1 GBP = 104.38
breaking news

മത്സ്യങ്ങളിൽ ഫോർമാലിൻ: മന്ത്രി അടിയന്തര യോഗം വിളിച്ചു

മത്സ്യങ്ങളിൽ ഫോർമാലിൻ: മന്ത്രി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ വൻതോതിൽ പിടിച്ചെടുത്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.കെ ശൈലജ അടിയന്തര യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് യോഗം. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച ഫോർമാലിൻ കലർന്ന ഒൻപതര ടൺ മത്സ്യമാണ് പിടികൂടിയത്. ഇതിൽ ഏഴ് ടണ്ണും ചെമ്മീനാണ്. തമിഴ്നാട്ടിലെ രാമേശ്വരം, തൂത്തുക്കുടി എന്നീ തുറമുഖങ്ങളിൽ നിന്നാണ് വിഷമതസ്യമെത്തിയത്.

ഇതുവരെ പിടികൂടിയത് 21,600 കിലോ മത്സ്യം

പൊതുവെ മത്സ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ കറി ഇല്ലാതെ ചോറുണ്ണുക എന്നത് സങ്കൽപിക്കാൻപോലും കഴിയാത്തവരാണ് ഏറെയും. എന്നാൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അത്ര ശുഭകരമായ വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തുന്നുവെന്നതാണ് റിപ്പോർട്ടുകൾ. ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന ‘ഓപ്പറേഷൻ സാഗർ റാണി’ വഴി ഈ മാസം ഇതുവരെ പിടികൂടിയത് ഫോർമാലിൻ കലർന്ന 21,600 കിലോ മത്സ്യമാണ്.

മുമ്പ് നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6‌000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നും നേരത്തെ പിടിച്ചെടുത്ത 6000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളാരംഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നും അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കാണ് ചെമ്മീന്‍ കൊണ്ടുവന്നത്.

വിഷമത്സ്യമൊഴുക്ക് ട്രോളിംഗ് നിരോധനത്തിന്റെ മറപിടിച്ച്

ജൂൺ പത്തിന് കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ഈ സമയത്ത് ചെറുവള്ളങ്ങളിലെ മത്സ്യബന്ധനത്തിന് മാത്രമേ അനുമതിയുള്ളൂ. ഇത് മുൻകൂട്ടി കണ്ടാണ് ഇതര സംസ്ഥാന മത്സ്യവ്യാപാരികൾ കരുക്കൾ നീക്കിയത്. മീൻ കേട് കൂടാതെ സൂക്ഷിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിച്ച് മീൻ സൂക്ഷിക്കുന്ന രീതിയാണ് അതിന് അവർ അവലംബിച്ചത്.ഇതിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. ‌ഇത് മനസിലാക്കിയാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ സാഗർ റാണിയുമായി മുന്നോട്ടുപോയത്. മൂന്നാംഘട്ട പരിശോധനയിലാണ് ഫോർമാലിൻ കലർന്ന മത്സ്യം വൻതോതിൽ പിടിച്ചെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more