1 GBP = 104.17
breaking news

ലോകകപ്പ് കിക്കോഫ് നവംബർ 20ന്

ലോകകപ്പ് കിക്കോഫ് നവംബർ 20ന്

ദോഹ: ഖത്തർ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിക്കും. നവംബർ 21ന് നടക്കേണ്ടിയിരുന്ന ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ കരുത്തരായ എക്വഡോറും തമ്മിലെ ഉദ്ഘാടന മത്സരം ഒരു ദിവസം നേരത്തെയാക്കാനുള്ള നിർദേശത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. 

ഇതോടെ, 21ന് ഉച്ച ഒരു മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്നു നെതർലൻഡ്സും സെനഗാളും തമ്മിലെ മത്സരം അതേ ദിവസം രാത്രി ഏഴിലേക്ക് മാറ്റി. മുൻനിശ്ചയിച്ചതിൽ നിന്നു ഒരു ദിവസം നേരത്തെയാക്കിയതോടെ ലോകകപ്പ് കൗണ്ട്ഡൗണിന്‍റെ 100 ദിനം എന്ന മാജിക്കൽ നമ്പറിന് വെള്ളിയാഴ്ച തുടക്കമായി. ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിലെ കാലങ്ങളായുള്ള പാരമ്പര്യം നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉദ്ഘാടന മത്സരം ആദ്യമാക്കാൻ തന്നെ തീരുമാനിച്ചത്. 

നേരത്തെയുള്ള ഷെഡ്യൂൾ പ്രകാരം, ഉച്ച ഒന്നിന് സെനഗാൾ-നെതർലൻഡ്സ്, നാലിന് ഇംഗ്ലണ്ട്-ഇറാൻ (ഖലീഫ സ്റ്റേഡിയം) എന്നീ മത്സരങ്ങൾക്കു ശേഷമായിരുന്ന രാത്രി ഏഴോടെ ആതിഥേയരും എക്വഡോറും തമ്മിലെ ഉദ്ഘാടന മത്സരം നിശ്ചയിച്ചത്. എന്നാൽ, ആതിഥേയരോ, അല്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാരോ കളിക്കുന്ന മത്സരത്തോടെ ടൂർണമെന്‍റ് തുടങ്ങുകയെന്നതാണ് കാലങ്ങളായുള്ള ലോകകപ്പിലെ കീഴ്വഴക്കം. 

ഇതു നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഉദ്ഘാടന മത്സരം നവംബർ 20ലേക്ക് മാറ്റാനുള്ള നിർദേശത്തിന് ഫിക്സ്ചർ ചുമതലയുള്ള ബ്യൂറോ ഓഫ് കൗൺസിൽ ഐക്യകണ്ഠ്യേനെ അംഗീകാരം നൽകിയത്. രണ്ടു കളികളുടെ സമയമാറ്റമല്ലാതെ ഫിക്സ്ചറിൽ മറ്റു വ്യത്യാസങ്ങളൊന്നുമില്ല. ഈ മത്സരങ്ങൾക്ക് ടിക്കറ്റെടുത്ത കാണികൾക്ക് അതേ ടിക്കറ്റുപയോഗിച്ചു തന്നെ കളികാണാവുന്നതാണ്. 

ഇതുസംബന്ധിച്ച അറിയിപ്പ് ടിക്കറ്റ് ഉടമകൾക്ക് ഇ-മെയിൽ വഴി നൽകുമെന്ന് ഫിഫ അറിയിച്ചു. തീയതി മാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more