1 GBP = 104.17
breaking news

അഭയക്കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് ഫാദര്‍ പൂതൃക്കയില്‍

അഭയക്കേസില്‍ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെന്ന് ഫാദര്‍ പൂതൃക്കയില്‍

 

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാദര്‍ ജോസ് പൂതൃക്കയില്‍. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫാദര്‍ ജോസ് പൂതൃക്കയിലിന്റെ വാദം അംഗീകരിച്ച് ഇദ്ദേഹത്തെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ മറ്റ് രണ്ട് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കൊലപാതക കുറ്റത്തിന് വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ ഫാദര്‍ പൂതൃക്കയില്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

ദൈവത്തിന്‍റെ കയ്യൊപ്പുള്ള വിധിയാണിത്. അഭയ കേസില്‍ അപക്വമായ ഒരു പെരുമാറ്റം പോലും തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു- ഫാദര്‍ ജോസ് പൂതൃക്കയില്‍ പറഞ്ഞു.

തനിക്കൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഫാദര്‍ തോമസും സിസ്റ്റര്‍ സെഫിയും കൂടി കുറ്റവിമുക്തരായാലെ തന്റെ സന്തോഷം പൂര്‍ണമാകുകയുള്ളൂവെന്നും നിയമത്തിന്റെ വഴിയിലൂടെ പോയി അക്കാര്യം സാധിച്ചെടുക്കാമെന്ന് ഉറച്ചവിശ്വാസമുണ്ടെന്നും ഫാദര്‍ പൂതൃക്കയില്‍ പറഞ്ഞു.

നിയമ യുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും താന്‍ നടത്തി. തന്‍റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ദൈവത്തിന്‍റെ കാരുണ്യം കൊണ്ടാണ്. കേസ് അവസാനിച്ച ശേഷം പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നു കാട്ടുമെന്നും ജോസ് പുതൃക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പുരോഹിതനായത് കൊണ്ടാണ് തനിക്കെതിരെ കേസുണ്ടായത്. പൗരോഹിത്യത്തെ ഒാര്‍ത്ത് താനൊരു നിമിഷം പോലും നിരാശനായിട്ടില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പുരോഹിതനായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ദൈവം എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്ക് ആരോടും പിണക്കമില്ലെന്നും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെന്നും ജോസ് പൂതൃക്കയില്‍ പറഞ്ഞു.

സിസ്റ്റര്‍ അഭയ മരിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ല. സിസ്റ്റര്‍ അഭയ എന്‍റെ വിദ്യാര്‍ഥിയായിരുന്നു. അഭയക്ക് നീതി കിട്ടണം. മറ്റ് സമ്മര്‍ദങ്ങളില്ലാതെ ദൈവത്തിന്‍റെ വഴിയിലൂടെ പോകുമ്പോള്‍ നീതി കിട്ടുമെന്നും ജോസ് പൂതൃക്കയില്‍ പ്രത്യാശിച്ചു.

1992ല്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളെജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more