1 GBP = 104.21
breaking news

ദേവസഹായം പിള്ള ഇനി വിശുദ്ധൻ; രാജ്യത്തു നിന്നും ഈ പദവി നേടുന്ന ആദ്യ അൽമായ രക്തസാക്ഷി

ദേവസഹായം പിള്ള ഇനി വിശുദ്ധൻ; രാജ്യത്തു നിന്നും ഈ പദവി നേടുന്ന ആദ്യ അൽമായ രക്തസാക്ഷി

ദേവസഹായം പിള്ള ഇനി വിശുദ്ധൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഈ പദവിയിൽ എത്തുന്ന ഇന്ത്യയിൽ നിന്നുമുള്ള ആദ്യ അൽമായ രക്തസാക്ഷി എന്ന പ്രത്യേകത കൂടിയുണ്ട് അദ്ദേഹത്തിന്.

ദേവസഹായം പിള്ള എന്നറിയപ്പെടുന്ന ലസാറസ്, 18-ാം നൂറ്റാണ്ടിൽ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ്. തന്റെ വിശ്വാസം ഉയർത്തിപ്പിടിച്ചതിന് 1752 ജനുവരി 14-ന് ആറൽവായ്മൊഴി വനത്തിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. പഴയ തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിള്ള. മാർത്താണ്ഡവർമ്മ രാജാവിന്റെ കീഴിൽ തിരുവിതാംകൂർ സൈന്യത്തിന്റെ കമാൻഡറായിരിക്കെ, ഡച്ച് നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ഡി ലനോയ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നു.

1712 ഏപ്രിൽ 23-ന് വിളവങ്കോട് താലൂക്കിലെ നട്ടാലത്ത് വാസുദേവൻ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ നാമം നീലകണ്ഠപിള്ള എന്നാണ്. അദ്ദേഹത്തിന്റെ പിതാവ് ബ്രാഹ്മണ സമുദായത്തിൽ നിന്നും അമ്മ നായർ വിഭാഗത്തിൽ നിന്നുമായിരുന്നു. തിരുവിതാംകൂർ സംസ്ഥാനത്ത് പട്ടാളക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പദ്മനാഭപുരം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായി. കൊട്ടാരം ഉദ്യോഗസ്ഥനെന്ന നിലയിൽ മൂന്നാമത്തെ ജോലിക്കിടെയാണ് ഡി ലാനോയിയുമായി സൗഹൃദത്തിലായത്.
ദേവസഹായം പിള്ളയെ 2012 ഡിസംബർ രണ്ടിന് കോട്ടാറിൽ വെച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2020-ൽ അദ്ദേഹം വിശുദ്ധ പദവിക്ക് അർഹനായതായി പ്രഖ്യാപിക്കപ്പെട്ടു. ഈ അവസരത്തിന്റെ സ്മരണയ്ക്കായി, കന്യാകുമാരിയിലെ കോട്ടാർ രൂപതയിലെ ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിച്ചിട്ടുണ്ട്. രൂപതയുടെ കത്തീഡ്രൽ ആയ നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്‌സ് പള്ളിക്കുള്ളിലെ അൾത്താരയ്ക്ക് സമീപം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്കരിച്ചിരിക്കുന്നു.

തിരുവനന്തപുരത്തെ ലത്തീൻ അതിരൂപത വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി വൈകിട്ട് പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടക്കുന്ന കൃതജ്ഞതക്കും പ്രത്യേക പ്രാർത്ഥനകൾക്കും ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ ദേശീയതല ആഘോഷം, ജൂൺ 5ന് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്തിരിക്കുന്ന പള്ളിയിൽ നടക്കും.

ബ്ലെസ്ഡ്സ് ടൈറ്റസ് ബ്രാൻഡ്‌സ്മ, സെസാർ ഡി ബസ്, ലൂയിജി മരിയ പാലാസോളോ, ജിയുസ്റ്റിനോ മരിയ റുസോലില്ലോ, ചാൾസ് ഡി ഫൂക്കോൾഡ്, മരിയ റിവിയർ, മരിയ ഫ്രാൻസെസ്ക, മരിയ ഓഫ് ജീസസ് സാന്റോകനാലെ, മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരാണ് ദേവസഹായത്തോടൊപ്പം വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more