1 GBP = 94.52
breaking news

കൊറോണ വൈറസ് – രോഗലക്ഷണങ്ങളും അത്യാവശ്യ മുൻകരുതലുകളും!

കൊറോണ വൈറസ് – രോഗലക്ഷണങ്ങളും അത്യാവശ്യ മുൻകരുതലുകളും!

സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)

ചൈനയിൽനിന്നും ആരംഭം കുറിച്ച കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘നോവൽ കൊറോണ വൈറസ്’ (കോവിഡ്-19) എന്ന പകർച്ചവ്യാധി കുറഞ്ഞ സമയത്തിനകം തന്നെ ലോകത്തിലെ അൻപതില്പരം രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.

വിനാശകാരിയായ ഈ പകർച്ചവ്യാധി ഇനിയും കൂടുതൽ മേഖലകളിലേക്ക് പടരാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി ലോകാരോഗ്യ സംഘടന, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, നാഷണൽ ഹെൽത്ത് സർവീസ് എന്നീ ഏജൻസികൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഈ രോഗത്തെ നേരിടാനാവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ഒരു വ്യക്തിയിൽനിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ മറ്റു വൈറസുകളെപ്പോലെതന്നെ, രോഗം ബാധിച്ച വ്യക്തികളുടെ ശ്വാസകോശത്തിൽനിന്നും നിർഗമിക്കുന്ന ജലകണങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കത്തിൽ ഏർപ്പെടുന്ന വ്യക്തികൾക്കാണ് രോഗം പടരുന്നത് എന്നാണ് പൊതുവിലുള്ള അനുമാനം. ഉദാഹരണത്തിന് ചുമക്കുന്ന രോഗിയുമായുള്ള സാമീപ്യമോ സമ്പർക്കമോ, രോഗി തുമ്മിയ ചുറ്റുവട്ടത്തിൽ നിൽക്കുകയോ പ്രതലങ്ങളിൽ സ്പര്ശിക്കുകയോ ചെയ്യുന്നതും രോഗം പകരാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വൈറസ് ബാധ തടയാനുള്ള മാർഗ്ഗങ്ങൾ:

 • വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടക്കിടക്ക് കഴുകി വൃത്തിയാക്കുക.
 • ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ ‘ഒറ്റ തവണ ഉപയോഗത്തിനായുള്ള’ ടിഷ്യൂ ഉപയോഗിച്ച് ജലകണങ്ങൾ അന്തരീക്ഷത്തിലേക്ക് തെറിക്കാത്തവിധം മറച്ചു പിടിക്കുക.
 • ഉപയോഗിച്ച ടിഷ്യൂകൾ സുരക്ഷിതമായി അപ്പോളപ്പോൾ തന്നെ അടപ്പുള്ള ചവറ്റുകുട്ടകളിൽ നിക്ഷേപിക്കുകയും ഓരോ തവണയും കൈ കഴുകി വൃത്തിയാക്കുകയും ചെയ്യുക.
 • ടിഷ്യൂ കൈവശമില്ലെങ്കിൽ വസ്ത്രഭാഗങ്ങൾ ഉപയോഗിച്ച് ചുമയും തുമ്മലും മറച്ചുപിടിക്കുക (ഒരിക്കൽ ഉപയോഗിച്ച വസ്ത്രഭാഗങ്ങൾ തുടർന്ന് ഉപയോഗിക്കരുത്).
 • വൃത്തിയാക്കാത്ത കൈകൾ കൊണ്ട് നിങ്ങളുടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്ശിക്കാതിരിക്കുക.
 • നിലവിൽ അസുഖം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

 

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊതുജനങ്ങൾക്ക് ഈ വൈറസ് ബാധിക്കാനുള്ള സാധ്യത ഇപ്പോൾ ‘താഴ്ന്ന’ നിലയിൽനിന്നും ‘മിതമായ’ നിലയിലേക്ക് ഉയർത്തിയിരിക്കയാണെന്ന് ഓർമിപ്പിക്കട്ടെ.

രോഗം പിടിപെട്ടവരിൽ മരണ സാധ്യത 1 മുതൽ 2 ശതമാനം മാത്രമാണെന്നാണ് ഈ മേഖലയിൽ പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ ഇതുവരെയുള്ള അനുമാനം. മരിച്ചവരിൽ കൂടുതലും പേർ പ്രായമായവരോ നേരത്തെതന്നെ മറ്റു മാരകമായ രോഗങ്ങൾ ബാധിച്ചു രോഗപ്രതിരോഗ ശേഷി കുറഞ്ഞവരോ ആണെന്നുള്ള വസ്തുത ഈ അനുമാനത്തിന് പിന്ബലമേകുന്നുണ്ട്.

ഫെബ്രുവരി 29 വരെ യുകെയിൽ 10,483 ആളുകളെ ഈ വൈറസ് പരിശോധനക്ക് വിധേയമാക്കിയപ്പോൾ കേവലം 23 പേർക്കുമാത്രമേ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളു.

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയുന്ന വിധം:

സാധാരണ ഒരു ചെറിയ പനിയോടെയാണ് ഈ വൈറസ് ബാധ തുടങ്ങുന്നത്. പിന്നീട് ചുമയും തുമ്മലും, ഒരാഴ്ചക്കുള്ളിൽ ദീര്ഘമായി ശ്വാസമെടുക്കുമ്പോൾ പ്രയാസമനുഭവപ്പെടുകയും ചെയ്യും. പേശികൾക്ക് വേദനയും പൊതുവെയുള്ള തളർച്ചയും അനുഭവപ്പെട്ടേക്കാം. കടുത്ത കോവിഡ്-19 വൈറസ് ബാധയെത്തുടർന്ന് ന്യൂമോണിയ, മാരക ശ്വാസകോശ രോഗങ്ങൾ (SARS), കിഡ്നി തകരാറുകൾ, മരണം എന്നിവ സംഭവിച്ചേക്കാം.

രോഗം ബാധിച്ചാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ:

താഴെപറയുന്ന ഏതെങ്കിലും ഒന്ന് ശരിയാണെങ്കിൽ യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള 111 സേവനങ്ങൾ ഉപയോഗപ്പെടുത്തുക:

https://111.nhs.uk/covid-19

 • നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെന്ന് ബോധ്യം വന്നിരിക്കുന്നു എങ്കിൽ
 • നിങ്ങൾ കംബോഡിയ, ചൈന, ഹോങ്കോങ്, വടക്കൻ ഇറ്റലി, ഇറാൻ, ജപ്പാൻ, ലാവോസ്, മക്കാവു, മലേഷ്യ, മ്യാൻമാർ (ബർമ), സിംഗപ്പൂർ, സൗത്ത് കൊറിയ, തായ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിൽ.
 • കൊറോണ വൈറസ് ബാധിച്ച ഏതെങ്കിലും വ്യക്തിയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെകിൽ.

രോഗികൾ നിർബന്ധമായും അനുവർത്തിക്കേണ്ട മാർഗനിർദേശങ്ങൾ:

 • വീട്ടിൽ നിന്നും പുറത്തിറങ്ങുകയോ, വീട്ടിലുള്ള മറ്റ് ആളുകളുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യരുത്.
 • രോഗബാധയുള്ളവർ ജി.പി സർജറിയിലോ, ഫർമസിയിലോ, ആശുപത്രിയിലോ പോകരുത്.
 • എൻ. എച്. എസ് 111 – ൽ ബന്ധപ്പെടുക.
 • നിങ്ങളുടെ വിശദംശങ്ങൾ പ്രാദേശിക രോഗ നിവാരണ സമിതിക്ക് കൈമാറുന്നതായിരിക്കും.
 • നിങ്ങളെ വൈറസ് ബാധ പരിശോധനക്ക് വിധേയമാക്കാനുള്ള സൗകര്യങ്ങൾ ഈ സമിതി ചെയ്യുന്നതായിരിക്കും.
 • ഒരു ഡോക്ടറോ നഴ്‌സോ തുടർ നടപടികളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ നിങ്ങള്ക്ക് ലഭ്യമാക്കുന്നതാണ്.

കൊറോണ വൈറസ് പരിശോധനാ സംവിധാനങ്ങൾ:

എൻ.എഛ്. എസ് 111 സർവീസ് നിങ്ങളുടെ വ്യക്തിഗത ചുറ്റുപാടുകൾക്ക് അനുസരിച്ചു പരിശോധനക്ക് വേണ്ടുന്ന മാർഗനിർദേശങ്ങൾ നൽകുന്നതായിരിക്കും. പ്രധാനമായും 3 തരത്തിലുള്ള പരിശോധനാ സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.

 • എൻ.എഛ്. എസ് കവചിത പേടകങ്ങളിൽ (isolation pods) നടത്തുന്ന പരിശോധന
 • സ്വയം കാറോടിച്ചു പരിശോധനാ കേന്ദ്രങ്ങളിൽ വരുന്ന രോഗിയെ, സ്വന്തം കാറിൽ ഇരുത്തിക്കൊണ്ടുള്ള പരിശോധന
 • എൻ.എഛ്. എസ് സ്റ്റാഫ് രോഗിയെ വീട്ടിൽ സന്ദർശിച്ചു നടത്തുന്ന പരിശോധന

കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്നുകളോ ചികിത്സാ രീതികളോ ഇപ്പോൾ നിലവിലില്ല. എന്നാൽ രോഗ ലക്ഷണങ്ങൾക്ക് (പനി, ചുമ, തുമ്മൽ, ശ്വാസ തടസ്സം, ക്ഷീണം) അനുസരിച്ചു് അവ ലഘൂകരിക്കാൻ സാധാരണ നൽകാറുള്ള മരുന്നുകൾ ലഭ്യമാക്കും.

കൊറോണ വൈറസിനെ തടുക്കാനുള്ള വാക്‌സിനു വേണ്ടിയുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. ഈ വര്ഷം അവസാനിക്കുന്നതിനു മുൻപുതന്നെ മനുഷ്യരിൽ പരീക്ഷിക്കുവാനുള്ള ശ്രമങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗത്തെ ഗവേഷകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more