1 GBP =
breaking news

മാഞ്ചസ്റ്റർ തിരുന്നാളിനെ സംഗീത സാന്ദ്രമാക്കാൻ എത്തിച്ചേർന്ന ഫാ.വിൽസൻ മേച്ചേരിക്കും, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിനും ഊഷ്മള സ്വീകരണം…

മാഞ്ചസ്റ്റർ തിരുന്നാളിനെ സംഗീത സാന്ദ്രമാക്കാൻ എത്തിച്ചേർന്ന ഫാ.വിൽസൻ മേച്ചേരിക്കും, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിനും ഊഷ്മള സ്വീകരണം…
അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ:- വിഖ്യാതമായ മാഞ്ചസ്റ്റർ തിരുന്നാളിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാർക്ക് ഡേവിസ് കൊടിയേറ്റിയതോടെ തുടക്കം കുറിച്ച് തിരുന്നാളാഘോഷങ്ങൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. നാടൊന്നിച്ച് നാട്ടുകാരൊന്നിച്ച് തിരുന്നാളിനായി അവസാന വട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ആഘോഷങ്ങളുടെ ഭാഗമായ ഗാനമേളക്ക് നേതൃത്വം കൊടുക്കുന്ന അനുഗ്രഹീത ഗായകൻ ഫാ.വിൽസൻ മേച്ചേരിയും, ഗ്രാമി അവാർഡ് ജേതാവും പ്രശസ്ത വയലിസ്റ്റുമായ മനോജ് ജോർജും മാഞ്ചസ്റ്ററിലെത്തി. ഓസ്ട്രിയയിൽ നിന്നും മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിച്ചേർന്ന വിൽസനച്ചനെയും, ലണ്ടനിൽ നിന്നും ട്രെയിൻ മാർഗ്ഗം മാഞ്ചസ്റ്റർ എയർ പോർട്ട് സ്റ്റേഷനിലെത്തിച്ചേർന്ന മനോജ് ജോർജിനെയും സെൻറ്.തോമസ് സീറോ മലബാർ കമ്യൂണിറ്റിക്ക് വേണ്ടി ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, തിരുന്നാൾ കമ്മിറ്റി കൺവീനർമാരായ ജയ്സൻ ജോബ്, സജിത്ത്  തോമസ്, അലക്സ് വർഗ്ഗീസ്, ജോജോ തോമസ് എന്നിവർ ചേർന്ന് ഹൃദ്യമായ വരവേല്പ് നല്കി.
ഇന്നും നാളെയുമായി നടക്കുന്ന പ്രാക്ടീസിന് ശേഷം ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് വിഥിൻഷോ ഫോറം സെൻററിൽ വച്ച് ഗാനമേള അരങ്ങേറുന്നത്. വിൽസനച്ചന്റെ മധുര ഗാംഭീര ശബ്ദത്തിനും, മനോജ് ജോർജിന്റെ വയലിനിലെ മാസ്മരിക പ്രകടനത്തിനും അകമ്പടിയായി നൃത്തച്ചുവടുമായി മാഞ്ചസ്റ്ററിലെ കലാകാരൻമാരും അണിനിരക്കുമ്പോൾ കാണികൾക്ക് ഉജ്ജ്വലമായ നാദലയവിസ്മയമായ ഒരു കലാവിരുന്ന്
ആസ്വദിക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല.
ഫാ. വിൽസൻ മേച്ചേരിക്കൊപ്പം യുകെയിൽ നിന്നും ഗായിക അഷീറ്റാ സേവ്യർ, മുകേഷ് കണ്ണൻ (കീ ബോർഡ്), ജോയി ഡ്രംസ്, സിജോ ജോസ് (പിയാനോ), ചാൾസ് (ബാസ് ഗിത്താർ), സന്ദീപ് (തബല) തുടങ്ങി എട്ടോളം കലാകാരൻമാരുൾപ്പെടുന്ന ഓർക്കസ്ട്രയുടെ സഹായത്തോടെയാണ് ഗാനമേള വേദിയിൽ എത്തുന്നത്. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ടെങ്കിലും ബാക്കിയുള്ള കുറച്ച് ടിക്കറ്റുകൾ  ഗാനമേള നടക്കുന്ന ദിവസം ഫോറം സെൻററിലെ കൗണ്ടർ വഴി  ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ന്  സീറോ മലങ്കര ചാപ്ലയിൻ റവ.ഫാ.രഞ്ജിത്ത് മടത്തറമ്പിൽ മങ്കര റീത്തിൽ ദിവ്യബലി അർപ്പിച്ചു,  നാളെ വെള്ളിയാഴ്ച റവ.ഫാ.ജിനോ അരീക്കാട്ട് സീറോ മലബാർ റീത്തിൽ ദിവ്യബലി അർപ്പിക്കും. ലദീഞ്ഞും മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.
30 ന് ശനിയാഴ്ച രാവിലെ 10 ന്   സെന്റ്. ആന്റണീസ് ഇടവക വികാരി റവ.ഫാ. നിക്ക് കേൻ ഇംഗ്ലീഷിൽ ദിവ്യബലിയർപ്പിക്കും. എല്ലാ ദിവസവും മദ്ധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുനാൾ ദിവസമായ അടുത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ സെന്റ്. ആൻറണീസ് ദേവാലയത്തിൽ  അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി ആരംഭിക്കും. ദിവ്യബലിക്ക് ശേഷം പ്രശസ്തമായ മാഞ്ചസ്റ്റർ തിരുനാളിന്റെ മുഖ്യ ആകർഷണമായ ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണത്തിൽ  വിശുദ്ധരുടെ തിരുസ്വരൂപങ്ങൾക്കൊപ്പം
പൊൻ – വെള്ളിക്കുരിശുകളും,  ഐറിഷ് ബാന്റ്, ചെണ്ടമേളം, വിശുദ്ധരുടെ ഫ്ലക്സുകൾ, വിവിധ നിറത്തിലുള്ള കൊടികൾ, മുത്തുക്കുടകൾ എന്നിവയെല്ലാം  ഉണ്ടായിരിക്കും.
മാഞ്ചസ്റ്റർ വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന    പ്രദക്ഷിണത്തിൽ പങ്കുകൊള്ളുവാനും കാണുവാനുമായി നാനാജാതി മതസ്ഥരായവരും, ഇംഗ്ലീഷുകാരും ധാരാളമായി എത്തിച്ചേരാറുണ്ട്. പോലീസ്  റോഡുകളിൽ വാഹനം നിയന്ത്രിച്ചാണ് പ്രദക്ഷിണത്തിന് വഴിയൊരുക്കുന്നത്.
പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കുർബാനയുടെ വാഴ്‌വ്, ലദീഞ്ഞ് സമാപനാ ആശീർവാദം എന്നി ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുനതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 തുടർന്ന് പാച്ചോർ വിതരണവും, സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
യു കെയിൽ ആദ്യമായി സീറോ മലബാർ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിലായിരുന്നു.
 “യു കെയിലെ മലയാറ്റൂർ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഏറ്റവും പുരാതനവും പ്രശസ്തവുമായ മാഞ്ചസ്റ്റർ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി നാടിന്റെ നിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥരായ ആയിരങ്ങൾ എല്ലാവർഷവും ഒത്ത് ചേരാറുണ്ട്. തിരുന്നാളിൽ സംബന്ധിക്കാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ബിജു ആന്റണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ തിരുന്നാളാഘോഷകൾക്ക് നേതൃത്വം കൊടുക്കുന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:-
ബിജു ആന്റണി      – O7809295451,
സുനിൽ കോച്ചേരി – O7414842481,
ടിങ്കിൾ ഈപ്പൻ        – 07988428996
ദേവാലയത്തിന്റെ വിലാസം:-
ST. ANT0NYS CHURCH,
65 DUNKERY ROAD,
WYTHENSHAWE,
M22 OWR.
ഗാനമേള നടക്കുന്ന ഹാളിന്റെ വിലാസം:-
FORUM  CENTRE,
SIMONS WAY,
WYTHENSHAWE,
M22 5 RX.

Post Your Comments Here ( Click here for malayalam )

Press Esc to close
show more