനിടെ അടുത്ത സുഹൃത്തും സ്‌കൂളിലെ സഹപാഠിയുമായ അമ്പിളിയോട് അഖില (ഹാദിയ) ഫാസില്‍ മുസ്തഫയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞു. മുസ്ലിം ആയ ഫാസില്‍ മുസ്തഫയുടെ രണ്ടാം ഭാര്യ ആകുന്നതില്‍ നിന്ന് അഖിലയെ (ഹാദിയ) അമ്പിളി പിന്തിരിപ്പിച്ചു. ഇതോടെ ഫാസില്‍ മുസ്തഫയും ആയുള്ള വിവാഹത്തില്‍ നിന്ന് അഖില പിന്മാറി. ഇതേ തുടര്‍ന്ന് അഖിലയെ (ഹാദിയ) യെമനിലേക്ക് കൊണ്ട് പോകാന്‍ ഉളള പദ്ധതി ഫാസില്‍ മുസ്തഫയും ഷെറിന്‍ ഷഹാനയും ഉപേക്ഷിച്ചു.

പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമായിരുന്നതായും, ഈ കണ്ടെത്തലുകള്‍ കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മംഗലാപുരത്ത് എത്തുകയാണെങ്കില്‍ യെമനിലേക്ക് കൊണ്ട് പോകാം എന്ന വാഗ്ദാനം ഷെറിന്‍ ഷഹാന നല്‍കിയിരുന്നതായി കേരള പോലീസ് കണ്ടെത്തിയിരുന്നു. യെമനിലേക്ക് കൊണ്ട് പോകാന്‍ ഫാസില്‍ മുസ്തഫയും ഭാര്യ ഷെറിന്‍ ഷഹാനയും നടത്തിയ ശ്രമങ്ങളെ സംബന്ധിച്ച് കേരള പോലീസ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ഷെറിന്‍ ഷഹാനയും ഫാസില്‍ മുസ്തഫയും അഖിലയെ (ഹാദിയ) യെമനിലേക്ക് കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി കേരള പോലീസിന്റെ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശദമായ തുടര്‍ അന്വേഷണം ഉണ്ടായിട്ടില്ല എന്ന് അശോകന്‍ ആരോപിക്കുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ പരിശോധിക്കാന്‍ ഹൈകോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഷെറിന്‍ ഷഹാന -ഫാസില്‍ മുസ്തഫ ദമ്പതികളും ആയി അഖിലയുടെ (ഹാദിയ) ബന്ധത്തെ കുറിച്ച് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കണം എന്നും അശോകന്‍ ആവശ്യപ്പെടുന്നു. അഖിലയെ (ഹാദിയ) നിരവധി തവണ വിദേശത്തേക്ക് കൊണ്ട് പോകാകാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ വിദേശത്തേക്ക് കൊണ്ട് പോകുന്നത് എന്തിന് എന്ന കാര്യം അഖിലയ്ക്ക് (ഹാദിയ) അറിയില്ലായിരുന്നു എന്നും അശോകന്‍ വ്യക്തമാക്കുന്നു.

ഇസ്ലാമിക സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലത്തേക്ക് മാറാനുള്ള കേസിലെ എതിര്‍കക്ഷികളുടെ ശ്രമം ഹാദിയ എതിര്‍ത്തിട്ടില്ല. അഖിലയെ (ഹാദിയ) വിദേശത്തേക്ക് കൊണ്ട് പോകാകാനുള്ള ഹീനമായ ഗൂഢാലോചന സംബന്ധിച്ച് വിവിധ ഘട്ടങ്ങളിലായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും വ്യക്തമാക്കിയിട്ടുള്ളത് താന്‍ ആണ്. എന്നാല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത 25 പേജ് ദൈര്‍ഘ്യം ഉള്ള സത്യവാങ്മൂലത്തില്‍ ഒരിടുത്ത്പോലും അഖില (ഹാദിയ) അതിനെ എതിര്‍ത്തിട്ടില്ല എന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു.

2016 ജൂലൈ യില്‍ തന്നോട് നടത്തിയ രണ്ട് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ സിറിയയില്‍ ആട് മേയ്ക്കാന്‍ പോകുന്നതിനുള്ള താത്പര്യം അഖില (ഹാദിയ) അറിയിച്ചിരുന്നു. കഴിഞ്ഞ തവണ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ ഈ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ കോടതിയില്‍ വായിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ശ്രമം നടന്നു. അതേസമയം ഈ ടെലിഫോണ്‍ സംഭാഷണത്തെയോ, സിറിയയില്‍ പോകാന്‍ ഉള്ള പദ്ധതിയെയോ അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല എന്നും അശോകന്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് ശേഷം ഷെഫിന്‍ ജഹാന്‍ മസ്‌കറ്റിലേക്ക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനെ കുറിച്ചും അഖില (ഹാദിയ) നിഷേധിച്ചിട്ടില്ല. ഹൈക്കോടതി ഷെഫിന്‍ ജഹാന്റെ ഈ ശ്രമങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. താന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നില്ല എങ്കില്‍ ഇതിനോടകം തന്നെ മകളെ വിദേശത്തേക്ക് കടത്തുമായിരുന്നു എന്നും അശോകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന യുവാക്കളെയും യുവതികളെയും കണ്ടെത്തി അവരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ ഉള്ള സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ വ്യക്തമായ ഒരു സംഘടന ശൃംഖല കേരളത്തില്‍ നിലവിലുണ്ടെന്ന് അശോകന്‍ ആരോപിക്കുന്നു. ഐഎസ്ഐഎസ്, ഹിസ്ബുള്‍ മുജാഹദീന്‍, ലഷ്‌കര്‍ ഇ തോയ്ബ എന്നീ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രന്റ്, എസ്ഡിപിഐ എന്നിവയുടെ വിവിധ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവ ആണ് യുവാക്കളെയും യുവതികളെയും മതം മാറ്റി വിദേശത്തേക്ക് കടത്തുന്നത്.

കേരളത്തിൽ നിന്ന് ഇതിനോടകം നൂറോളം പേരെ ഐഎസില്‍ ചേർന്നിട്ടുണ്ട് എന്നാണ് കേരള പോലീസിന്റെ കണ്ടെത്തൽ എന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. തീവ്രചിന്താഗതിയുള്ളവരെ പിന്തിരിപ്പിക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതി ആയ ‘ഓപ്പറേഷൻ പീജിയനി’ലൂടെ 350 പേരെ ഐഎസില്‍ ചേരുന്നതിൽ നിന്ന് തടയാൻ സാധിച്ചു എന്നും അശോകൻ സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

 

കേരളത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർ വ്യത്യസ്ത പേരുകളും രൂപ ഭാവങ്ങളും സ്വീകരിക്കാറുണ്ട്.
ഇത് പോലീസിന്റെ നിരീക്ഷണ വലയത്തിൽ നിന്ന് രക്ഷപെടാൻ ആണ്. സ്വതന്ത്രവും ഉയർന്ന വിദ്യാഭ്യാസമുള്ളതുമായ
വ്യക്തികൾ വിശദീകരണങ്ങൾ ഒന്നും ഇല്ലാതെ വ്യത്യസ്ത പേരുകൾ സ്വീകരിക്കാൻ ഇടയില്ല എന്നും അശോകൻ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് പേരുകൾ വിവിധ ഘട്ടങ്ങളിൽ ആയി അഖില സ്വീകരിച്ചിരുന്നു എന്ന് അശോകൻ ചൂണ്ടിക്കാട്ടുന്നു. അസിയ, അദ് യ, അദ്യ, ആദിയ, ഹാദിയ. എന്നാൽ എന്ത് കൊണ്ടാണ് വിവിധ പേരുകൾ സ്വീകരിച്ചത് എന്ന് അഖില (ഹാദിയ) സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടില്ല. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാകട്ടെ അഖില എന്ന യഥാർത്ഥ പേരും പരാമർശിച്ചിട്ടുണ്ട് എന്നും അശോകൻ സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

അഭിഭാഷനായ എ രഘുനാഥ് ആണ് അശോകന്റെ സത്യവാങ് മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. സത്യവാങ്മൂലം വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more